കുരുന്നു ഇഫെയ്ന്‍ ഇമ്മാനുവലിന്റെ കുഞ്ഞു ഹൃദയത്തിന്റെ താളം ഇപ്പോൾ ക്രമത്തിലാണ് . ആ മുഖത്തെ ചിരി മാതാപിതാക്കളായ നൈജീരിയക്കാരന്‍ ആബിയയുടേയും ഭാര്യ തെരേസയുടേയും മുഖത്തും വിരിയുന്നു . പ്രതീക്ഷകളെല്ലാം അസ്തമിച്ചെന്ന് കരുതിയ ആ കുടുംബത്തെ ഇങ്ങ് കേരളത്തില്‍ ചിലര്‍ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചതോടെ ജീവിതത്തിന് വീണ്ടും ചിറക് മുളയ്ക്കുകയായിരുന്നു .
ഒരു വയസ്സുള്ളപ്പോഴാണ് ആബിയ ‑തെരേസ ദമ്പതികളുടെ ആദ്യ മകനായ ഇഫെയ്‌ന്റെ ശരീരത്തില്‍ അസാധാരണമായ നിറവ്യത്യാസം ശ്രദ്ധയില്‍ പെടുന്നത്. ഓക്‌സിജന്‍ അളവ് കുറവായതിനാല്‍ വളരെ പെട്ടെന്ന് ശരീരം തളരുന്ന സ്ഥിതി. വിദഗ്ധ പരിശോധനയില്‍ കുഞ്ഞിന് അപൂര്‍വതരം ഹൃദ്രോഗമാണെന്ന് കണ്ടെത്തി. നൈജീരിയയില്‍ തുടര്‍ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച്, അതുവിറ്റ് ജീവിതമാര്‍ഗം കണ്ടെത്തിയിരുന്ന ദമ്പതികള്‍ക്ക് ഭീമമായ ചികിത്സ ചിലവ് താങ്ങാവുന്നതിലും അപ്പുറവും. അതുകൊണ്ട് തന്നെ പുറം രാജ്യത്ത് പോയി ചികിത്സ നടത്തുകയെന്നത് അവര്‍ക്ക് ചിന്തിക്കാന്‍ കൂടി കഴിയാത്ത സാഹചര്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ആബിയയുടെ സഹോദരി ആസ്റ്ററിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച് അറിയുന്നതും, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ.ആസാദ് മൂപ്പനെ ഇമെയില്‍ വഴി കുടുംബത്തിന്റെ ദുരവസ്ഥ അറിയിക്കുന്നതും.
മധ്യേഷ്യയിലും ഇന്ത്യയിലും നിര്‍ധനരായ കുഞ്ഞുങ്ങളുടെ ചികിത്സയ്ക്കായി നിലകൊള്ളുന്ന ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍, അങ്ങനെ കുഞ്ഞ് ഇഫെയിന്റെ ചികിത്സ സൗജന്യമായി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആസ്റ്റര്‍ സിക് കിഡ്‌സ് (ASK) ഫൗണ്ടേഷന്‍ അതിന് നേതൃത്വവും നല്‍കി. അങ്ങനെ വിദഗ്ധ ചികിത്സയ്ക്കായി കുടുംബം കൊച്ചി ആസ്റ്റര്‍ മെഡ് സിറ്റിയില്‍ എത്തുകയായിരുന്നു.
പ്രാഥമിക പരിശോധന പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ.പരംവീര്‍ സിംഗിന്റെ നേത്യത്വത്തിലാണ് നടത്തിയത്. തുടര്‍ന്ന് പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജന്‍ ഡോ. സാജന്‍ കോശിയുടെ നേതൃത്വത്തില്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.
ടെട്രോളജി ഓഫ് ഫാലോട്ട് എന്ന കുട്ടികളില്‍ കാണുന്ന രോഗാവസ്ഥയില്‍ ഹൃദയത്തിന്റെ വലത് വെന്‍ട്രിക്കിളിന്റെ പുറത്തേക്ക് രക്തം ഒഴുകുന്നതിന് തടസ്സമുണ്ടാകുന്നു. ഇവിടെ ടെട്രോളജി യോടൊപ്പം ഇടത്തെ കീഴറയില്‍ തടസ്സം എന്ന സങ്കീര്‍ണമായ അവസ്ഥ ആയിരുന്നു കൂടുതല്‍ വെല്ലുവിളിയെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.സാജന്‍ കോശി പറഞ്ഞു.
English summary; Kerala regains effervescent heart rhythm; Given new life
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.