11 January 2026, Sunday

‘നാരീശക്തി‘യുമായി കേരളം ഒരുങ്ങുന്നു

Janayugom Webdesk
ന്യൂഡൽഹി
January 21, 2023 11:08 pm

റിപ്പബ്ലിക് ദിന പരേഡിൽ കർത്തവ്യപഥിലെത്താൻ ‘നാരീശക്തി‘യുമായി കേരളം ഒരുങ്ങുന്നു. സ്ത്രീശാക്തീകരണത്തിന്റെ ഫോക്ക് പാരമ്പര്യം എന്ന തീമിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിൽ കലാവതരണം നടത്തുന്നത് വനിതകൾ മാത്രമുള്ള സംഘമാണ്. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 24 വനിതകളാണ് നാരീശക്തി എന്ന ഫ്ലോട്ടിൽ ദൃശ്യ‑വാദ്യ‑നാട്യമൊരുക്കുന്നത്. കളരിപ്പയറ്റ്, ശിങ്കാരിമേളം, ഗോത്രനൃത്തം എന്നിവയാണ് കേരള സംഘം അവതരിപ്പിക്കുക. പാലക്കാട് അട്ടപ്പാടി കേന്ദ്രമാക്കി ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ​ഗോത്രകലാമണ്ഡലത്തിൽ നിന്നുള്ള എട്ട് കലാകാരികൾ കേരളത്തിന്റെ ടാബ്ലോയ്ക്ക് നൃത്തചാരുത പകരും.

അട്ടപ്പാടിയിലെ വിവിധ ഊരുകളിൽ നിന്നുള്ള ശോഭ ബി, ശകുന്തള യു കെ, റാണി ബി, പുഷ്പ കെ, സരോജിനി, രേഖ എൽ, വിജയ, ​ഗൗരി എൽ എന്നിവരാണ് ഗോത്ര​നൃത്തം അവതരിപ്പിക്കുന്നത്. കേരളത്തിലെ ​ഗോത്രവിഭാ​ഗ നൃത്തങ്ങളിൽ ഇരുള വിഭാഗത്തിന്റെ നൃത്തത്തെ വ്യത്യസ്തമാക്കുന്നത് ചടുലമായ ചുവടുകളും താളവുമാണ്. ഉത്സവ-ഉല്ലാസവേളകളിലും കൃഷി തുടങ്ങുമ്പോഴും വിളവെടുക്കുമ്പോഴും അവതരിപ്പിക്കുന്ന നൃത്ത ചുവടുകൾ സമ്മേളിപ്പിച്ചുകൊണ്ട് ഇരുള നൃത്തത്തിന്റെ​ കൊറിയോ​ഗ്രഫി നിർവഹിച്ചിരിക്കുന്നത് എസ് പഴനിസ്വാമിയാണ്. ആദ്യമായാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ ഗോത്രനൃത്തം അവതരിപ്പിക്കുന്നത്.

സംസ്ഥാനത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റ് അവതരിപ്പിക്കുന്നത് ഡൽഹി നിത്യചൈതന്യ കളരിയിലെ ബി എൻ ശുഭയും എം എസ് ദിവ്യശ്രീയുമാണ്. കളരിയിലെ വിവിധ ചുവടുകളുമായി വാശിയോടെ പയറ്റുന്ന അമ്മയും മകളും കൗതുകമുണർത്തും. വീട്ടമ്മമാരായ പന്ത്രണ്ടോളം കുടുംബശ്രീ വനിതകൾ അണിനിരക്കുന്ന ശിങ്കാരിമേളവും കേരള ടാബ്ലോയുടെ ഭാഗമാകും. കണ്ണൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സപ്തവർണ വനിതാ ശിങ്കാരിമേള സംഘമാണ് കർത്തവ്യപഥിൽ കേരളത്തിനായി വാദ്യവിരുന്നൊരുക്കുന്നത്.

സിന്ധു ബാലകൃഷ്ണൻ, ജോഷിന അശോകൻ, രമിത രതീഷ്, ശൈലജ രാജൻ, ബാലജ പ്രമോദ്, രജനി സോമൻ, ലസിത വരദൻ, സജിത അരവിന്ദ്, വിജിന രാജീവൻ, വനജ ബാലൻ, ലീല ചന്ദ്രൻ, ഓമന പ്രദീപൻ എന്നിവരാണ് കേരളത്തിന്റെ ശിങ്കാരിമേള സംഘത്തിലുള്ളത്. റിപ്പബ്ലിക് ദിന പരേഡിന്റെ ഭാ​ഗമാകുന്നതിന്റെ അഭിമാനത്തിലാണ് കേരളത്തിന്റെ സ്ത്രീശക്തി. ടാബ്ലോയുടെ ആശയം തയ്യാറാക്കിയതും പ്രതിരോധമന്ത്രാലയത്തിൽ അവതരിപ്പിച്ചതും ടാബ്ലോയുടെ നോഡൽ ഓഫിസറും കലാ സംഘത്തിന്റെ ടീം ലീഡറുമായ പിആർഡി ഇൻഫർമേഷൻ ഓഫിസർ സിനി കെ തോമസാണ്. ഡിസൈനർ റോയ് ജോസഫിന്റെ നേതൃത്വത്തിൽ ബിഭൂതി അഡ്വർടൈസിങ്ങാണ് ഫ്ലോട്ടൊരുക്കുന്നത്. നഞ്ചിയമ്മയും ജിതിനും ചേർന്നാണ് സംഗീതമൊരുക്കിയിരിക്കുന്നത്.

ഗവർണർ ദേശീയ പതാക ഉയർത്തും

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തും. ജില്ലാ, സബ് ജില്ലാ, ബ്ലോക്ക്, പഞ്ചായത്ത്, മുനിസിപ്പൽ കോർപറേഷൻ തലങ്ങളിലും പബ്ലിക് ഓഫിസുകൾ, സ്കൂൾ, കോളജ്, ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനു ശേഷമോ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ സംഘാടനവുമായി ബന്ധപ്പെട്ടു ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് സർക്കുലർ പുറപ്പെടുവിച്ചു. സംസ്ഥാനതല ആഘോഷ ചടങ്ങിൽ ദേശീയ പതാക ഉയർത്തിയ ശേഷം ഗവർണർ റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിക്കും. തുടർന്നു ദേശീയ ഗാനാലാപനവുമുണ്ടാകും. കര, വ്യോമ സേനകളും പൊലീസ്, പാരാ മിലിറ്ററി, മൗണ്ടഡ് പൊലീസ്, എൻസിസി, സ്‌കൗട്ട് തുടങ്ങിയ സേനാ വിഭാഗങ്ങളും പരേഡിൽ അണിനിരക്കും. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം ഗവർണർ റിപ്പബ്ലിക് ദിന സന്ദേശം നൽകും. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ദേശഭക്തിഗാനാലാപനവും ഒരുക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: ker­ala s float is allowed in the repub­lic day parade
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.