8 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 4, 2025
April 1, 2025
March 16, 2025
March 11, 2025
February 19, 2025
February 19, 2025
February 10, 2025
February 2, 2025
January 28, 2025
January 13, 2025

കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് നൽകുന്ന പാഠങ്ങൾ

വി ശിവന്‍കുട്ടി
April 7, 2023 4:45 am

പ്രഥമ കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് ഏറെ സവിശേഷതകൾ നിറഞ്ഞതായിരുന്നു. പാഠ്യപദ്ധതി പരിഷ്കരണവുമായി മുന്നോട്ടുപോകുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന് ഊർജം നൽകുന്നതാണ് പ്രഥമ കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിലെ വിഷയാവതരണങ്ങൾ. കേരളത്തിന്റെ അനന്യമായ വിദ്യാഭ്യാസ മാതൃകയെ അനാവരണം ചെയ്യുന്നതായി വിദ്യാഭ്യാസ കോൺഗ്രസിൽ നടന്ന ചർച്ചകൾ. ആകെ ഒമ്പത് ടെക്നിക്കൽ സെഷനുകളും മൂന്ന് മുഖ്യപ്രഭാഷണങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജൻസികളുടെ ഡയറക്ടർമാരുടെ അവതരണമടങ്ങിയ ഓപ്പൺ ഫോറവും ഉൾക്കൊള്ളുന്നതായിരുന്നു വിദ്യാഭ്യാസ കോൺഗ്രസ്. 372 പ്രതിനിധികളാണ് വിദ്യാഭ്യാസ കോൺഗ്രസിൽ പങ്കെടുത്തത്. ഇതിൽ 38 പ്രതിനിധികൾ കേരളത്തിന് പുറത്തുനിന്ന് ഉള്ളവരായിരുന്നു. രാജസ്ഥാൻ വിദ്യാഭ്യാസ മന്ത്രി ഡോ. ബുലാക്കി ദാസ് കല്ല, മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി ദീപക് വസന്ത് കെസർക്കർ, ഫിൻലൻഡിൽ നിന്നുള്ള പ്രതിനിധി പ്രൊഫ. ജോനാ കങ്കാസ് തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് സവിശേഷമായിരുന്നു വിദ്യാഭ്യാസ കോൺഗ്രസ്. പ്രീ സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ വിദ്യാഭ്യാസവും ലിംഗനീതിയും, അധ്യാപക വിദ്യാഭ്യാസത്തിലെ കാഴ്ചപ്പാടുകൾ, എല്ലാവരെയും ഉൾക്കൊള്ളുന്ന സ്കൂൾ വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, ബോധനരീതികളിലെ നൂതന ആശയങ്ങൾ, സ്കൂൾ വിദ്യാഭ്യാസത്തിലെ സാങ്കേതിക ബോധനരീതി, പാഠ്യപദ്ധതിയുടെ ആസൂത്രണവും നടത്തിപ്പും, മൂല്യനിർണയത്തിലെ നവീകരണം തുടങ്ങി 132 സുപ്രധാന പേപ്പറുകൾ വിദ്യാഭ്യാസ കോൺഗ്രസിൽ അവതരിപ്പിക്കപ്പെട്ടു. ഗവേഷക വിദ്യാർത്ഥികളുടെ വലിയതോതിലുള്ള പങ്കാളിത്തം ഏറെ പ്രതീക്ഷ നൽകുന്നതാണ്.


ഇതുകൂടി വായിക്കൂ: കേരളത്തിന് വിനയാകുന്ന ദേശീയ വിദ്യാഭ്യാസ നയം


സ്കൂൾ വിദ്യാഭ്യാസരംഗത്തെ നമ്മുടെ നേട്ടങ്ങളെ കൂടുതൽ ഉന്നതിയിൽ എത്തിക്കാനും പരിമിതികൾ കണ്ടെത്തി മറികടക്കാനും വിദ്യാഭ്യാസ കോൺഗ്രസിലുണ്ടായ അക്കാദമിക കൂട്ടായ്മകൾ സഹായകരമാകും എന്ന് തീർച്ച. വിദ്യാഭ്യാസരംഗത്തെ ഗവേഷണങ്ങൾ കുറേക്കൂടി സൂക്ഷ്മമായ വിശകലനത്തിന് വിധേയമാക്കേണ്ടതുണ്ട് എന്ന് വിദ്യാഭ്യാസ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തെ ഗവേഷണങ്ങളാണ് സ്കൂൾ വിദ്യാഭ്യാസരംഗത്തെ അക്കാദമിക മുന്നേറ്റത്തിന്റെ ചൂണ്ടുപലക ആകേണ്ടത്. അങ്ങനെ മാറാൻ നമുക്കാകുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ കോൺഗ്രസിലെ വിലയിരുത്തലുകൾ നമ്മെ സഹായിക്കുന്നുണ്ട്. അധ്യാപക പരിശീലനരംഗത്തെ കാലികമായി പരിഷ്കരിക്കേണ്ടതിന്റെ ആവശ്യകത വിദ്യാഭ്യാസ കോൺഗ്രസ് പ്രാധാന്യത്തോടെ വിശദീകരിക്കുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരും ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നവരും തമ്മിൽ കൂടുതൽ മെച്ചപ്പെട്ട ആശയവിനിമയം ഉണ്ടാകേണ്ടതുണ്ട് എന്ന് വിദ്യാഭ്യാസ കോൺഗ്രസ് അടിവരയിടുന്നു. സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന്റെ വിശകലനങ്ങളുടെ അടിസ്ഥാനത്തിൽ നാം കൂടുതൽ ശക്തമായ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് വഴികാട്ടി ആകുന്നുമുണ്ട്. ഒരു കാര്യം വ്യക്തമാക്കട്ടെ, കേരള സ്കൂൾ വിദ്യാഭ്യാസ കോൺഗ്രസിന് തുടർച്ച ഉണ്ടാകുമെന്ന് തീർച്ച.

TOP NEWS

April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 7, 2025
April 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.