19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

August 19, 2024
February 24, 2024
October 10, 2023
September 15, 2023
September 2, 2023
July 17, 2023
May 5, 2022
February 15, 2022
January 31, 2022
January 12, 2022

വൈദ്യുതി ഉത്പാദനത്തിൽ കേരളം സ്വയംപര്യാപ്തത നേടണം: മന്ത്രി കെ കൃഷ്ണൻകുട്ടി

Janayugom Webdesk
തിരുവനന്തപുരം
January 12, 2022 5:14 pm

വൈദ്യുതി ഉത്പാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കണമെന്നും അതിലൂടെ മാത്രമേ വ്യവസായങ്ങളും തൊഴിലവസരങ്ങളും വളരുകയുള്ളുവെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. കെ.എസ്.ഇ.ബിയുടെ സൗരപദ്ധതിയുടെ ഭാഗമായി 1.5 മെഗാവാട്ട് പുരപ്പുറ സൗരോർജ നിലയങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി വിതരണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ സർക്കാരും കെ.എസ്.ഇ.ബിയും നടത്തിവരുന്ന പരിശ്രമങ്ങളുടെ ഭാഗമാണ് പുരപ്പുറ സൗരോർജ നിലയങ്ങളെന്ന് മന്ത്രി പറഞ്ഞു. വൈദ്യുതി ഉത്പാദനം 65 മെഗാവാട്ടിൽ നിന്നും മാർച്ച് മാസത്തോടെ 100 മെഗാവാട്ടിൽ എത്തിക്കാനാണ് കെ.എസ്.ഇ.ബി ശ്രമിക്കുന്നത്. സൗരോർജ വൈദ്യുതോത്പാദനം പരമാവധി ഉപയോഗപ്പെടുത്തി വൈദ്യുതി പുറത്തു നിന്ന് വാങ്ങുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുനരുപയോഗ ഊർജസ്രോതസിൽ നിന്നും വൈദ്യുതി ഉത്പാദനം വർധിപ്പിക്കുന്നതിനായി സംസ്ഥാനസർക്കാരും കെ.എസ്.ഇ.ബിയും ചേർന്ന് നടപ്പാക്കുന്ന സൗരപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 29 മെഗാവാട്ടിന്റെ പുരപ്പുറ നിലയങ്ങളാണ് സംസ്ഥാനത്തുടനീളം സ്‌കൂളുകളിലും കോളേജുകളിലും സർക്കാർ‑സർക്കാരിതര സ്ഥാപനങ്ങളുടെ പുരപ്പുറങ്ങളിലും തയാറാകുന്നത്. ഇതിൽ പൂർത്തീകരിച്ച 1.5 മെഗാവാട്ട് വൈദ്യുതിയുടെ 40 പുരപ്പുറനിലയങ്ങളാണ് തിരുവനന്തപുരം മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തത്. കെ.എസ്.ഇ.ബിയുടെ വിതരണ ശൃംഖലയുമായി ബന്ധിപ്പിച്ചാണ് ഇവിടുത്തെ ഊർജോത്പാദനം. പൂർണമായും കെ.എസ്.ഇ.ബിയുടെ മുതൽമുടക്കിൽ 6.75 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുരപ്പുറ സോളാർ നിലയങ്ങളിലൂടെ പ്രതിവർഷം 22 ലക്ഷം യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എത്തുകയാണ് ലക്ഷ്യം. 1.5 മെഗാവാട്ട് ശേഷിയിൽ 300 കിലോവാട്ടിന്റെ സൗരോർജനിലയമാണ് മോഹൻദാസ് എഞ്ചിനിംയറിംഗ് കോളജിൽ പദ്ധതിയുടെ ഭാഗമായി പ്രവർത്തനസജ്ജമായത്. പുരപ്പുറ സൗരോർജ നിലയത്തിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ആകെ വൈദ്യുതിയുടെ 10 ശതമാനം സൗജന്യമായി ഉപഭോക്താവിന് നൽകുന്ന മോഡൽ 1 നിലയമാണിത്. ഇൻകലാണ് സൗരോർജനിലയം സ്ഥാപിച്ചത്.

ഒന്നാംഘട്ടം പൂർത്തിയാകുന്നതോടെ 2535 ഉപഭോക്താക്കൾക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. നിലവിൽ 1349 പേർക്ക് സൗരോർജനിലയം സ്ഥാപിച്ച് നൽകിയിട്ടുണ്ട്. ഗാർഹികമേഖലയിൽ സബ്‌സിഡിയോടുകൂടി പുരപ്പുറ നിലയങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സൗരപദ്ധതിയുടെ രണ്ടാംഘട്ടമായി നടപ്പാക്കും.

നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശൈലജ, ത്രിതലപഞ്ചായത്ത് അംഗങ്ങൾ, കെ.എസ്.ഇ.ബി ലിമിറ്റഡ് ചെയർമാനും എം.ഡിയുമായ ഡോ.ബി അശോക് കുമാർ, സൗര പദ്ധതി ഡയറക്ടർ ആർ.സുകു, മോഹൻദാസ് എഞ്ചിനീയറിംഗ് കോളേജ് ചെയർമാൻ ജി.മോഹൻദാസ് എന്നിവരും വിവിധ ജനപ്രതിനിധികളും പങ്കെടുത്തു.

Eng­lish Sum­ma­ry: Ker­ala should become self-suf­fi­cient in pow­er gen­er­a­tion: Min­is­ter K Krishnankutty

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.