28 December 2024, Saturday
KSFE Galaxy Chits Banner 2

കേരളം ഹിന്ദുത്വ തീവ്രവാദത്തിന്റെ ഇരയായി മാറിക്കൂടാ

Janayugom Webdesk
August 4, 2023 5:00 am

കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ എറണാകുളം ജില്ലയിലെ കുന്നത്തുനാട്, കടയിരുപ്പ് ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ‘വിദ്യാജ്യോതി സ്ലേറ്റ്’ വിദ്യാഭ്യാസപദ്ധതി ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തെ രാഷ്ട്രീയവിവാദമാക്കി മാറ്റി ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിച്ച് തെരഞ്ഞെടുപ്പ് നേട്ടത്തിനായി ദുരുപയോഗിക്കാൻ ബോധപൂർവമായ ശ്രമങ്ങളാണ് ഹിന്ദുത്വശക്തികളും ചില സാമുദായിക സംഘടനകളും രാഷ്ട്രീയ കേന്ദ്രങ്ങളും നടത്തിവരുന്നത്. സിവിൽ സർവീസ് അടക്കം ഉന്നതവിദ്യാഭ്യാസത്തിനായി സാധാരണക്കാരായ കുട്ടികളെ തയ്യാറാക്കുന്നതിന് സൗജന്യ പരിശീലനം നൽകുന്ന പദ്ധതിയാണ് വിദ്യാജ്യോതി സ്ലേറ്റ്. ഭാവിയിൽ രാജ്യത്തെ നയിക്കേണ്ട ഒരു തലമുറയെ ജനാധിപത്യ, മതനിരപേക്ഷ, ഭരണഘടനാധിഷ്ഠിത, ശാസ്ത്രീയ, യുക്തിചിന്താ പാരമ്പര്യത്തിൽ വാർത്തെടുക്കുക എന്നത് ഉത്തരവാദിത്തബോധമുള്ള ഏതൊരു ഇന്ത്യൻ സമൂഹത്തിന്റെയും അവരുടെ സർക്കാരുകളുടെയും ചുമതലയാണ്. ആ യാഥാർത്ഥ്യം അംഗീകരിക്കുന്ന ഒരാൾക്കും സ്പീക്കർ ഷംസീറിന്റെ പ്രസംഗത്തിൽ എന്തെങ്കിലും അപാകതയോ മത‑വിശ്വാസ വിരുദ്ധതയോ കണ്ടെത്താനാകില്ല. അത് സ്വതന്ത്ര ജനാധിപത്യ ഇന്ത്യയും അതിന്റെ ഭരണഘടനയും ഉയർത്തിപ്പിടിക്കുന്ന ‘ശാസ്ത്രീയ മനോഭാവ’ത്തിനും മതനിരപേക്ഷ മൂല്യങ്ങൾക്കും അനുരോധവുമാണ്. പിന്നെ എന്തുകൊണ്ട് ഇപ്പോഴത്തെ കോലാഹലങ്ങൾ? പ്രധാനമന്ത്രി നരേന്ദ്രമോഡി 2014 ഒക്ടോബർ 25ന് മുംബൈ നഗരത്തിൽ റിലയൻസിന്റെ ഒരു ആശുപത്രി സമുച്ചയം ഉദ്ഘാടനം ചെയ്തു നടത്തിയ പ്രസംഗത്തിൽ ജനിതക ശാസ്ത്രം, പ്ലാസ്റ്റിക് സർജറി, ബഹിരാകാശ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ നടത്തിയ പരാമർശങ്ങൾ, സംഘ്പരിവാർ വൃത്തങ്ങൾ ആ വിഷയങ്ങളിൽ നടത്തിവരുന്ന അവകാശവാദങ്ങൾ, എന്നിവ സ്പീക്കറുടെ പ്രസംഗത്തിൽ പരോക്ഷമായി പരാമർശിക്കപ്പെടുകയുണ്ടായി.

അത് യഥാർത്ഥത്തിൽ അന്ധവിശ്വാസങ്ങൾക്കും ശാസ്ത്രാഭാസങ്ങൾക്കും എതിരെ പുതുതലമുറയ്ക്കുള്ള മുന്നറിയിപ്പായിരുന്നു. അവ വിശ്വാസവിരുദ്ധവും വിശ്വാസികൾക്ക് എതിരെയുമാണെന്ന ആഖ്യാനമാണ് പ്രതിഷേധക്കാർ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഇന്ത്യയുടെ ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന, ഭരണഘടനാ മൂല്യങ്ങളിൽ വിശ്വസിക്കുന്ന മഹാഭൂരിപക്ഷം പൗരന്മാരും അവരുടെ മതപരവും മതേതരവുമായ വിശ്വാസങ്ങൾക്കും ബോധ്യങ്ങൾക്കും അപ്പുറം അന്ധവിശ്വാസങ്ങൾക്കും ശാസ്ത്രാഭാസങ്ങൾക്കും എതിരെ പൊതുജീവിതത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും പുലർന്നുകാണണം എന്ന് ആഗ്രഹിക്കുന്നവരാണ്. മതവിശ്വാസം വ്യക്തിപരവും നൂറ്റാണ്ടുകളായി വിവിധ ജനവിഭാഗങ്ങൾ തുടർന്നുവരുന്ന പാരമ്പര്യവുമാണ്. അത് നിലനിർത്താൻ വിശ്വാസികൾക്കുള്ള അവകാശം അംഗീകരിക്കുമ്പോൾത്തന്നെ അതിലെ അശാസ്ത്രീയതയും യുക്തിഹീനതയും വിമർശനബുദ്ധ്യാ പരിശോധിക്കാനുള്ള അവകാശം അനിഷേധ്യവും ഭരണഘടനാധിഷ്ഠിതവുമാണ്. മറ്റു പല ലോകരാഷ്ട്രങ്ങളും ഏതെങ്കിലും പ്രത്യേക മതത്തെയോ വിശ്വാസത്തെയോ ഔദ്യോഗികമായി അംഗീകരിക്കുമ്പോൾ ഇന്ത്യൻ റിപ്പബ്ലിക് ഒരുമതത്തെയും വിശ്വാസത്തെയും ഔദ്യോഗികമായി അംഗീകരിക്കാത്ത മതനിരപേക്ഷ രാഷ്ട്രമാണെന്നത് ആരും വിസ്മരിക്കരുത്. തീവ്ര ഹിന്ദുത്വ സംഘടനകളുടെ നേതൃപദവി അലങ്കരിക്കുന്നവരിൽ ചിലരെങ്കിലും ശാസ്ത്രയാഥാർത്ഥ്യങ്ങളെ അംഗീകരിക്കുകയും മറിച്ചുള്ള അന്ധവിശ്വാസങ്ങളെയും ആഖ്യാനങ്ങളെയും ശാസ്ത്രാഭാസമെന്ന് പരസ്യമായി അപലപിക്കാൻ മുതിരുകയും ചെയ്യുന്നുവെന്നതും അവഗണിക്കാനാവാത്ത വസ്തുതയാണ്. സ്പീക്കർ ഷംസീറിനെതിരെ ‘ഫത്‌വ’യുമായി അരങ്ങുതകർക്കുന്നവർ ഷംസീർ ഉന്നയിച്ച അതേ വിഷയങ്ങൾ മുമ്പ് ഉന്നയിച്ച തങ്ങളുടെ സമുദായാഗംമായ ലോക്‌സഭാ അംഗത്തെ ‘തറവാടിനായർ’ എന്നുവിശേഷിപ്പിച്ച് വിവാദം സൃഷ്ടിച്ചത് കേരളം മറന്നിട്ടില്ല.


ഇതുകൂടി വായിക്കൂ: ഹരിയാന മറ്റൊരു മണിപ്പൂര്‍ ആകരുത്


ഒരേ വിഷയത്തിൽ ഒരേ അഭിപ്രായം പ്രകടിപ്പിച്ച രണ്ടുപേരെ രണ്ട് സമുദായത്തിൽപ്പെട്ടവരും വിശ്വാസിയും അവിശ്വാസിയുമായി വേർതിരിച്ച് കാണുന്നതിനെയാണ് മതപരമായ വിവേചനം എന്ന് പറയുന്നത്. രാജ്യവും കേരളവും കൈവരിച്ച സാമൂഹിക പുരോഗതിയെ പിന്നോട്ടടിപ്പിക്കാനുള്ള ഹിന്ദുത്വ തീവ്രവാദത്തിന്റെ ഇരയായി കേരളം മാറിക്കൂടാ. ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മതത്തിന്റെയും സമുദായത്തിന്റെയും വിശ്വാസങ്ങളുടെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും കലാപങ്ങൾ സൃഷ്ടിച്ച് വോട്ടുബാങ്കുകൾ ഉറപ്പിക്കാനുമുള്ള കുത്സിത ശ്രമങ്ങളാണ് രാജ്യത്തിന്റെ പലഭാഗത്തും അരങ്ങേറുന്നത്. മണിപ്പൂരിലും ഹരിയാനയിലും ആളിപ്പടരുന്ന വിദ്വേഷത്തിന്റെയും ഹിംസയുടെയും തുടർച്ച കേരളത്തിലും സൃഷ്ടിച്ച് മുതലെടുപ്പ് നടത്താമെന്ന കണക്കുകൂട്ടലിലാണ് ബിജെപിയും സംഘ്പരിവാർ ശക്തികളും. അതിനെതിരെ ആത്മസംയമനത്തോടെയും കരുതലോടെയും നീങ്ങാൻ ഇടതുപക്ഷ, ജനാധിപത്യ, മതനിരപേക്ഷ, പുരോഗമന ശക്തികൾക്ക് കഴിയണം. തെരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങുമ്പോൾ പ്രകോപനവുമായി ഏതറ്റംവരെയും പോകാൻ പ്രതിലോമശക്തികൾ തുനിയും. അത്തരം പ്രകോപനങ്ങളിൽനിന്നും മുതലെടുപ്പ് നടത്തുന്നവർ ആരെന്ന അനുഭവപാഠം നമുക്ക് മുന്നിലുണ്ട്. സംഘർഷമല്ല ആരോഗ്യപരവും ആത്മസംയമനത്തോടെയുമുള്ള സംവാദമാണ് ഇപ്പോഴത്തെ വിവാദത്തെ നേരിടാനുള്ള യുക്തിഭദ്രമായ മാർഗം.

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.