12 February 2026, Thursday

Related news

February 11, 2026
February 3, 2026
January 23, 2026
October 15, 2025
September 22, 2025
June 12, 2025
April 23, 2025
April 9, 2025
April 9, 2025
April 7, 2025

ലോക സാമ്പത്തിക ഫോറത്തില്‍ 1.18 ലക്ഷം കോടിയുടെ ധാരണാപത്രം ഒപ്പിട്ട് കേരളം

Janayugom Webdesk
തിരുവനന്തപുരം
January 23, 2026 7:40 pm

ചരിത്ര നേട്ടത്തില്‍ വീണ്ടും കേരളം. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ കേരളം 1.18 ലക്ഷം കോടി രൂപയുടെ നിക്ഷേപ താല്പര്യപത്രം ഒപ്പുവച്ചു. 14 ബില്യൺ യു എസ് ഡോളർ മൂല്യമുള്ള താല്പര്യപത്രങ്ങളാണ് ഒപ്പുവച്ചത്. അമേരിക്ക, യു കെ, ജർമ്മനി, സ്പെയിൻ, ഇറ്റലി, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിവിധ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്. ചരിത്രത്തിലാദ്യമായാണ് ലോക സാമ്പത്തിക ഫോറത്തിൽ നിന്ന് കേരളം നിക്ഷേപം സമാഹരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
രാംകി ഇൻഫ്രാസ്ട്രക്ചർ — 6000 കോടി (ഇക്കോ ടൗൺ വികസനം, സംയോജിത വ്യവസായ പാർക്കുകൾ), റിസസ് റ്റൈനബിലിറ്റി — 1000 കോടി (മാലിന്യ സംസ്കരണം), ഇൻസ്റ്റ പേ സിനർജീസ് — 100 കോടി (സാമ്പത്തിക സേവനങ്ങൾ), ബൈദ്യനാഥ് ബയോഫ്യുവൽസ് — 1000 കോടി (റിന്യൂവബിൾ എനർജി), ആക്മെ ഗ്രൂപ്പ് — 5000 കോടി (ബാറ്ററി സ്റ്റോറേജ് സിസ്റ്റം), ലിങ്ക് എനർജി-1000 കോടി (റിന്യൂവബിൾ എനർജി), സിഫി ടെക്നോളജീസ് — 1000 കോടി (ഡാറ്റ സെന്റർ), ഡെൽറ്റ എനർജി- 1600 കോടി (ഹോസ്പിറ്റാലിറ്റി ആന്റ് ഹെൽത്ത് കെയർ), ഗ്രീൻകോ ഗ്രൂപ്പ് — 10000 കോടി, ജെനസിസ് ഇൻഫ്രാസ്ട്രക്ചർ ‑1300 കോടി, കാനിസ് ഇന്റർനാഷണൽ ‑2500 കോടി (എയ്റോസ്പേസ് ആന്റ് എനർജി), സെയ്ൻ വെസ്റ്റ് കാപ്സ് അഡ്വൈസറി — 1000 കോടി (റിന്യൂവബിൾ എനർജി) തുടങ്ങി 27 കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്. 67കമ്പനികളുടെ പ്രതിനിധികളുമായി കേരളസംഘം മുഖാമുഖ ചർച്ച നടത്തി.
മെഡിക്കൽ വ്യവസായം, റിന്യൂവബിൾ എനർജി, ഡാറ്റാ സെന്റർ, എമർജിങ് ടെക്നോളജി എന്നീ മേഖലകളിലെ കമ്പനികളുമായാണ് താല്പര്യപത്രം ഒപ്പിട്ടത്. താല്പര്യപത്രത്തിന്റെ തുടർച്ചയായുള്ള പ്രവർത്തനങ്ങൾക്ക് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കൊച്ചിയിൽ കഴിഞ്ഞവർഷം സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ ഒപ്പിട്ട താല്പര്യപത്രങ്ങളിൽ 24% നിർമ്മാണ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുപുറമേയാണ് ലോക സാമ്പത്തിക ഫോറത്തിൽ പ്രധാന കമ്പനികളുമായി താല്പര്യപത്രം ഒപ്പുവെച്ചത്. ഇഎസ്ജി നയം അംഗീകരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമെന്നത് കൂടുതൽ നിക്ഷേപങ്ങൾക്ക് പ്രേരണയാകുന്നതായി വിവിധ കമ്പനികൾ അഭിപ്രായപ്പെട്ടു. ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത പ്രധാന കമ്പനികളുടെ സിഇഒ മാരുമായി മന്ത്രി പി രാജീവിന്റെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘം പ്രാതൽ ചർച്ച നടത്തി. 22 സിഇഒ മാർ പങ്കെടുത്തു. കേരളത്തിലെ നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തുന്നതിനായി കേരള ഈവനിങ്ങും സംഘടിപ്പിച്ചു. പ്രധാന കമ്പനികൾ, അന്താരാഷ്ട്ര മാധ്യമങ്ങൾ എന്നിവർക്ക് മുന്നിൽ കേരളത്തിലെ നിക്ഷേപാവസരങ്ങൾ പരിചയപ്പെടുത്തി.
വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ കേരളത്തിൽ നിന്ന് അഞ്ചംഗ പ്രതിവിധി സംഘമാണ് ഇത്തവണ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്തത്. ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി പി വിഷ്ണുരാജ്, കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളക്കാരൻ എന്നിവരാണ് കേരളസംഘത്തിൽ ഉണ്ടായിരുന്നത്. കഴിഞ്ഞ ദാവോസ് സമ്മേളനത്തിൽ കേരളത്തിന്റെ നിക്ഷേപ സാധ്യതകൾ പരിചയപ്പെടുത്തുകയാണ് ചെയ്തത്. ഇത്തവണ അത് താല്പര്യപത്രങ്ങളായി പരിവർത്തനപ്പെടുത്താൻ കഴിഞ്ഞതായി വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.