
കേരളക്കരയുടെ കാൽപ്പന്ത് കളിയുടെ കത്തിജ്വലിക്കുന്ന ആവേശം നെഞ്ചിലേറ്റി സന്തോഷ് ട്രോഫി എട്ടാം കിരീടം ലക്ഷ്യമിട്ട് കേരള ടീം വടക്കു കിഴക്കൻ സംസ്ഥാനമായ അസമിലേക്ക്. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ 79-ാം പതിപ്പിൽ കേരള ടീമിനെ ഇക്കുറിയും ജി സഞ്ജു തന്നെ നയിക്കും. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ കിരീടം തിരികെയെത്തിക്കുവാൻ ഉറച്ചാണ് കേരളം പുറപ്പെടുന്നത്. 21നാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിന്റെ കിക്കോഫ്. 22 മുതൽ ഫെബ്രുവരി എട്ട് വരെയാണ് മത്സരങ്ങൾ. കേരളത്തിന്റെ ആദ്യ കളി മുൻചാമ്പ്യൻമാരായ പഞ്ചാബുമായി 22നാണ്. 24ന് റെയിൽവേസിനെയും 29ന് മേഘാലയെയും 31ന് സര്‍വീസസിനെയും നേരിടും. അസമിലെ സിലാപത്തർ, ധകുഖാന സ്‌റ്റേഡിയങ്ങളിലായാണ് മത്സരങ്ങൾ. കേരള ടീം 19ന് കൊച്ചിയിൽ നിന്ന് വിമാന മാർഗം പുറപ്പെടും. കേരളം മുമ്പ് ഏഴ് തവണ ചാമ്പ്യന്മാരായിട്ടുണ്ട്. കഴിഞ്ഞ തവണ ഒരു ഗോളിന് കേരളത്തിന് കരീടം നഷ്ടമായിരുന്നു. എറണാകുളം സ്വദേശിയും പ്രതിരോധ താരവുമായ ക്യാപ്റ്റൻ സഞ്ജുവിന്റെ തുടർച്ചയായ അഞ്ചാം സന്തോഷ് ട്രോഫി ടൂർണമെന്റാണിത്. സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്‌സിയുടെ പ്രതിരോധ താരം കൂടിയാണ്. രണ്ട് അംഗ ടീമിൽ ഒമ്പത് പേർ പുതുമുഖങ്ങളാണ്. സൂപ്പർ ലീഗ് കേരളയിൽ മികവ് തെളിയച്ചവരും ടീമിലിടം നേടിയിട്ടുണ്ട്.
കൊച്ചി പാലാരിവട്ടം റിനൈ ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാനാണ് ടീമിനെ പ്രഖ്യാപിച്ചത്. ദേശീയ ഗെയിംസിൽ കേരളത്തിന് സ്വർണം സമ്മാനിച്ച വയനാട് സ്വദേശി എം ഷഫീഖ് ഹസനാണ് മുഖ്യ പരിശീലകൻ. മുൻ ഇന്ത്യൻ താരം കെ ടി ചാക്കോയാണ് ഗോൾകീപ്പർ കോച്ച്, ഫിസിയോ- അഹമ്മദ് നിഹാൽ റഷീദ്, വീഡിയോ അനലിസ്റ്റ് ‑കിരൺ നാരായണൻ എന്നിവരാണ് മറ്റ് ഒഫീഷ്യലുകള്‍. ചടങ്ങിൽ ടീമിന്റെ പുതിയ ജേഴ്സിയും തീം സോങ്ങും പുറത്തിറക്കി. ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ആണ് ടീമിന്റെ ടൈറ്റിൽ സ്പോൺസർ. ചടങ്ങിൽ ക്യൂട്ടി ദി ബ്യൂട്ടി സോപ്പ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ഡോ. കെ പി ഖാലിദ്, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഇസ്മയിൽ ഖാലിദ്, ഇബ്രാഹിം ഖാലിദ്, കേരള ഫുട്ബാൾ അസോസിയേഷൻ ഹോണററി പ്രസിഡന്റ് ടോം ജോസ്, ട്രഷറർ റെജിനാൾഡ് വർഗീസ്, ജനറൽ സെക്രട്ടറി ഷാജി സി കുര്യൻ, സ്കോർ ലൈൻ സ്പോർട്സ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.