11 January 2026, Sunday

മികച്ച അവസരങ്ങളൊരുക്കി കെഎസ്‌യുഎം ; കഴിഞ്ഞ വര്‍ഷം ധനസഹായം നൽകിയത് 200 സ്റ്റാർട്ടപ്പുകൾക്ക്

Janayugom Webdesk
തിരുവനന്തപുരം
January 15, 2023 10:39 pm

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സുസ്ഥിര പരിശ്രമത്തിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥക്ക് കഴിഞ്ഞ വർഷം വലിയ പുരോഗതി കൈവരിക്കാനായി. കഴിഞ്ഞ വർഷം കെഎസ്‌യുഎമ്മിന്റെ നേതൃത്വത്തിൽ ഇരുന്നൂറിലധികം പുതിയ സ്ഥാപനങ്ങൾക്ക് ഫണ്ട് അനുവദിക്കാനായത് വലിയ നേട്ടമാണ്. നവീന ആശയങ്ങളുള്ള 900‑ത്തിലധികം പേർക്ക് മാർഗനിർദേശം നൽകാനും കഴിഞ്ഞു. 2022ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് പ്രകാരം പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഏഷ്യയിൽ ഒന്നാം സ്ഥാനവും ആഗോള തലത്തിൽ നാലാം സ്ഥാനവും കെഎസ്‌യുഎമ്മിന് നേടാനായി. കഴിഞ്ഞ വർഷം കെഎസ്‌യുഎമ്മിന് കീഴിലുള്ള സ്റ്റാർട്ടപ്പുകൾ വഴി സർക്കാർ വകുപ്പുകളിലെ അമ്പതിലധികം സേവനങ്ങൾ നൽകുന്നതിനും ധാരണയായിരുന്നു.

സംസ്ഥാനത്തെ സംരംഭകത്വ വികസനത്തിനും ഇൻകുബേഷൻ പ്രവർത്തനങ്ങൾക്കുമായി 22 ബൂട്ട്ക്യാമ്പുകളും എട്ട് ഹാക്കത്തണുകളും 10 ഉച്ചകോടികളും കൂടാതെ ഏഴ് റിസർച്ച് ഡെമോ- മൂന്ന് ബിസിനസ് ഡെമോഡേകളും 50 ഓളം വെബിനാറുകളും കെഎസ്‌യുഎം സംഘടിപ്പിച്ചു. 40 ലധികം വർക്ക്ഷോപ്പുകൾക്ക് പുറമേ 15 നിക്ഷേപക‑വ്യാവസായിക സമ്മേളനങ്ങൾ നടത്തി. സ്റ്റാർട്ടപ്പുകൾക്ക് 2,500 മണിക്കൂറിൽ കുറയാത്ത മെന്റര്‍ഷിപ്പും നൽകി. കഴിഞ്ഞ വർഷം 80 സ്റ്റാർട്ടപ്പുകളെ പ്രതിനിധീകരിക്കുന്ന ആറ് അന്താരാഷ്ട്ര ബിസിനസ് പ്രതിനിധി സംഘങ്ങളെ വിദേശ ഉച്ചകോടികളിലേക്കും വ്യാപാര മേളകളിലേക്കും അയക്കാൻ കഴിഞ്ഞു. 2022ൽ 450 ലധികം സ്റ്റാർട്ടപ്പുകൾക്കും 75 ലധികം വനിതാ സംരംഭകർക്കും ഇൻകുബേഷൻ പിന്തുണ നൽകി.

ഏകദേശം 30 സ്റ്റാർട്ടപ്പുകൾക്ക് സീഡ് ഫണ്ട് നൽകാനും 140 സംരംഭങ്ങൾക്ക് സഹായധനം ലഭ്യമാക്കാനും ഐഡിയ ഫെസ്റ്റിൽ വിജയികളായ 108 വിദ്യാർത്ഥികൾക്ക് ഐഡിയ ഗ്രാന്റ് നല്കാനും കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയ്ക്ക് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കാൻ നിരന്തരമായ ഇടപെടലിലൂടെ സാധിച്ചിട്ടുണ്ടെന്ന് കെഎസ്‌യുഎം ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അനൂപ് അംബിക പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.