22 December 2024, Sunday
KSFE Galaxy Chits Banner 2

ആവേശം ‘ബൗണ്ടറി’ കടന്നു; തെളിമയോടെ തലയുയർത്തി നാടകവേദി

Janayugom Webdesk
കോഴിക്കോട്
January 6, 2023 11:05 pm

‘കുട്ടികളായ ഞങ്ങളിലേയ്ക്ക് ജാതിയുടെയും മതത്തിന്റെയും വെറുപ്പുകൾ കുത്തിവയ്ക്കല്ലേ’… ഹൈസ്കൂൾ വിഭാഗം നാടകമത്സരത്തിൽ വടകര മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച നാടകം ‘ബൗണ്ടറി‘ക്ക് കർട്ടൺ വീഴുന്നത് ഈ സംഭാഷണത്തോടെയാണ്. പിന്നാലെ സദസ് ഒന്നടങ്കം എഴുനേറ്റ് നിന്ന് കയ്യടികളോടെയാണ് കുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. വിവിധ ജില്ലകളിൽ നിന്ന് നാടകങ്ങളുമായി കുട്ടികൾ കലോത്സവ നഗരിയിലേയ്ക്ക് എത്തിയെങ്കിലും ശ്രദ്ധകേന്ദ്രമായത് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളും അവർ അവതരിപ്പിച്ച നാടകം ബൗണ്ടറിയുമാണ്. 

‘ബ്രസീലും അർജന്റീനയും കളി ജയിക്കുമ്പോൾ കയ്യടിക്കാറില്ലേ… പിന്നെന്താ പാകിസ്ഥാൻ ജയിക്കുമ്പോൾ കയ്യടിക്കുമ്പോൾ മാത്രം ഇത്ര പ്രശ്നം’ എന്ന ബൗണ്ടറിയിലെ കേന്ദ്രകഥാപാത്രമായ ഫാത്തിമ സുൽത്താനയുടെ ഈ ചോദ്യം മാത്രം ഉയർത്തിയാണ് സംഘ്പരിവാർ നാടകത്തിനെതിരെ തിരിഞ്ഞത്. നാടകം നടക്കുമ്പോൾ വേദിയിൽ പ്രതിഷേധമുണ്ടാകുമെന്ന വിവരത്തെ തുടർന്ന് രണ്ടാം വേദിയായ സാമൂതിരി സ്കൂളും പരിസരവും കനത്ത പൊലീസ് കാവലിലായിരുന്നു. നാടകം എഡിറ്റ് ചെയ്ത് അവതരിപ്പിക്കുമെന്ന ഊഹാപോഹങ്ങൾ ഉയർന്നെങ്കിലും അതുമുണ്ടായില്ല. വിവാദങ്ങളെ ലാഘവത്തോടെ ബൗണ്ടറി കടത്തി കുട്ടികൾ എല്ലാവർക്കുമുള്ള മറുപടി പറഞ്ഞു. റഫീഖ് മംഗലശേരിയാണ് നാടകം എഴുതി സംവിധാനം ചെയ്തത്. 

പാചകവും പാചകക്കാരും ചർച്ചയാകുന്ന കാലത്ത് കൊടുങ്ങല്ലൂർ ഗവ. കെ കെ ടി എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘പായസം’ ജനപ്രീതി നേടിയാണ് വേദി വിട്ടത്. കോട്ടയം ജില്ലയിൽ നിന്നെത്തിയ കുട്ടികൾ അവതരിപ്പിച്ച സ്വപ്നം, തൃശൂരിലെ സേക്രട്ട്ഹാർട്ട് സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘തുന്നൽ’, കണ്ണൂർ ജില്ലയിൽ നിന്നുള്ള കുട്ടികളുടെ ‘ഞാൻ’ പത്തനംതിട്ട വടശേരിക്കര സ്കൂളിലെ ട്രൈബൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ‘അസൂയക്കാരന്റെ കണ്ണ്’ തുടങ്ങിയവയെല്ലാം മികച്ച നിലവാരം പുലർത്തിയ നാടകങ്ങളാണ്. 

Eng­lish Sum­ma­ry; ker­ala state school kalol­savam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.