25 November 2024, Monday
KSFE Galaxy Chits Banner 2

സങ്കടക്കടൽ കടന്ന് ഹൃദയം കൊണ്ട് ആനന്ദനൃത്തമാടി പ്രത്യുഷ്

Janayugom Webdesk
കോഴിക്കോട്
January 6, 2023 11:10 pm

ജീവിതപ്രതിസന്ധികളോട് പിഴയ്ക്കാത്ത ചുവടുകളുമായി പടപൊരുതി പ്രത്യുഷ്. അഞ്ചാം വേദിയായ ബേപ്പൂരിൽ ഹൈസ്കൂൾ വിഭാഗം കുച്ചുപ്പുടിയിൽ ആസ്വാദക ഹൃദയം കവർന്ന് പ്രത്യുഷ് ആടിത്തിമർത്തു. സംസ്ഥാന കലോത്സവത്തിന് പങ്കെടുക്കാൻ പണമില്ലാതെ വിഷമിച്ചിരുന്ന പ്രത്യുഷിന്റെ മാതാപിതാക്കളുടെ സങ്കടം മനസിലാക്കി സഹായവുമായെത്തിയത് ചേവായൂരിലെ എക്സാം വിന്നർ സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർമാരായ അലക്സ് തോമസും അലൻ തോമസുമാണ്. അക്കാദമിക പരീക്ഷയിൽ മാത്രമല്ല ജീവിതപ്പരീക്ഷകളിലും പ്രത്യുഷിനെ കൈപിടിച്ചുയർത്തുകയായിരുന്നു എക്സാം വിന്നർ. 

ജില്ലാ കലോത്സവത്തിൽ പ്രത്യുഷ് പങ്കെടുത്തുകൊണ്ടിരിക്കെയാണ് തന്റെ ഏറെ പ്രിയപ്പെട്ട അച്ഛമ്മയുടെ വിയോഗം. കലോത്സവവേദിയിൽ ആടി തിമിർക്കുമ്പോൾ പ്രത്യുഷിന്റെ മനസിൽ മുഴുവൻ അച്ഛമ്മയുടെ ഓർമ്മകളായിരുന്നു. അത്രമാത്രം പിന്തുണയും പ്രോത്സാഹനവും അവർ പ്രത്യുഷിന് നൽകിയിരുന്നു. പ്രതിസന്ധികളിൽ ചിരിക്കാൻ, ശക്തമായി നേരിടാൻ പഠിപ്പിച്ച അച്ഛമ്മക്ക് വേണ്ടി വേദിയിലും പുറത്തും അവൻ നിറഞ്ഞാടി. ജീവിതത്തിലെ ദുസഹമായ സാഹചര്യങ്ങളിലും പ്രത്യുഷിനെ ഏഷ്യയിലെ ഏറ്റവും വലിയ കലാവേദിയിലേക്ക് പിടിച്ചുകയറ്റുമ്പോൾ നിശ്ചയദാർഢ്യം മാത്രമായിരുന്നു മാതാപിതാക്കളുടെ കൈമുതൽ. 

അതിൽ അവർ വിജയം കണ്ടു എന്നതിന്റെ ഉദാഹരണം കൂടിയായിരുന്നു സദസിൽ മുഴങ്ങിയ കയ്യടിത്താളങ്ങൾ. കോഴിക്കോട് എരവന്നൂർ സ്വദേശിയും ജിഎച്ച്എസ്എസ് നരിക്കുനിയിലെ പത്താം തരം വിദ്യാർത്ഥിയുമാണ് പ്രത്യുഷ്. കഴിഞ്ഞ അഞ്ചുവർഷത്തിലധികമായി നാട്യശ്രീ സുനീഷ് പാലത്തിന്റെ കീഴിലാണ് ശിക്ഷണം. ഇന്ന് കേരള നടനത്തിലും പ്രത്യുഷ് പങ്കെടുക്കുന്നുണ്ട്. പൂർണ പ്രോത്സാഹനവുമായി അച്ഛൻ പ്രശാന്തും അമ്മ ദിശയും സഹോദരൻ പ്രയാഗും അധ്യാപകരും കൂടെയുണ്ട്. 

Eng­lish Sum­ma­ry; ker­ala state school kalol­savam 2023
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.