19 February 2026, Thursday

കേരള സ്റ്റോറി 2; കേരളത്തെ തീവ്രവാദത്തിന്റെ വിളനിലമായി ചിത്രീകരിക്കുന്നു

കോഴിക്കോട്
കെ കെ ജയേഷ്
February 19, 2026 10:17 pm

കേരളത്തെ മതം മാറ്റത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമായി ചിത്രീകരിക്കാനുള്ള സംഘ്പരിവാർ നീക്കങ്ങൾ ‘കേരളാ സ്റ്റോറി 2’ യിലൂടെ തുടരുന്നു. നാലുപേർക്ക് പുതുജീവനേകിയ, പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഉൾപ്പെടെയുള്ളവരുടെ ജീവിതഗാഥ രാജ്യം ചർച്ച ചെയ്യുമ്പോൾ തന്നെയാണ് തീവ്രവാദത്തിന്റെ വിളനിലമായി കേരളത്തെ ചിത്രീകരിക്കാനുള്ള സംഘ്പരിവാർ വർഗീയ അജണ്ട.
ഏറെ വിവാദമായ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ ‘കേരളാ സ്റ്റോറി 2’ തങ്ങൾ കൂടി ജീവിക്കുന്ന പ്രദേശത്തെ ബോധപൂർവം അവഹേളിക്കുമ്പോഴും അതിനെ ന്യായീകരിക്കുകയാണ് കേരളത്തിലെ ബിജെപി-സംഘ്പരിവാർ നേതാക്കൾ. ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്. ഇതേ സമയം പ്രതിഷേധമുണ്ടെങ്കിലും നിശബ്ദത പാലിക്കാൻ പല ബിജെപി പ്രവർത്തകരും നിർബന്ധിതരാകുന്ന സാഹചര്യവുമുണ്ട്.
സിനിമയുടെ ആദ്യഭാഗത്തേക്കാൾ അപകടകരമായ രീതിയിലാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നതെന്ന് ട്രെയ്‍ലറിൽ നിന്ന് വ്യക്തമാണ്. ആദ്യ സിനിമയിൽ നിന്ന് വ്യത്യസ്തമായി മറ്റ് സംസ്ഥാനങ്ങളിലൂടെയും രണ്ടാം ഭാഗം സഞ്ചരിക്കുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് മതം മാറ്റാൻ ശ്രമിക്കുന്നതും കല്യാണം കഴിഞ്ഞ് മതപരമായ നിയമങ്ങൾ അടിച്ചേല്പിക്കുന്നതുമെല്ലാം ട്രെയ്‍ലറിൽ കാണാം.
ഹിന്ദു പെൺകുട്ടിയെ നിർബന്ധിപ്പിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തിനെതിരെ വലിയ തോതിൽ പ്രതിഷേധവും പരിഹാസവും ഇതിനകം ഉയർന്നിട്ടുണ്ട്. 25 വർഷം കഴിഞ്ഞാൽ ഇന്ത്യ ഇസ്ലാമിക രാജ്യമാകുമെന്നും ശരിഅത്ത് നിയമം വരുമെന്നും സിനിമ പറയുന്നു. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സും ചേർന്ന് നിർമ്മിച്ച സിനിമയുടെ സംവിധാനം കാമാഖ്യ നാരായണസിങ് ആണ് നിർവഹിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ ഒന്നാം ഭാഗത്തിനായി ഏഴ് വർഷത്തോളം ഗവേഷണം നടത്തിയെന്നായിരുന്നു സംവിധായകൻ സുദീപ്തോ സെന്നും പറഞ്ഞിരുന്നത്. എന്നാൽ ഇത്രയും പഠിച്ചിട്ടും കേരളത്തെ കൃത്യമായി രേഖപ്പെടുത്താൻ സുദീപ്തോയ്ക്ക് സാധിച്ചിരുന്നില്ല. അല്ലെങ്കിൽ ബോധപൂർവം അദ്ദേഹം അതിന് ശ്രമിച്ചിരുന്നില്ല. കാസർകോട്ടെ മാളിന് മുന്നിൽ മൂന്ന് പെൺകുട്ടികൾ ക്രൂരമായി അക്രമിക്കപ്പെടുമ്പോൾ നിസംഗരായി ആ കാഴ്ച നോക്കി നിൽക്കുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങളെല്ലാം ഇതിന് ഉദാഹരണമായിരുന്നു. 2023 മേയ് അഞ്ചിനായിരുന്നു കേരള സ്റ്റോറി തിയറ്ററുകളിലെത്തിയത്. കേരളത്തിൽ നിന്ന് കാണാതായ 32,000 സ്ത്രീകളുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സിനിമയെന്നായിരുന്നു അണിയറ പ്രവർത്തകർ വ്യക്തമാക്കിയത്. എന്നാൽ പിന്നീട് മൂന്നു പെൺകുട്ടികളുടെ കഥ എന്നാക്കി അവർക്ക് തിരുത്തേണ്ടിവന്നു.
കേരളത്തെ ഇകഴ്ത്തിക്കാണിക്കാൻ സംഘ്പരിവാര കേന്ദ്രങ്ങൾ ഉപയോഗിക്കുന്ന വ്യാജ പ്രചരണങ്ങൾ കൂട്ടിച്ചേർത്ത് ഹിന്ദുക്കളിൽ മുസ്ലിങ്ങൾക്കെതിരെ വിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമത്തിനപ്പുറം കേരളത്തിന്റെ രാഷ്ട്രീ- സാമൂഹ്യ പശ്ചാത്തലം കൃത്യമായി അടയാളപ്പെടുത്താനുള്ള നേരിയ ശ്രമം പോലും ആ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നടത്തിയിരുന്നില്ല. ഇത്തരമൊരു സിനിമയ്ക്ക് പല സംസ്ഥാനങ്ങളിലും ടാക്സ് ഇളവും സംവിധായകന് ദേശീയ പുരസ്കാരവും ഉൾപ്പെടെയാണ് സംഘ്പരിവാർ വച്ചുനീട്ടിയത്. കേരള സ്റ്റോറി 2 വിന് സെൻസർ ബോർഡ് യു എ സർട്ടിഫിക്കറ്റാണ് നൽകിയത്. ബീഫിന്റെയും ജാനകിയുടെയും പേരിലെല്ലാം സിനിമകളെ വിലക്കിയ സെൻസർ ബോർഡ് തന്നെയാണ് ഇത്തരമൊരു ചിത്രത്തിന് ക്ലീൻ യുഎ സർട്ടിഫിക്കറ്റ് നൽകിയത്.
ഇതേ സമയം കേരളാ സ്റ്റോറി 2′ വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന ഹർജിയിൽ കേന്ദ്ര സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. സിനിമ കേരളത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്നും വർഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും ആരോപിച്ച് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.