22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

July 31, 2024
April 12, 2024
April 11, 2024
April 10, 2024
April 4, 2024
June 30, 2023
June 6, 2023
May 23, 2023
May 21, 2023
May 18, 2023

ലോകത്തിനു മാതൃകയായി വീണ്ടും കേരള സ്റ്റോറി

Janayugom Webdesk
കോഴിക്കോട്
April 12, 2024 11:23 pm

വ്യാജം പ്രചരിപ്പിച്ചും ഇല്ലാക്കഥകള്‍ മെനഞ്ഞും കേരളത്തെയും മലയാളികളെയും അവഹേളിക്കുന്നവര്‍ക്ക് മറുപടിയായി പുതിയൊരു ‘കേരള സ്റ്റോറി’. കേരളത്തിന്റെ ഒരുമയ്ക്കും സാഹോദര്യത്തിനും മറ്റൊരു ഉദാഹരണമായത് സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധന സമാഹരണം. ജാതി-മത‑രാഷ്ട്രീയ ഭേദമില്ലാതെ ചുരുങ്ങിയ ദിവസം കൊണ്ട് 34 കോടിയാണ് ജനങ്ങള്‍ നല്‍കിയത്. റഹീമിന്റെ മോചനത്തിനായി സംസ്ഥാനത്തിനകത്തും പുറത്തും സമാനതകളില്ലാത്ത ധനസമാഹരണമാണ് നടന്നത്. നിശ്ചയിച്ചതിലും രണ്ടു ദിവസം മുമ്പ് 34 കോടി രൂപ ലഭിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള മലയാളികൾ കൈകോർത്താണ് തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കാനായി സമാഹരിച്ച തുക ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും.
റഹീമിന് വേണ്ടിയുള്ള ധനസമാഹരണത്തിലൂടെ സാധ്യമായത് മനുഷ്യനന്മയുടെ വിജയമാണന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ഇതാണ് റിയൽ കേരള സ്റ്റോറിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റഹീമിന്റെ വീട് സന്ദർശിച്ച മന്ത്രി അദ്ദേഹത്തിന്റെ മാതാവുമായും ബന്ധുക്കളുമായും കൂടിക്കാഴ്ച നടത്തി. 

അബ്ദുൾ റഹീമിന്റെ മോചനത്തിനായി ആരംഭിച്ച ട്രസ്റ്റ് വഴിയായിരുന്നു പ്രധാന ധനസമാഹരണം. 31,93,46,568 രൂപ ബാങ്കിലെത്തി. 2.52 കോടി രൂപ പണമായി നേരിട്ട് വീട്ടിലെത്തി. ആകെ 34,45,46,568 രൂപ ലഭിച്ചു. ബോബി ചെമ്മണ്ണൂ‍ർ നൽകിയ ഒരു കോടി അടക്കമാണ് ഈ തുകയെന്ന് ധനസഹായ സമിതി ഭാരവാഹികൾ വ്യക്തമാക്കി.
കക്ഷി രാഷ്ട്രീയ ഭേദമന്യേ ജാതി, മത അതിർവരമ്പുകളില്ലാതെയാണ് എല്ലാവരും ഇതിന് വേണ്ടി ഒന്നിച്ചത്. ഓരോരുത്തരും അവർക്ക് സാധ്യമാകുന്ന രീതിയിൽ പണം കണ്ടെത്തുന്നതിനായി പ്രവർത്തിച്ചു. ജനകീയ സമിതി നേതൃത്വം നൽകിയ സമൂഹമാധ്യമ ക്യാമ്പയിനിലൂടെയും വിവിധ മത‑സാംസ്കാരിക സംഘടനകൾ, പ്രവാസി മലയാളികൾ, ബോബി ചെമ്മണ്ണൂർ അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് പണപ്പിരിവ് സാധ്യമായത്.
2006ലാണ് അന്ന് 26 വയസുകാരനായ അബ്ദുൽ റഹീമിനെ സൗദിയിലെ ജയിലിൽ അടച്ചത്. ഡ്രൈവർ വിസയിൽ സൗദിയിലെത്തിയ റഹീം ശരീരത്തിന് ചലന ശേഷി നഷ്ടപ്പെട്ട സ്പോൺസറുടെ മകൻ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. ഫായിസിന് ഭക്ഷണവും വെള്ളവും നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 

2006 ഡിസംബർ 24ന് കാറിൽ കൊണ്ടുപോകുന്നതിനിടയിൽ അബ്ദുൽ റഹീമിന്റെ കൈ അബദ്ധത്തിൽ കുട്ടിയുടെ കഴുത്തിൽ ഘടിപ്പിച്ച ഉപകരണത്തിൽ തട്ടി. ബോധരഹിതനായ ഫായിസ് പിന്നീട് മരിച്ചു. സംഭവത്തെ തുടർന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീൽ കോടതികളും വധശിക്ഷ ശരിവച്ചിരുന്നു. ഈ കാലയളവിനിടയിൽ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നതതലത്തിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മാപ്പ് നൽകാൻ അവർ തയ്യാറായിരുന്നില്ല.
റഹീമിന്റെ കുടുംബം സൗദി രാജാവിന് ദയാ ഹർജി നൽകി. ഒടുവിൽ ഏറെ പ്രതീക്ഷ നൽകിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയിൽ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു. പണം സ്വരൂപിക്കുന്നതുവരെ വധശിക്ഷ നീട്ടിക്കിട്ടാനായി ഇന്ത്യൻ എംബസി വഴി സൗദി അധികൃതരോട് അപേക്ഷിക്കുകയും ചെയ്തിരുന്നു.

ഉദാത്ത മാതൃക: മുഖ്യമന്ത്രി 

തിരുവനന്തപുരം: വെറുപ്പിന്റെ പ്രചാരകർ നാടിനെതിരെ നുണക്കഥകൾ ചമയ്ക്കുമ്പോൾ മാനവികതയുടെയും മനുഷ്യസ്നേഹത്തിന്റെയും ഗാഥകളിലൂടെ പ്രതിരോധം ഉയർത്തുകയാണ് മലയാളികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സൗദി അറേബ്യയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി ലോകമാകെയുള്ള മലയാളികൾ കൈകോർത്ത് സമാഹരിച്ചത് 34 കോടി രൂപയാണ്.
ഒരു മനുഷ്യജീവൻ കാക്കാൻ, ഒരു കുടുംബത്തിന്റെ കണ്ണീരൊപ്പാൻ ഒറ്റക്കെട്ടായി സൃഷ്ടിച്ചത് മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയാണ്. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി. വർഗീയതയ്ക്ക് തകർക്കാനാകാത്ത സാഹോദര്യത്തിന്റെ കോട്ടയാണ് കേരളമെന്ന അടിയുറച്ച പ്രഖ്യാപനമാണിത്.
ലോകത്തിന് മുന്നിൽ കേരളത്തിന്റെ അഭിമാനമുയർത്തിയ ഈ ലക്ഷ്യത്തിനായി ഒത്തൊരുമിച്ച എല്ലാ സുമനസുകളെയും ഹാർദമായി അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികൾ ഈ ഉദ്യമത്തിന് പിന്നിൽ വഹിച്ച പങ്ക് പ്രശംസനീയമാണ്. ഈ ഐക്യത്തിന് കൂടുതൽ കരുത്തേകി ഒരു മനസോടെ മുന്നോട്ടു പോകാമെന്നും അദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

Eng­lish Sum­ma­ry: Ker­ala sto­ry again as an exam­ple for the world

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.