9 December 2025, Tuesday

Related news

October 31, 2025
October 23, 2025
October 12, 2025
September 30, 2025
September 26, 2025
September 23, 2025
September 18, 2025
September 7, 2025
September 3, 2025
August 26, 2025

‘കേരളാ സ്റ്റോറി’ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചരണോപാധി; ജൂറി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും നശിപ്പിച്ചു: മന്ത്രി എം ബി രാജേഷ്

Janayugom Webdesk
തിരുവനന്തപുരം
August 2, 2025 6:56 pm

ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ കേരള സ്റ്റോറിക്ക് പുരസ്‌കാരം നല്‍കിയ ജൂറി തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മന്ത്രി എംബി രാജേഷ്. ഫേയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തിയത്. വെറുപ്പും വിദ്വേഷവും വ്യാജവും നിറഞ്ഞ ചേരുവകള്‍ കൊണ്ടു മാത്രം നിര്‍മ്മിച്ച ഒരു അധ:മസൃഷ്ടിയെ പുരസ്‌കരിക്കുക വഴി, ജൂറി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും നശിപ്പിച്ചെന്ന് മന്ത്രി ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

ഫേയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ദേശീയ ചലച്ചിത്ര അവാർഡുകളെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് കേരളാ സ്റ്റോറിക്ക് അവാർഡ് കൊടുത്ത ഹീനകൃത്യത്തെക്കുറിച്ചാണ്. വെറുപ്പും വിദ്വേഷവും വ്യാജവും നിറഞ്ഞ ചേരുവകൾ കൊണ്ടു മാത്രം നിർമ്മിച്ച ഒരു അധ:മസൃഷ്ടിയെ പുരസ്കരിക്കുക വഴി, ജൂറി ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെ വിശ്വാസ്യതയും ആധികാരികതയും ആണ് നശിപ്പിച്ചിരിക്കുന്നത്. സിലബസ് മുതൽ സിനിമ വരെ എല്ലാം വർഗീയവത്കരിക്കുകയും, വർഗീയലക്ഷ്യത്തിനുള്ള ഉപാധിയാക്കി മാറ്റുകയും ചെയ്ത ബിജെപി ഗവൺമെന്റിന്റെ നടപടികളുടെ മറ്റൊരു ഉദാഹരണമാണിത്. സംഘപരിവാറിന്റെ പ്രൊപ്പഗാൻഡയ്ക്ക് സിനിമാഭാഷ്യം ചമച്ച ഒരു വില കുറഞ്ഞ സൃഷ്ടിയെക്കുറിച്ച് ജൂറി ചെയർമാന്റെ വാഴ്ത്തുപാട്ട്, എല്ലാ അതിരുകളും ലംഘിക്കുന്നതായിപ്പോയി. യാഥാർഥ്യങ്ങളെ അവതരിപ്പിക്കുന്ന സിനിമ എന്ന സാക്ഷ്യപത്രം കൊടുക്കുക വഴി, ജൂറി ചെയർമാൻ സ്വന്തം നിലവാരം തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതുപോലെ സത്യസന്ധതയില്ലാത്തവർ വിധികർത്താക്കളായാൽ ഇതും ഇതിന് അപ്പുറമുള്ള ദുരന്തവും സംഭവിക്കും.

കേരളാ സ്റ്റോറി സിനിമ വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും പ്രചരണോപാധിയാണ് എന്നത് എല്ലാവർക്കുമറിയാം. എന്നാൽ ആ സിനിമയ്ക്ക് ആളെക്കൂട്ടി കേരളത്തിൽ പ്രദർശനം സംഘടിപ്പിക്കാൻ മുൻകൈയെടുത്ത ചിലരുണ്ട്. ആ സിനിമയെ ന്യായീകരിച്ചവരുമുണ്ട്. സംഘപരിവാർ വർഗീയ വിഷം പുരട്ടിയ കേക്കുകളെത്തിച്ചപ്പോൾ സ്വീകരിക്കാനും, സംഘപരിവാറിന്റെ ന്യൂനപക്ഷസ്നേഹത്തെക്കുറിച്ച് വാചാലരാവാനും മുന്നിട്ടിറങ്ങിവർ തന്നെ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം എങ്ങനെയാണ് തങ്ങൾക്ക് നേരെയും ദംഷ്ട്രകൾ നീട്ടുന്നതെന്ന് ഇതിനൊക്കെ നേതൃത്വം കൊടുത്തവർ ഇപ്പോൾ തിരിച്ചറിയുന്നുണ്ടോ ആവോ. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകൾക്കുണ്ടായ അനുഭവം ഈ രാഷ്ട്രീയത്തിന്റെ കെടുതിയാണല്ലോ. മതപരിവർത്തന നിരോധനം, ഗോവധ നിരോധനം എന്നീ നിയമങ്ങളുടെ പേരിൽ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുമ്പോൾ, തങ്ങൾ മാത്രം സുരക്ഷിതരായിരിക്കുമെന്ന് കരുതുകയോ വിശ്വസിപ്പിക്കാൻ ശ്രമിക്കുകയോ ചെയ്തവർ, ഇപ്പോൾ വസ്തുതകൾ തിരിച്ചറിയേണ്ടതാണ്. കേരളാ സ്റ്റോറിക്ക് പുരസ്കാരം കൊടുത്ത നടപടി, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന വിദ്വേഷ രാഷ്ട്രീയത്തിന്റെ തന്നെ മറ്റൊരു മുഖമാണ്.

ദേശീയ ചലച്ചിത്ര പുരസ്കാരത്തിന് അർഹരായ ഉർവശിക്കും വിജയരാഘവനും അഭിനന്ദനങ്ങൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.