2 March 2026, Monday

Related news

March 2, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026
February 25, 2026
February 24, 2026
February 22, 2026
February 22, 2026
February 21, 2026

കേരളപൂരം എട്ടിന് കിക്കോഫ്; ഉദ്ഘാടന മത്സരം ഗോകുലം കേരളയും കാലിക്കറ്റ് എഫ്‌സിയും തമ്മിൽ

എവിൻ പോൾ
കൊച്ചി
March 2, 2026 10:07 pm

കേരളത്തിലെ ഫുട്ബോൾ പ്രേമികൾ ആവേശപൂർവം കാത്തിരുന്ന കേരള പ്രീമിയർ ലീഗിന്റെ (കെപിഎൽ) 13-ാം പതിപ്പ് എട്ടിന് ആരംഭിക്കും. ഇത്തവണ കോഴിക്കോടിന് പുറമേ തൃശൂർ കോർപറേഷൻ സ്റ്റേഡിയവും കെപിഎൽ മത്സരങ്ങൾക്ക് വേദിയാവും. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗോകുലം കേരള എഫ്‌സി­യും കാലിക്കറ്റ് എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടും. 

സൂപ്പർലീഗ് ടീമായ കാലിക്കറ്റ് എഫ്‌സി കോർപറേറ്റ് എൻട്രിയിലൂടെയാണ് കെപിഎല്ലിൽ അരങ്ങേറ്റം കുറിക്കുക. വൈകിട്ട് ഏഴിനാണ് കിക്കോഫ്. ഈ സീസണിൽ 14 പ്രമുഖ ക്ലബ്ബുകൾ മാറ്റുരയ്ക്കും. ലീഗിലെ പുതുമുഖ ടീമുകളായി കാലിക്കറ്റ് എഫ്‌സിക്ക് പുറമേ, കെപിഎൽ രണ്ടാം ഡിവിഷനിൽ നിന്ന് സ്ഥാനക്കയറ്റം ലഭിച്ച ഇഎംഇഎ കോളജ്, സായ് കൊല്ലം എന്നീ ടീമുകളുമുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, ഗോൾഡൻ ത്രെ­ഡ്സ് എഫ്‌സി, റിയൽ മലബാർ എഫ്‌സി, ഇന്റർ കേരള എഫ്‌സി, കെഎസ്ഇബി, കേരള പൊലീസ്, വയനാട് യുണൈറ്റഡ് എഫ്‌സി, പിഎഫ്‌സി കേരള, കോവളം എഫ്‌സി, കേരള യുണൈറ്റഡ് എഫ്‌സി എന്നിവയാണ് മറ്റു ടീമുകൾ. 

കെപിഎൽ ജേതാക്കളാകുന്ന ടീമിനെ ഇന്ത്യൻ ഫുട്ബോൾ ലീഗ് മൂന്നിലേക്ക് നാമനിർദേശം ചെയ്യുമെന്ന് കേരള ഫു­ട്ബോ­ൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ, ജനറൽ സെക്രട്ടറി ഷാജി സി കുര്യൻ എന്നിവർ അറിയിച്ചു. 

14 ടീമുകളെ എഴ് ടീമുകൾ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി (ഗ്രൂപ്പ് എ, ബി) തിരിച്ച് പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ നാല് സ്ഥാനക്കാർ സൂപ്പർ എട്ട് റൗണ്ടിലേക്കും സൂപ്പർ എട്ടിലെ മികച്ച നാല് ടീമുകൾ സെമിയിലേക്കും മുന്നേറും. വിവിധ ക്ലബ്ബുകൾക്കായി അഞ്ഞൂറിലേറെ താരങ്ങളാണ് ബൂട്ടണിയുക. ആകെ 73 മത്സരങ്ങളാണ് ഈ പതിപ്പിലുള്ളത്. എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും. നിവിയ ആണ് ടൂർണമെന്റിന്റെ ഔദ്യോഗിക ബോൾ‑കിറ്റ് പാർട്ണർ. കെഎഫ്എ ട്രഷറർ റജിനോൾഡ് വർഗീസ്, എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി വിജു ചൂളയ്ക്ക്ൽ എന്നിവരും ലീഗിന്റെ പ്രഖ്യാപന ചടങ്ങിൽ സന്നിഹിതരായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.