6 December 2025, Saturday

Related news

December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 26, 2025
November 21, 2025
November 18, 2025
November 8, 2025
November 3, 2025
October 27, 2025

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ എറിഞ്ഞ് വീഴ്ത്തി കേരളം; സക്‌സേനയ്ക്ക് അഞ്ച് വിക്കറ്റ്

Janayugom Webdesk
തിരുവനന്തപുരം
November 6, 2024 6:53 pm

രഞ്ജി ട്രോഫിയില്‍ ഉത്തര്‍പ്രദേശിനെ ആദ്യ ഇന്നിങ്‌സില്‍ 162 ന് പുറത്താക്കി കേരളം. അഞ്ച് വിക്കറ്റെടുത്ത ജലജ് സക്‌സേന, രണ്ട് വിക്കറ്റ് നേടിയ ബേസില്‍ തമ്പി, ഓരോ വിക്കറ്റ് വീതം നേടിയ ആസിഫ് കെ.എം, അപരാജിത്, സര്‍വതെ എന്നിവരാണ് ഉത്തര്‍പ്രദേശിനെ പ്രതിരോധത്തിലാക്കിയത്. സ്‌കോര്‍ 129 എത്തിയപ്പോള്‍ 9 വിക്കറ്റ് നഷ്ടമായ ഉത്തര്‍പ്രദേശിനെ 150 കടത്തിയത് ശിവം ശര്‍മ്മയും ആക്വിബ് ഖാനും തമ്മിലുള്ള കൂട്ടുകെട്ടാണ്. ഇരുവരും ചേര്‍ന്ന് 73 പന്തില്‍ 33 റണ്‍സെടുത്തു. പത്താമനായി ഇറങ്ങി 30 റണ്‍സെടുത്ത ശിവം ശര്‍മ്മയാണ് ഉത്തര്‍പ്രദേശിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടിയതോടെ രഞ്ജി ട്രോഫിയില്‍ ആറായിരം റണ്‍സും 400 വിക്കറ്റും നേടുന്ന ആദ്യതാരമായി സക്‌സേന മാറി. തുമ്പ സെന്റ്. സേവ്യര്‍ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ കേരളം ഉത്തര്‍ പ്രദേശിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ക്യാപ്റ്റന്‍ ആര്യന്‍ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും സ്‌കോര്‍ 29 ല്‍ എത്തിയപ്പോള്‍ ആര്യന്‍ ജുയാലിന്റെ വിക്കറ്റ് ഉത്തര്‍ പ്രദേശിന് നഷ്ടമായി. 57 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 27 റണ്‍സെടുത്ത ജുയാലിനെ ജലജ് സക്‌സേന ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്ന് ഒരു റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പ്രിയം ഗാര്‍ഗിനെ കെ.എം ആസിഫ്, അപരാജിന്റെ കളിലെത്തിച്ച് പുറത്താക്കി. തുടര്‍ന്നെത്തിയ നീതീഷ് റാണയും മാധവ് കൗഷിക്കും തമ്മിലുള്ള കൂട്ടുകെട്ടാണ് ഉത്തര്‍പ്രദേശിന്റെ സ്‌കോര്‍ അമ്പത് കടത്തിയത്. സ്‌കോര്‍ 55 ല്‍ എത്തിയപ്പോള്‍ സക്‌സേനയുടെ പന്തില്‍ മുഹമ്മദ് അസറുദ്ദീന്‍ ക്യാച്ചെടുത്ത് മാധവ് കൗഷിക്കിനെ പുറത്താക്കി. ഇന്ത്യന്‍ ക്രിക്കറ്റിലെ യുവതാരങ്ങളിലെ ശ്രദ്ധേയനായ സമീര്‍ റിസ്‌വിയുടെ വിക്കറ്റ് ബേസില്‍ തമ്പിയും വീഴ്ത്തി. 

ആറ് പന്ത് നേരിട്ട സമീറിന് ഒരു റണ്‍സ് മാത്രമാണ് നേടാനായത്. തുടര്‍ന്ന് നിതീഷ് റാണ- സിദ്ധാര്‍ത്ഥ് യാദവ് സഖ്യം 42 പന്തില്‍ 23 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും ഉച്ചഭക്ഷണത്തിന് മുന്നെ സിദ്ധാര്‍ത്ഥ് യാദവിനെയും സക്‌സേന പുറത്താക്കി. 25 പന്ത് നേരിട്ട സിദ്ധാര്‍ത്ഥ് രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 19 റണ്‍സ് നേടി. സ്‌കോര്‍ 86 ല്‍ എത്തിയപ്പോള്‍ നിതീഷ് റാണയെയും സക്‌സേന പുറത്താക്കി. ഉത്തര്‍പ്രദേശിന്റെ സ്‌കോര്‍ 129 എത്തിയപ്പോള്‍ തുടരെ നഷ്ടമായത് രണ്ട് വിക്കറ്റുകളായിരുന്നു. സൗരഭ് കുമാറിനെ ബി. അപരാജിത് കീപ്പര്‍ മുഹമ്മദ് അസറുദ്ദീന്റെ കൈകളിലെത്തിച്ച് പുറത്താക്കിയപ്പോള്‍ ശിവം മാവിയെ ബേസില്‍ തമ്പി പുറത്താക്കി. ശിവം ശര്‍മ്മയെ സല്‍മാന്‍ നിസാറിന്റെ കൈകളിലെത്തിച്ച് സര്‍വതെയാണ് ഉത്തര്‍ പ്രദേശിന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 82 റണ്‍സെന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മലിന്റെയും വത്സല്‍ ഗോവിന്ദിന്റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.