25 January 2026, Sunday

Related news

January 21, 2026
January 19, 2026
January 13, 2026
January 13, 2026
January 9, 2026
December 24, 2025
December 15, 2025
December 6, 2025
December 2, 2025
November 12, 2025

രാജ്യത്തെ ആദ്യ നഗരനയം രൂപീകരിക്കാൻ കേരളം

Janayugom Webdesk
കൊച്ചി
September 8, 2025 10:28 pm

സമഗ്ര നഗരനയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള കേരള അർബൻ കോൺക്ലേവ് ഈ മാസം 12നും 13നും കൊച്ചിയിൽ നടക്കും. ഗ്രാൻഡ് ഹയാത്ത് കൺവെൻഷൻ സെന്ററിലാണ് കോൺക്ലേവ് നടക്കുന്നത്. ‘അസ്പിറിങ് സിറ്റീസ്, ത്രൈവിങ് കമ്മ്യൂണിറ്റീസ്’ എന്ന ആശയത്തിൽ നടക്കുന്ന അന്താരാഷ്ട്ര കോൺക്ലേവ് 12ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം നഗരനയത്തിന് രൂപം നൽകുന്നത്. ശാസ്ത്രീയമായ നഗരനയം രൂപീകരിക്കുന്നതിനായി പരിഗണനാവിഷയങ്ങളെ 10 മേഖലകളായി തിരിച്ചാണ് നഗരനയ കമ്മിഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഈ 10 മേഖലകൾ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ അർബൻ കോൺക്ലേവിൽ നടക്കും. നഗരങ്ങളെ കേവലം ഭൗതിക വികസനത്തിന്റെ കേന്ദ്രങ്ങളായി മാത്രം ചുരുക്കാതെ മനുഷ്യരുടെ ജീവിത നിലവാരം ഉയർത്തി, സാമൂഹിക നീതി, പരിസ്ഥിതി സൗഹൃദം, സാംസ്കാരിക വൈവിധ്യം എന്നിവയ്ക്ക് ഊന്നൽ നൽകുക എന്നതാണ് നഗരനയത്തിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേരളം നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധി, ജനസംഖ്യാ സമ്മർദങ്ങൾ, തൊഴിൽ‑വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ എന്നിവയ്ക്കുള്ള പരിഹാരങ്ങളും കോൺക്ലേവിൽ ചർച്ചയാകും.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി എം ബി രാജേഷ് അധ്യക്ഷനാകും. കേന്ദ്ര ഭവന നിർമ്മാണ, നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടാർ മുഖ്യാതിഥിയാകും. കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോർജ് കുര്യൻ, ശ്രീലങ്ക നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കേന്ദ്ര നഗരകാര്യ സെക്രട്ടറി കെ ശ്രീനിവാസ, മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, എ കെ ശശീന്ദ്രൻ, പി രാജീവ് തുടങ്ങിയവരും മറ്റു ജനപ്രതിനിധികളും പങ്കെടുക്കും. കേരള നഗരനയ കമ്മിഷൻ ചെയർമാൻ പ്രൊഫ. എം സതീഷ്‌കുമാറും, സഹ അധ്യക്ഷനും കൊച്ചി മേയറുമായ അഡ്വ. എം അനിൽകുമാറും കമ്മിഷന്റെ റിപ്പോർട്ട് കോൺക്ലേവിൽ അവതരിപ്പിക്കും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുന്ന ഹൈ ലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മിനിസ്റ്റേഴ്സ്, ലോകത്തിലെ വിവിധ നഗരങ്ങളിൽ നിന്നുള്ള മേയർമാർ പങ്കെടുക്കുന്ന ഹൈ-ലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മേയേഴ്സ്, കേരളത്തിലെ മുഴുവൻ കോർപറേഷൻ മേയർമാരും മുനിസിപ്പാലിറ്റി ചെയർപേഴ്സൺമാരും പങ്കെടുക്കുന്ന കൗൺസിലേഴ്സ് അസംബ്ലി തുടങ്ങിയ വേദികൾ കോൺക്ലേവിന്റെ സവിശേഷതയാണ്. 

ഹൈലെവൽ പൊളിറ്റിക്കൽ ഫോറം ഓഫ് മിനിസ്റ്റേഴ്സൽ ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലക, ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള അടിസ്ഥാന സൗകര്യ എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മാർട്ടിൻ മെയർ, മലേഷ്യയിൽ നിന്നുള്ള ഭവനനിർമ്മാണ, തദ്ദേശഭരണ മന്ത്രി ഇങ് കോർ മിങ് എന്നിവരും, വിവിധ സംസ്ഥാന മന്ത്രിമാരായ കെ എൻ നെഹ്രു (തമിഴ്‌നാട്), വിക്രമാദിത്യ സിങ് (ഹിമാചൽ പ്രദേശ്), ഹർദീപ് സിങ് മുണ്ടിയൻ (പഞ്ചാബ്), കൈലാഷ് വിജയ് വര്‍ഗീയ (മധ്യപ്രദേശ്), മുൻ രാജ്യസഭാംഗം രാജീവ് ഗൗഡ, ജമ്മു കശ്മീരിൽ നിന്നുള്ള എംഎൽഎ തൻവീർ സാദിഖ് എന്നിവരും പങ്കെടുക്കും. 13ന് വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ റെസിഡന്റ് കോഓർഡിനേറ്റർ ഷോംബി ഷാർപ്പ് മുഖ്യാതിഥിയാകും. കോൺക്ലേവിനോടനുബന്ധിച്ച് 11 മുതൽ 15 വരെ കൊച്ചി മറൈൻ ഡ്രൈവിൽ വിപുലമായ പ്രദർശനവും സംഘടിപ്പിക്കുമെന്ന് മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, മേയർ അഡ്വ. എം അനിൽ കുമാർ, ജി സിഡിഎ ചെയർമാൻ കെ ചന്ദ്രൻ പിള്ള തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.