22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

വിധിയെഴുതാൻ കേരളം; ആകെ 194 സ്ഥാനാർത്ഥികള്‍

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
April 26, 2024 7:00 am

നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ വിധിയെഴുതാന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിലാണ് സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് പോളിങ്. 194 സ്ഥാനാർത്ഥികളാണ് ആകെ മത്സര രംഗത്തുള്ളത്. പോളിങ് ബൂത്തുകളിൽ സുഗമമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിനും വോട്ടെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ സുരക്ഷിതമായി സ്ട്രോങ് റൂമുകളിൽ എത്തിച്ച് സൂക്ഷിക്കുന്നതിനും എല്ലാവിധ ക്രമീകരണങ്ങളും ഏർപ്പെടുത്തി. സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളിൽ വോട്ടെടുപ്പ് പ്രക്രിയകൾക്കായി 1,01,176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തിൽ പ്രിസൈഡിങ് ഓഫിസർ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക. സ്ത്രീകൾ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസിൽ താഴെയുള്ള യുവജനങ്ങൾ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷി ജീവനക്കാർ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്. 

ഭിന്നശേഷി വോട്ടർമാർക്കായി ബൂത്തുകളിൽ റാമ്പും വീൽചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവർക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഭിന്നശേഷി വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും ബൂത്തുകളിൽ പ്രത്യേക ക്യൂ സൗകര്യമുണ്ടാവും. കൂടാതെ ആംഗ്യഭാഷാ സൗകര്യം, ഭിന്നശേഷി വോട്ടർമാർക്ക് യാത്രാസൗകര്യം എന്നിവയും ഏർപ്പെടുത്തിയിട്ടുണ്ട്. ഇക്കുറി ലോക്‌സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഉപയോഗിക്കുന്നത് 30,238 ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ്. ഏതെങ്കിലും യന്ത്രങ്ങൾക്ക് പ്രവർത്തന തകരാർ സംഭവിച്ചാൽ പകരം അതത് സെക്ടർ ഓഫിസർമാർ വഴി റിസർവ് മെഷീനുകൾ എത്തിക്കും. പ്രാഥമിക പരിശോധന, മൂന്ന് ഘട്ട റാൻഡമൈസേഷൻ, മോക്ക് പോളിങ് എന്നിവ പൂർത്തിയാക്കി കുറ്റമറ്റതെന്ന് ഉറപ്പാക്കിയാണ് വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തുകളിൽ എത്തിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ആറിന് പോളിങ് ബൂത്തുകളിൽ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ വീണ്ടും മോക്പോൾ നടത്തി യന്ത്രങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിക്കുക. 

പോളിങ് ബൂത്തുകൾ, വിതരണ കേന്ദ്രങ്ങൾ, സ്ട്രോങ് റൂമുകൾ എന്നിവിടങ്ങളിൽ സുരക്ഷ ഒരുക്കാനും സുഗമമായ വോട്ടിങ് പ്രക്രിയ ഉറപ്പുവരുത്താനുമായി 66,303 സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നങ്ങൾ മൂലം തെരഞ്ഞെടുപ്പ് തടസപ്പെടാതിരിക്കാൻ ദ്രുതകർമ്മസേനയെയും എല്ലാ പൊലീസ് സ്റ്റേഷനുകളിലും വിന്യസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ വോട്ടർമാർക്ക് ഭയരഹിതമായി വോട്ട് രേഖപ്പെടുത്താൻ കേന്ദ്രസേനയെ ഉൾപ്പെടുത്തി പ്രത്യേക സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 

2.77 കോടി വോട്ടർമാര്‍ 

സംസ്ഥാനത്ത് ഇക്കുറിയുള്ളത് 2,77,49,159 വോട്ടർമാര്‍. ഇവരിൽ 1,43,33,499 പേർ സ്ത്രീകളാണ്. ആകെ വോട്ടർമാരിൽ 5,34,394 പേർ 18–19 പ്രായക്കാരായ കന്നിവോട്ടർമാരാണ്. കൂടാതെ 2,64,232 ഭിന്നശേഷി വോട്ടർമാരും 367 ഭിന്നലിംഗ വോട്ടർമാരും സംസ്ഥാനത്തുണ്ട്.

എട്ട് ജില്ലകളില്‍ വെബ് കാസ്റ്റിങ്

സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പ് ഉറപ്പുവരുത്തുന്നതിന് സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവൻ ബൂത്തുകളിലും ബാക്കി ആറ് ജില്ലകളിലെ 75 ശതമാനം ബൂത്തുകളിലും തത്സമയ നിരീക്ഷണത്തിന് വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ സഞ്ജയ് കൗള്‍. കാസർകോട്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിലെ മുഴുവൻ ബൂത്തുകളിലുമാണ് തത്സമയ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. 

ഒന്നിലധികം ബൂത്തുകളുള്ള വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രിക്കുന്നതിന് ബൂത്തുകൾക്ക് പുറത്തും കാമറ സ്ഥാപിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലും 20 ലോക്‌സഭാ മണ്ഡലങ്ങളിലെ ആർഒമാരുടെ കീഴിലും സജ്ജമാക്കിയിട്ടുള്ള കൺട്രോൾ റൂമുകളിലും വെബ്കാസ്റ്റിങ് ദൃശ്യങ്ങൾ തത്സമയം നിരീക്ഷിക്കുന്നുണ്ട്.
സ്ട്രോങ് റൂമുകളിലും വോട്ടെണ്ണൽ കേന്ദ്രങ്ങളിലും ഇതേ രീതിയിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും പ്രായ, ലിംഗ ഭേദമന്യേ മുഴുവൻ വോട്ടർമാരും സമ്മതിദാന അവകാശം വിനിയോഗിച്ച് രാഷ്ട്ര നിർമ്മാണപ്രക്രിയയിൽ പങ്കാളികളാകണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ അഭ്യർത്ഥിച്ചു. 

88 മണ്ഡലങ്ങള്‍; ആകെ 1202 സ്ഥാനാര്‍ത്ഥികള്‍

ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടാംഘട്ട വോട്ടെടുപ്പില്‍ ഇന്ന് വിധിയെഴുതുക 13 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 88 മണ്ഡലങ്ങള്‍. 15.88 കോടിപ്പേര്‍ ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കും. കേരളത്തിലെ 20 സീറ്റിന് പുറമെ കര്‍ണാടക (14), രാജസ്ഥാന്‍ (13), മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് (എട്ട് വീതം), മധ്യപ്രദേശ് (ഏഴ്), അസം, ബിഹാര്‍ (അഞ്ച് വീതം), ഛത്തീസ്ഗഡ്, പശ്ചിമബംഗാള്‍ (മൂന്ന് വീതം), മണിപ്പൂര്‍, ത്രിപുര, ജമ്മുകശ്മീര്‍ (ഒന്ന് വീതം) സീറ്റുകളിലേക്കുമാണ് ഇന്ന് പോളിങ്ങ് നടക്കുക. 1.67 ലക്ഷം പോളിങ് സ്റ്റേഷനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 

ആകെ 1202 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുക. ആനിരാജ, രാഹുല്‍ ഗാന്ധി, ഹേമാ മാലിനി, ഓം ബിര്‍ള, സുരേഷ് ഗോപി തുടങ്ങിയ നിരവധി പ്രമുഖര്‍ ഈ ഘട്ടത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്. രണ്ടാം ഘട്ടത്തോടെ കേരളത്തിന് പുറമെ ത്രിപുരയിലും രാജസ്ഥാനിലും വോട്ടെടുപ്പ് പൂര്‍ത്തിയാകും.
മേയ് ഏഴിനാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുക. മേയ് 13,20,25, ജൂണ്‍ ഒന്ന് തീയതികളിലായി തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 സീറ്റുകളിലേക്കാണ് ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ജൂണ്‍ നാലിനാണ് ഫലപ്രഖ്യാപനം.

Eng­lish Sum­ma­ry: Ker­ala to judge

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.