23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

മയക്കുമരുന്നിനെതിരെ രണ്ടുകോടി ഗോളടിക്കാൻ കേരളം

Janayugom Webdesk
തിരുവനന്തപുരം
November 16, 2022 8:33 am

മയക്കുമരുന്നിനെതിരെയുള്ള രണ്ടാംഘട്ട പ്രചാരണത്തിന്റെ ഭാഗമായുള്ള ‘ഗോള്‍ ചലഞ്ച്’ പരിപാടിക്ക് ഇന്ന് തുടക്കമാകും. മയക്കുമരുന്നിനെതിരെ ഫുട്ബോള്‍ ലഹരി എന്ന മുദ്രാവാക്യമുയര്‍ത്തി രണ്ട് കോടി ഗോളടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കും. തിരുവനന്തപുരം സെൻട്രല്‍ സ്റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന പരിപാടിയില്‍ മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കായിക താരങ്ങള്‍, സാംസ്കാരികരംഗത്തെ പ്രമുഖര്‍ എന്നിവരെല്ലാം ഗോളടിച്ച് പങ്കെടുക്കും. എല്ലാ വിദ്യാലയങ്ങളിലും തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലും പൊതു-സ്വകാര്യ ഓഫീസുകളിലും കമ്പനികളിലും ഐടി പാര്‍ക്കുകളിലും അയല്‍ക്കൂട്ടങ്ങളിലും പൊതുവിടങ്ങളിലുമെല്ലാം ഗോള്‍ ചലഞ്ച് സംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഡിസംബര്‍ 18ന് ഗോള്‍ ചലഞ്ച് അവസാനിക്കും. ‍രണ്ടാം ഘട്ട മയക്കുമരുന്ന് വിരുദ്ധ പ്രചാരണം ജനുവരി 26 വരെയാണെന്ന് എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡിലും വിദ്യാലയങ്ങളിലും നാളെ മുതല്‍ 25 വരെയാണ് ക്യാമ്പയിൻ. സാധ്യമായ ഇടങ്ങളില്‍ ഡിസംബര്‍ 18 വരെ ഗോള്‍ പോസ്റ്റ് നിലനിര്‍ത്താം. പെൺകുട്ടികളുടെയും യുവതികളുടെയും പ്രാതിനിധ്യം ഗോള്‍ ചലഞ്ചില്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനതലത്തിലും സ്കൂള്‍ തലത്തിലും വിപുലമായ ഉദ്ഘാടന പരിപാടിയും സംഘടിപ്പിക്കും. പെനാല്‍ട്ടി ഷൂട്ടൗട്ട് മത്സരം, ഫുട്ബോള്‍ ക്വിസ് തുടങ്ങിയവയും സംഘടിപ്പിക്കും. സ്കൂള്‍/കോളജ് ഹോസ്റ്റലുകളിലും പ്രത്യേകം പോസ്റ്റ് ഒരുക്കണം. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളില്‍ നാളെ മുതല്‍ രണ്ട് ദിവസങ്ങളിലായി ഗോള്‍ ചലഞ്ച് നടക്കും. എല്ലാ കുടുംബശ്രീ അംഗങ്ങളും ഗോളടിച്ച് ക്യാമ്പയിന്റെ ഭാഗമാകും.

സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ കമ്പനികള്‍, ഐടി പാര്‍ക്കുകള്‍, റസിഡന്റ് അസോസിയേഷനുകള്‍ എന്നിവിടങ്ങളില്‍ 28 മുതല്‍ ഡിസംബര്‍ 10 വരെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. ബസ് സ്റ്റാൻഡുകളിലും പൊതു സ്ഥലങ്ങളിലും ഡിസംബര്‍ 10 മുതല്‍ 18 വരെ ഫ്ലാഷ് മോബിന്റെ അകമ്പടിയോടെ ഗോള്‍ ചലഞ്ച് സംഘടിപ്പിക്കും. പുറമേ സംസ്ഥാന‑ജില്ലാ-തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ സെലിബ്രിറ്റി ഫുട്ബോള്‍ മത്സരങ്ങളും സംഘടിപ്പിക്കും. സംസ്ഥാന ജില്ലാ സ്പോര്‍ട്സ് കൗൺസിലുകള്‍, കേരള ഒളിമ്പിക് അസോസിയേഷൻ, തദ്ദേശ സ്വയം ഭരണ സ്ഥാപനതല സ്പോര്‍ട്സ് കൗൺസിലുകള്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണ് പരിപാടികള്‍ നടക്കുക.

ഗോള്‍ ചലഞ്ച്

തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലെയും സ്ഥാപനങ്ങളിലെയും വിദ്യാലയങ്ങളിലെയും സ്ഥാപനങ്ങളിലെയും പ്രധാന കേന്ദ്രങ്ങളില്‍ ഒരു പോസ്റ്റ് തയാറാക്കി എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും വന്ന് ഗോളടിക്കാൻ കഴിയുന്ന രീതിയിലാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. ഗോള്‍ പോസ്റ്റിലും സമീപത്തും മയക്കുമരുന്നിനെതിരെയുള്ള പ്രചാരണം ഒരുക്കും. ബോളിലും നോ ടു ഡ്രഗ്സ് എന്ന് പതിപ്പിക്കണം. ഓരോ പോസ്റ്റിലും ഗോള്‍ ചലഞ്ച് ഉദ്ഘാടനവും പെനാല്‍ട്ടി ഷൂട്ടൗട്ട് ഉള്‍പ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിക്കും. അടിക്കുന്നയാളിന്റെ പേരും ഗോളുകളുടെ എണ്ണവും രേഖപ്പെടുത്താനും സംവിധാനം ഒരുക്കാം. ചലഞ്ച് അവസാനിക്കുമ്പോള്‍ ആകെ അടിച്ച ഗോളുകളുടെ എണ്ണം ഓരോ കേന്ദ്രത്തിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ലോകകപ്പ് മത്സരങ്ങളുടെ പൊതു പ്രദര്‍ശന കേന്ദ്രങ്ങള്‍ക്ക് സമീപം പോസ്റ്റുകളൊരുക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശ്രദ്ധിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തില്‍ ലോകകപ്പ് മത്സരങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളില്‍ ലഹരിക്കെതിരെയുള്ള ബോധവല്ക്കരണ വീഡിയോകള്‍ പ്രദര്‍ശിപ്പിക്കും. കളിക്ക് മുൻപും ഇടവേളയിലും ഫുട്ബോള്‍, മയക്കുമരുന്ന് വിരുദ്ധ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Eng­lish Summary:Kerala to score two crore against drugs
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.