18 November 2024, Monday
KSFE Galaxy Chits Banner 2

ഹെൽത്ത് കാർഡ്: ടൈഫോയിഡ് വാക്സിനേഷൻ നിബന്ധമാക്കിയ ഉത്തരവ് പിൻവലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

Janayugom Webdesk
കോഴിക്കോട്
February 9, 2023 9:03 pm

ഭക്ഷ്യ നിർമ്മാണ‑വിതരണ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നൽകുമ്പോൾ പാലിക്കപ്പെടേണ്ട മാനദണ്ഡങ്ങളെക്കുറിച്ച് ആരോഗ്യ വകുപ്പ് ഡയരക്ടർ ഡോ. വി മീനാക്ഷി പുറപ്പെടുവിച്ച ഉത്തരവിലുള്ള അവ്യക്തതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നിവേദനം നൽകി. ഉത്തരവിൽ പറഞ്ഞിരിക്കുന്ന പല നിർദ്ദേശങ്ങളും നടപ്പിലാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. ഈ നിർദ്ദേശങ്ങൾ വ്യാപാര മേഖലക്ക് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഒന്നാണ്.

ഉത്തരവിൽ പറഞ്ഞിരിക്കുന്ന ക്ലിനിക്കൽ പരിശോധനകൾ ഇപ്പോൾ തന്നെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പാലിക്കുന്നുണ്ട്. കാഴ്ചശക്തി പരിശോധനയും പാലിക്കുന്നതിൽ വ്യാപരികൾക്കും തൊഴിലാളികൾക്കും യാതൊരു ബുദ്ധിമുട്ടുമില്ല. എന്നാൽ രോഗ പ്രതിരോധ നടപടികളുടെ ഭാഗമായ് നിരവധി നിർദ്ദേശങ്ങൾ വ്യാപാരികളുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. ടൈഫോയ്ഡ് വാക്സിൻ എടുക്കണമെന്ന നിർദ്ദേശം നിലവിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തൊഴിലാളികൾക്കും ചെറുകിട വ്യാപാരികൾക്കും അധിക സാമ്പത്തികഭാരം വരുത്തിവെക്കും.

ലാബ് പരിശോധനകൾ രോഗലക്ഷണങ്ങൾ ഉണ്ടങ്കിൽ മാത്രം ചെയ്താൽ മതി എന്ന നിർദ്ദേശത്തിന്റെ മറവിൽ തൊഴിലാളികളെയും വ്യാപാരികളെയും കൊണ്ട് ആരോഗ്യ പ്രവർത്തകർ നിർബന്ധിച്ച് ലാബ് ടെസ്റ്റ് ചെയ്യിപ്പിക്കുകയും അതിന്റെ പേരിൽ തൊഴിലാളികൾക്കും വ്യാപാരികൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യും. ഡോക്ടർമാർ സ്വകാര്യ ലാബുകളുമായി ചേർന്ന് കമ്മീഷൻ വ്യവസ്ഥയിൽ ടെസ്റ്റുകൾക്ക് എഴുതിയാൽ അതിന്റെ ബാധ്യതയും തൊഴിലാളികൾക്കും വ്യാപാരികൾക്കുമാണ്. ഇത്തരം അവ്യക്തതകൾ നിറഞ്ഞ നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയ ഉത്തരവ് പിൻവലിച്ച് വ്യാപാരികളെയും തൊഴിലാളികളെയും ആരോഗ്യപ്രവർത്തകർ ചൂഷണം ചെയ്യാത്ത തരത്തിൽ പുതിയ ഉത്തരവ് ഇറക്കണം. ഹെൽത്ത് കാർഡ് എടുക്കുവാനുള്ള നിലവിലെ സമയപരിധി ഫെബ്രുവരി 15 എന്നത് മാർച്ച് 31 വരെ ആക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.