ഹിന്ദുസ്ഥാൻ ലാറ്റക്സ് ലിമിറ്റഡ് കേന്ദ്ര സർക്കാർ സ്വകാര്യവൽക്കരിക്കുന്നതിന്റെ ഭാഗമായുള്ള ലേല നടപടികളിൽ കേരളവും പങ്കെടുക്കും. കമ്പനിയുടെ കേരളത്തിലുള്ള ആസ്തികൾ ഏറ്റെടുക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനായി കെഎസ്ഐഡിസിയെ ചുമതലപ്പെടുത്താൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
സ്വകാര്യ ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ മരണം സംഭവിച്ച കോഴിക്കോട് പുതിയങ്ങാടി എടക്കാടിലെ ചിത്രാംഗണിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷം രൂപ അനുവദിക്കും.
കേരളത്തിലെ സ്പെഷ്യൽ സ്കൂളുകളിലെ സ്പീച്ച് തെറാപ്പിസ്റ്റ് തസ്കയുടെ പേര് ഓഡിയോളജിസ്റ്റ് കം സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ് എന്ന് മാറ്റും.
പാത്തോളജി (ബിഎഎസ്എൽപി)/ബിഎസ്‌സി സ്പീച്ച് ആന്റ് ഹിയറിങ് അല്ലെങ്കിൽ ആർസിഐ രജിസ്ട്രേഷനുള്ള ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് പാത്തോളജിസ്റ്റ്/ സ്പീച്ച് തെറാപിസ്റ്റ് തത്തുല്ല്യ യോഗ്യതയും വിദ്യാഭ്യാസ യോഗ്യതയായി ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കും.
————————————————————–
തിരുവനന്തപുരം: സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ 24 ലാബ് അസിസ്റ്റന്റ് (ഡയാലിസിസ്) തസ്തികകൾ സൃഷ്ടിക്കാൻ ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജുകളിൽ നാല് വീതവും കോട്ടയം, തൃശൂർ, മഞ്ചേരി, എറണാകുളം, ഇടുക്കി, കൊല്ലം മെഡിക്കൽ കോളേജുകളിൽ രണ്ട് വീതവും തസ്തികകളാണ് സൃഷ്ടിക്കുക.
പൊലീസ് വകുപ്പിൽ ക്രൈം ബ്രാഞ്ചിൽ നാല് ലീഗൽ അഡ്വൈസർ തസ്തികകൾ സൃഷ്ടിക്കും.
കേരള പബ്ലിക്ക് സർവീസ് കമ്മിഷനിൽ നിലവിലുള്ള ഒഴിവിൽ വി ആർ രമ്യയെ നിയമിക്കാൻ തീരുമാനിച്ചു. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ടെക്നോളജിയിൽ അധ്യാപികയായ ഇവർ തിരുവനന്തപുരം കുഴിവിള സ്വദേശിനിയാണ്.
വിവിധ പൊതുമേഖല സ്ഥാപനങ്ങളിൽ മാനേജിങ് ഡയറക്ടർമാരെ നിയമിക്കും.
ടി ജി ഉല്ലാസ് കുമാറിനെ സ്റ്റീൽ ഇന്‍ഡസ്ട്രിയൽസ് കേരള ലിമിറ്റഡിന്റെയും കെ ലക്ഷ്മിനാരായണനെ മെറ്റൽ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെയും വി കെ പ്രവിരാജിനെ ഓട്ടോ കാസ്റ്റ് ലിമിറ്റഡിന്റെയും ഇ എ സുബ്രഹ്മണ്യനെ കെഎസ്ഡിപി ലിമിറ്റഡിന്റെയും മാനേജിങ് ഡയറക്ടർമാരായി നിയമിക്കും.
————————————————————————
തിരുവനന്തപുരം: കണ്ണുർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണകേന്ദ്രത്തിന്റെ തുടർ ഘട്ടങ്ങൾക്ക് ഭൂമിയേറ്റെടുക്കുന്നതിന് കൂടുതൽ തുക വകയിരുത്തി മന്ത്രിസഭായോഗം ഭരണാനുമതി നല്‍കി. നേരത്തെ ഭരണാനുമതി നല്കിയ 80 കോടി രൂപയ്ക്ക് പുറമേ 34 കോടി രൂപ കൂടി ഉൾപ്പെടുത്തി 114 കോടി രൂപ കിഫ്ബി ഫണ്ട് തേടുന്നതിനുള്ള അനുമതിയാണ് നൽകിയത്.
എയർ ഇന്ത്യയുടെ ഉടമസ്ഥതയിലും കൈവശവും ഇരിക്കുന്ന തിരുവനന്തപുരം കവടിയാർ വില്ലേജിലെ 34.92 ആർ ഭൂമിയും അതിലെ കെട്ടിടങ്ങളും സർക്കാർ വാങ്ങും. നെഗോഷിയേഷൻ കമ്മിറ്റി ശുപാർശപ്രകാരം എയർ ഇന്ത്യയ്ക്ക് 11,24,23,814 രൂപ ന്യായവില നല്കി പൊതു ആവശ്യത്തിന് സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും ഉൾക്കൊള്ളിക്കുന്നതിന് സർക്കാരിലേക്ക് വാങ്ങാൻ അനുമതി നൽകുക.
റീബിൽഡ് കേരള ഇനീഷ്യേറ്റീവിന് കീഴിൽ ഏറ്റെടുക്കുന്നതിന് വിവിധ വകുപ്പുകൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങളും മന്ത്രിസഭായോഗം അംഗീകരിച്ചു.
കേരള വാട്ടർ അതോറിറ്റി പമ്പ് ഹൗസുകളുടെ ഓട്ടോമേഷൻ, വർക്കല മുനിസിപ്പാലിറ്റിക്ക് സെപ്റ്റേജ് സംസ്കരണ പ്ലാന്റ് സ്ഥാപിക്കൽ, കൊല്ലം ജില്ലയിലെ മയ്യനാട് ഗ്രാമ പഞ്ചായത്തിൽ സ്വീവേജ് സംസ്കരണ പ്ലാന്റ് സ്ഥാപിക്കൽ തുടങ്ങിയ നിര്‍ദേശങ്ങൾ 27.67 കോടി രൂപ ചെലവിൽ ആർകെഐയ്ക്ക് കീഴിൽ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.