9 December 2025, Tuesday

Related news

December 9, 2025
December 9, 2025
December 9, 2025
December 8, 2025
December 8, 2025
December 8, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025

കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റും: മുഖ്യമന്ത്രി

Janayugom Webdesk
കൊച്ചി
August 30, 2025 10:09 pm

പുതിയ കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് കേരളത്തെ വിജ്ഞാന സമ്പദ്‌വ്യവസ്ഥയായി മാറ്റിത്തീർക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പാണ് സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്കിൽ കേരള ഗ്ലോബൽ സമ്മിറ്റ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പുരോഗതിയുടെ ഉന്നത തലങ്ങളിലേക്ക് നമ്മുടെ നാടിനെ എത്തിക്കാനുള്ള വഴികളിലൊന്നാണിത്. വിജ്ഞാന സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വളർച്ചയിൽ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങൾക്കും സേവനങ്ങൾക്കും വലിയ പ്രാധാന്യമാണുള്ളത്. നൈപുണ്യ വികസനത്തിലെ നൂതനമായ രീതികൾ ചർച്ച ചെയ്യുന്നതിന് ലക്ഷ്യമിട്ടാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചത്. തൊഴിൽ മേഖലയിലെ പുതിയ അവസരങ്ങൾ, കേരളത്തിന്റെ സാധ്യതകൾ, നൈപുണിയും വിദ്യാഭ്യാസവും, ഇന്നൊവേഷൻ എക്കോസിസ്റ്റം നിർമ്മിതി, വർക്ക് ഫ്രം കേരള വർക്ക് ഫോർ വേൾഡ് തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വിലപ്പെട്ട ചർച്ചകൾ സമ്മിറ്റിന്റെ ഭാഗമായി നടന്നിട്ടുണ്ട്. ഓസ്ട്രേലിയ, കൊറിയ, സിംഗപ്പൂർ, ജർമ്മനി, ബ്രിട്ടൻ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും നിക്ഷേപകരും സമ്മിറ്റിൽ പങ്കെടുത്തു. അന്താരാഷ്ട്ര ഏജൻസികളായ ഐഎൽഒ, വേൾഡ് ബാങ്ക്, എഡിബി, യുഎൻഡി പി തുടങ്ങിയവയിലെ വിദഗ്ധരുടെ സാന്നിധ്യവും പ്രയോജനപ്പെട്ടു.

വിജ്ഞാന കേരളം പദ്ധതിയിലൂടെ ഈ അക്കാദമിക് വർഷാവസാനത്തോടെ രണ്ട് ലക്ഷം അവസാന വർഷ വിദ്യാർത്ഥികൾക്ക് നൈപുണി പരിശീലനം നൽകാനും, ഒരു ലക്ഷം പേർക്കെങ്കിലും തൊഴിൽ നൽകാനുമുള്ള ബൃഹത് പരിപാടിയാണ് സംസ്ഥാന സർക്കാർ ആരംഭിച്ചിട്ടുള്ളത്.
വിജ്ഞാന സമൂഹത്തിലേക്കുള്ള കേരളത്തിന്റെ പരിവർത്തനത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്ന സമൂലമായ മാറ്റങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. മൂല്യങ്ങളും അക്കാദമിക് സ്വാതന്ത്ര്യവും പൊതുവിദ്യാഭ്യാസ സംവിധാനത്തിന് നാം നൽകുന്ന പ്രാധാന്യവും നിലനിർത്തിക്കൊണ്ട് തന്നെ ഉന്നത വിദ്യാഭ്യാസത്തെ എങ്ങനെ നവീകരിക്കാം എന്നതിനാണ് സംസ്ഥാന സർക്കാർ ഊന്നൽ നൽകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ സുബ്രതോ ബാഗ്ചി എഴുതിയ “ദി ഡേ ദി ചാരിയറ്റ് മൂവ്ഡ്” എന്ന പുസ്തകം ധനമന്ത്രി കെ എൻ ബാലഗോപാൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. വി പി ജഗതി രാജിന് നൽകിപ്രകാശനം ചെയ്തു.
സമ്മിറ്റിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.