4 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 3, 2025
March 31, 2025
March 29, 2025
March 27, 2025
March 11, 2025
March 7, 2025
March 3, 2025
February 5, 2025
January 31, 2025
January 17, 2025

ദേശീയ വിദ്യാഭ്യാസ നയത്തിലെ രീതി പൂര്‍ണമായും കേരളം നടപ്പാക്കില്ല: സ്കൂള്‍ പ്രവേശനത്തിന് അഞ്ച് വയസ് തുടരും

സ്വന്തം ലേഖിക
തിരുവനന്തപുരം
September 22, 2023 7:01 pm

സംസ്ഥാനത്ത് സ്കൂള്‍ പ്രവേശനത്തിന് അഞ്ച് വയസ് എന്ന രീതി തന്നെ തുടരും. എസ്‌സിഇആർടി തയ്യാറാക്കിയ കേരള പാഠ്യപദ്ധതി പരിഷ്കരണം സംബന്ധിച്ച ചട്ടക്കൂടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ സ്കൂൾ പ്രവേശന രീതി പൂർണമായും കേരളം നടപ്പാക്കില്ലെന്നാണ് ചട്ടക്കൂടില്‍ പറയുന്നത്. ആറാം വയസിൽ ഒന്നാം ക്ലാസില്‍ പ്രവേശനമെന്നാണ് ദേശീയ വിദ്യാഭ്യാസ നയത്തിലെ നിർദേശം. എന്നാല്‍ പ്രീ പ്രൈമറി ഘട്ടം അഞ്ചു വയസിൽ പൂർത്തിയാക്കി കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നതാണ് കേരളത്തിലെ രീതി. ഈ രീതി തുടരുമെന്നാണ് ചട്ടക്കൂടിൽ വ്യക്തമാക്കുന്നത്. 

മൂന്നു മുതൽ ആറ് വയസ് വരെയുള്ള (പ്രീ പ്രൈമറി) കുട്ടികൾക്ക് വിദ്യാഭ്യാസവും പരിരക്ഷയും അതത് സംസ്ഥാന — തദ്ദേശ സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പാക്കണമെന്ന് വിദ്യാഭ്യാസ അവകാശ നിയമം (ആർടിഇ) അനുശാസിക്കുന്നുവെന്നതിനാൽ ശിശുവിദ്യാഭ്യാസം പ്രാദേശിക സർക്കാരുകളുടെ ചുമതലയാണെന്നാണ് ചട്ടക്കൂടിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ഈ പ്രായക്കാർക്ക് ദേശീയ വിദ്യാഭ്യാസ നയത്തിൽ മൂന്ന് വർഷത്തെ അങ്കണവാടി/ പ്രീ പ്രൈമറി ആണ് നിർദേശിക്കുന്നത്. എന്നാൽ, കേരളത്തിലെ സർക്കാർ സ്‌കൂളുകളിൽ പ്രീ പ്രൈമറി ഔദ്യോഗികമായി ഒരു വർഷമാണ്. 2013ൽ ആർടിഇ നടപ്പാക്കിയപ്പോൾ ആറു വയസ് ഒന്നാം ക്ലാസ് പ്രവേശന പ്രായമായി കണക്കാക്കി ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഒരു ഘട്ടമായും ആറ്, ഏഴ്, എട്ട് ക്ലാസുകൾ അടുത്ത ഘട്ടമായുമുള്ള എലിമെന്ററി വിദ്യാഭ്യാസവും ഒമ്പത്, പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഉൾപ്പെടുന്ന സെക്കന്ററി ഘട്ടവുമായിരുന്നു വ്യവസ്ഥ ചെയ്തിരുന്നത്. ഇത് മറികടക്കാൻ അന്ന് സർക്കാർ പ്രത്യേകം ഉത്തരവിറക്കുകയായിരുന്നു. 

ശൈശവകാല വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഓരോ പ്രായത്തിലും നൽകേണ്ട പ്രവർത്തനങ്ങൾ എപ്രകാരമായിരിക്കണമെന്ന് സർക്കാർ തലത്തിൽ തീരുമാനിക്കുമെന്നും ആവശ്യമെങ്കിൽ ഇതിനായി നിയമ നിർമ്മാണം നടത്തണമെന്നും ചട്ടക്കൂടിൽ നിർദേശിക്കുന്നു. അതേസമയം, ദേശീയ വിദ്യാഭ്യാസ നയത്തിലെ മൂന്നുവർഷ പ്രീ പ്രൈമറി മാതൃക ഏത് തരത്തിൽ വേണമെന്ന കാര്യത്തിൽ സംസ്ഥാനം ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. വ്യാഴാഴ്ചയാണ് കരട് ചട്ടക്കൂട് പ്രകാശനം ചെയ്തത്. കരടിന്മേല്‍ പൊതുജനങ്ങള്‍ക്ക് പത്തു ദിവസം കൂടി അഭിപ്രായം അറിയിക്കാം.

Eng­lish Sum­ma­ry: Ker­ala will not ful­ly imple­ment the approach in the Nation­al Edu­ca­tion Pol­i­cy: school entry will remain at five years

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.