
കേരളപ്പിറവി ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് കൈ നിറയെ ഓഫറുകളുമായി സപ്ലൈകോ. സപ്ലൈകോയുടെ 50ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവും വമ്പന്‍ ഓഫറുകളും നൽകുന്നത്. നാളെ മുതൽ 50 ദിവസത്തേക്കാണ് ഓഫറുകള്‍ ലഭിക്കുക. പ്രതിമാസം കാർഡൊന്നിന് നിലവില്‍ 319 രൂപ നിരക്കില്‍ സപ്ലൈകോ വില്പനശാലകളില്‍ ലഭ്യമാകുന്ന ഒരു ലിറ്റർ വെളിച്ചെണ്ണ രണ്ട് ലിറ്ററായി വർധിപ്പിക്കും. സബ്സിഡി ഇതര ശബരി വെളിച്ചെണ്ണ 359 രൂപയ്ക്കും കേര വെളിച്ചെണ്ണ 429 രൂപയ്ക്കും ഇനി മുതല്‍ ലഭ്യമാക്കും. ഓണത്തോടനുബന്ധിച്ച് 25 രൂപ നിരക്കില്‍ കാർഡൊന്നിന് പ്രതിമാസം 20 കിലോ ഗ്രാം പച്ചരി അല്ലെങ്കില്‍ പുഴുക്കലരി നല്‍കി വന്നിരുന്നത് തുടർന്നും സ്ഥിരമായി ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡിയിതര ഉല്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നൽകും. നിലവിൽ സപ്ലൈകോയിൽ ലഭിക്കുന്ന വിലക്കുറവിന് പുറമേയാണിത്. ആയിരം രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഒരു കിലോ പഞ്ചസാര അഞ്ച് രൂപയ്ക്ക് ലഭിക്കും. 500 രൂപയ്ക്ക് മുകളിൽ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 250 ഗ്രാമിന്റെ ശബരി ഗോൾഡ് തേയില നിലവിലെ വിലയിൽ നിന്ന് 25 ശതമാനം വിലക്കുറവിൽ ലഭിക്കും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകളിൻമേൽ സപ്ലൈകോ വില്പനശാലകളിൽ യുപിഐ മുഖേന പണം അടക്കുകയാണെങ്കിൽ അഞ്ചു രൂപ വിലക്കുറവും ലഭിക്കും. സപ്ലൈകോ വില്പന ശാലകളിൽ ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇത് .
ശബരി അപ്പം പൊടിയും പുട്ടുപൊടിയും 50 ശതമാനം വിലക്കുറവിൽ നൽകും. കിലോക്ക് 88 രൂപ വിലയുള്ള ഈ ഉല്പന്നങ്ങൾ നവംബർ ഒന്നു മുതൽ 44 രൂപയ്ക്ക് സപ്ലൈകോ വില്പനശാലകളിൽ ലഭിക്കും. വില്പനശാലകളിലെ തിരക്ക് ക്രമീകരിക്കുന്നതിനായി വൈകിട്ട് അഞ്ചിന് മുമ്പ് വാങ്ങുന്ന തെരഞ്ഞെടുക്കപ്പെട്ട ബ്രാൻഡഡ് നിത്യോപയോഗ ഉല്പന്നങ്ങൾക്ക് അഞ്ച് ശതമാനം അധിക വിലക്കുറവും ലഭിക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും എത്തുന്ന വിധത്തിൽ സഞ്ചരിക്കുന്ന സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ നാളെ മുതൽ പ്രവർത്തനമാരംഭിക്കും. സഞ്ചരിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളുടെ സംസ്ഥാനതല ഫ്ലാഗ് ഓഫ് നാളെ തിരുവനന്തപുരത്ത് നടക്കും. സബ്സിഡി സാധനങ്ങളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങളും സഞ്ചരിക്കുന്ന സൂപ്പർമാർക്കറ്റുകളിൽ ലഭ്യമാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.