സുസ്ഥിര വികസന സൂചികയിൽ കേരളം ഇന്ത്യയിൽ വീണ്ടും ഒന്നാമത്. ജനക്ഷേമവും സാമൂഹ്യപുരോഗതിയും മുൻനിർത്തി ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്കും അതിനു ജനങ്ങൾ നൽകുന്ന പിന്തുണയ്ക്കുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ലിംഗസമത്വം, അസമത്വം, ഊർജം, വ്യവസായം, പരിസ്ഥിതി, ശുദ്ധജലം തുടങ്ങി 16 വികസന ലക്ഷ്യങ്ങൾ അടിസ്ഥാനമാക്കി നിതി ആയോഗ് തയ്യാറാക്കുന്ന പട്ടികയിൽ തുടർച്ചയായി കേരളം ഒന്നാം സ്ഥാനത്താണ്. 2020–21ൽ പുറത്തിറക്കിയ സുസ്ഥിര വികസന സൂചികയിൽ 75 പോയിന്റോടെയായിരുന്നു കേരളം ഒന്നാമതെത്തിയതെങ്കിൽ പുതിയ വികസന സൂചികയിൽ നാല് പോയിന്റ് കൂടി ഉയർത്തി 79 പോയിന്റോടെയാണ് ഒന്നാമതെത്തിയത്.
കേരളത്തിനൊപ്പം ഉത്തരാഖണ്ഡും ഒന്നാംസ്ഥാനത്തുണ്ട്.
തമിഴ്‌നാട് (78), ഗോവ (77) എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ മാനദണ്ഡങ്ങൾ ഉപയോഗിച്ച് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. ബിഹാർ (57), ഝാര്‍ഖണ്ഡ് (62), നാഗാലാൻഡ് (63) എന്നിവയാണ് ഈ വർഷത്തെ സൂചികയിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങൾ. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ, ചണ്ഡീഗഢ്, ജമ്മു കശ്മീർ, പുതുച്ചേരി, ആന്‍ഡമാൻ നിക്കോബാർ ദ്വീപുകൾ, ഡൽഹി എന്നിവ മികച്ച പ്രകടനം കാഴ്ചവച്ചതായി നിതി ആയോഗ് റിപ്പോര്‍ട്ട് പറയുന്നു.
2023–24 വർഷത്തിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള സുസ്ഥിര വികസന ലക്ഷ്യം 71 ആയി ഉയർന്നു. 2020–21ല്‍ ഇത് 66 ആയിരുന്നു. ദാരിദ്ര്യം ഇല്ലാതാക്കുക, മാന്യമായ തൊഴില്‍ ഉറപ്പാക്കുക, സാമ്പത്തിക വളര്‍ച്ച നേടുക, ഭൂമി ആവാസ യോഗ്യമാക്കി നിലനിര്‍ത്താനുള്ള കാലാവസ്ഥ അനുകൂല പ്രവൃത്തികളില്‍ ഏര്‍പ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളില്‍ സംസ്ഥാനങ്ങള്‍ 2020–21 നെ അപേക്ഷിച്ച് പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലിംഗ സമത്വം, സമാധാനം, നീതി, ശക്തമായ ഭരണ സംവിധാനം എന്നീ കാര്യങ്ങളില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ചെറിയ പുരോഗതിയും ഉണ്ടായി. എന്നാൽ 2020–21 ല്‍ അസമത്വം കുറയ്ക്കുക എന്ന ലക്ഷ്യത്തിന് രാജ്യം 67 പോയിന്റുകള്‍ നേടിയിരുന്നുവെങ്കില്‍ ഇത്തവണയത് 65 ആയി കുറഞ്ഞു. സമ്പത്തിന്റെ വിതരണത്തില്‍ വരുന്ന ഏറ്റക്കുറച്ചിലുകള്‍ കൂടി ഇക്കാര്യത്തില്‍ പ്രതിഫലിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടുണ്ട്.
English Summary: Kerala’s achievement in Sustainable Development Index; Approval for Government Activities: Chief Minister
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.