ചരിത്രത്തിലാദ്യമായി രഞ്ജിട്രോഫി ഫൈനലിൽ എത്തിയ കേരളം ജയസമാനമായ നേട്ടമാണ് സ്വന്തമാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രഞ്ജിട്രോഫി ഫൈനലിലെത്തിയ കേരള ക്രിക്കറ്റ് ടീമിന് ആദരം നൽകുന്നതിന് കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വിദർഭക്കെതിരായി ആദ്യ ഇന്നിങ്സിൽ ലീഡ് നേടാനായിരുന്നെങ്കിൽ രഞ്ജിട്രോഫി ഫലം മറിച്ചാകുമായിരുന്നു. അടുത്ത തവണ കപ്പ് നേടുന്നതിനുള്ള ചവിട്ടു പടിയായി നമുക്ക് ഈ നേട്ടത്തെ കരുതാം. കായിക ഇനങ്ങളോട് എന്നും മമത കാട്ടിയ സംസ്ഥാനമാണ് കേരളം. ഒളിമ്പിക്‌സിലടക്കം ശ്രദ്ധേയമായ പ്രകടനം നടത്തിയ നിരവധി കായിക താരങ്ങൾ നമുക്കുണ്ട്. ഫുട്‌ബോളിൽ ദേശീയ നിലവാരത്തിൽ ശ്രദ്ധേയമായ നിരവധി താരങ്ങളുണ്ടായി. അതേ സമയം എന്നും ക്രിക്കറ്റിനോട് ആത്മ ബന്ധം പുലർത്തിയ നാടാണ് നമ്മുടേത്. തലശ്ശേരിയാണ് ഇന്ത്യയിൽ ക്രിക്കറ്റിന്റെ ആദ്യത്തെ നാട്. പരിചയ സമ്പന്നതയും യുവത്വവും ഒന്നു ചേർന്ന വിന്നിങ് കോമ്പോയായ കേരള ക്രിക്കറ്റ് ടീമിനെ കോച്ച് അമയ് ഖുറേസിയയും ക്യാപ്റ്റൻ സച്ചിൻ ബേബിയും കൂടുതൽ കരുത്തുറ്റതാക്കി. തോൽവിയറിയാതെ സെമിയിൽ എത്തിയത് മികച്ച ടീം വർക്കിലൂടെയാണ്. ക്വാർട്ടറിൽ കരുത്തരായ ജമ്മു കശ്മീരിനെയും സെമിയിൽ ഗുജറാത്തിനെയും മറി കടന്നാണ് കേരളം ഫൈനലിൽ എത്തിയത്. കേരള ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ചടുത്തോളം ഈ രഞ്ജിട്രോഫി ആകാംക്ഷയുടെയും പ്രതീക്ഷയുടേതുമായിരുന്നു. മുഹമ്മദ് അസറുദീൻ, സൽമാൻ നിസാർ എന്നിവർ ടൂർണമെന്റിൽ 600 ലധികം റൺ നേടി ജലജ് സക്‌സേനയും ആദിത്യ സർവാ തെയും 75 ഓളം വിക്കറ്റുകൾ വീതം നേടി. ഇവർ മറുനാടൻ കളിക്കാരല്ല മറിച്ച് കേരള സമൂഹത്തിന്റെ തന്നെ ഭാഗങ്ങളാണ്. എം ഡി നിതീഷിന്റെ ബൗളിങ് മികവുമടക്കം മികച്ച പ്രകടനം നടത്തിയ മുഴുവൻ ടീമംഗങ്ങളെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരള ക്രിക്കറ്റിന്റെ വളർച്ചക്ക് പിന്നിൽ കെസിഎ സമാനതയില്ലാത്ത ഇടപെടൽ നടത്തുന്നു. ഗ്രീൻഫീൽഡും തുമ്പയുമടക്കം അത്യാധുനിക സൗകര്യങ്ങളുള്ള പന്ത്രണ്ടോളം സ്റ്റേഡിയങ്ങൾ കെസിഎയുടെ നിയന്ത്രണത്തിൽ ഇന്ന് സംസ്ഥാനത്തുണ്ട്. സർക്കാറിന്റെ പിന്തുണ കേരള ക്രിക്കറ്റ് അസോസിയേഷനുണ്ട്.
പ്രത്യേക കായികനയം രൂപീകരിച്ച് നടപ്പിലാക്കുന്ന സംസ്ഥാന സർക്കാരുമായി കൂടുതൽ സഹകരിച്ച് കെസിഎ ക്രിക്കറ്റ് മേഖലയിൽ മുന്നേറ്റത്തിന് തയാറാകുമെന്നാണ് പ്രതീക്ഷ. ആരോഗ്യമുള്ള മനസും ശരീരവും സൃഷ്ടിച്ച് പുതിയ തലമുറയെ ലഹരിക്കെതിരായ പോരാട്ടത്തിൽ അണിനിരത്താൻ കഴിയുന്ന കായിക പദ്ധതികളുമായി സംസ്ഥാനം മുന്നോട്ട് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രഞ്ജിട്രോഫി റണ്ണേഴ്‌സ് അപ്പ് ട്രോഫി കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സച്ചിൻ ബേബി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. കായികമന്ത്രി അബ്ദുറഹിമാൻ അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, പി രാജീവ്, ജി ആർ അനിൽ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, കെസിഎ സെക്രട്ടറി വിനോദ് എസ് കുമാർ, പ്രസിഡന്റ് ജയേഷ് ജോർജ്, കോച്ച് അമയ് ഖുറേസിയ, കേരള ക്രിക്കറ്റ് ടീം താരങ്ങൾ,കെസിഎ ഭാരവാഹികൾ, മെമ്പർമാർ എന്നിവര്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.