24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

കേരളത്തിന്റെ സ്വപ്‍ന പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി

ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാത
Janayugom Webdesk
മുക്കം
May 28, 2025 8:50 pm

കോഴിക്കോട്-വയനാട് നാലുവരി തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതിയുടെ അനുമതി.മേയ് 14,15 തീയതികളില്‍ നടന്ന കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ യോഗം ആനക്കാംപൊയിൽ –കള്ളാടി–മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ ശിപാർശ നൽകിയതായി ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംസ്ഥാന വിദഗ്ധസമിതി കഴിഞ്ഞ മാർച്ചിൽ തന്നെ പദ്ധതിക്ക് അനുമതി നൽകിയിരുന്നു. ഈ നിർദേശങ്ങൾ അന്തിമമായി അംഗീകരിക്കേണ്ട സംസ്ഥാന പരിസ്ഥിയാഘാത വിലയിരുത്തൽ അതോറിറ്റി അംഗങ്ങളുടെ കാലാവധി അവസാനിച്ചിരുന്നു. ഇതോടെയാണ് കേന്ദ്ര വിദഗ്ധസമിതിയുടെ പരിഗനയ്ക്കു വിട്ടത്. 60 ഉപാധികളോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ധ സമിതി അന്തിമ പാരിസ്ഥിതികാനുമതി നൽകിയത്. ഒരാഴ്ചക്കുള്ളിൽ ഇതു സംബന്ധിച്ച വിജ്ഞാപനമിറങ്ങും. ഇതോടെ പ്രവൃത്തി ആരംഭിക്കാനാവുമെന്നും മുഖ്യമന്ത്രിയുമായി ആലോചിച്ച് വൈകാതെ പ്രവൃത്തി ഉദ്ഘാടനം നടത്തുമെന്നും ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു.
തുരങ്ക പാതയ്ക്ക് അനുമതി നിഷേധിച്ചതായി ഒരു മാസം മുമ്പ് വ്യാപക വാർത്ത പ്രചരിച്ചിരുന്നു. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ഇത്തരം പ്രചാരവേലകൾക്കും ആശങ്കകൾക്കും അറുതിയാവുകയാണെന്നും എം എൽ എ പറഞ്ഞു.

പ്രധാന വ്യവസ്ഥകൾ

തുരങ്കപാത നിർമാണത്തിന്റെ ഖനന സമയത്ത് ഉണ്ടാവാൻ സാധ്യതയുള്ള സ്ഫോടനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സി എസ് ഐ ആർ, സി ഐ എം എഫ് ആർ എന്നിവ നൽകിയിട്ടുള്ള മുഴുവൻ നിർദ്ദേശങ്ങളും പാലിക്കാൻ പദ്ധതി നിർവാഹകർ ശ്രദ്ധിക്കണം. വൈബ്രേഷൻ, പ്രളയം, ഭൂമിശാസ്ത്രപരമായ പഠനങ്ങൾ എന്നിവയിലുള്ള നിർദ്ദേശങ്ങളും പാലിക്കണം. ഇവയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ആറു മാസത്തിൽ ഒരിക്കൽ പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറണം. നാലു ഗ്രൗണ്ട് വൈബ്രേഷൻ മോണിറ്ററിങ്ങ് സ്റ്റേഷനുകൾ നിർമ്മിക്കാനും നിർദ്ദേശമുണ്ട്. നിർമാണജോലിക്കിടെ മണ്ണിടിച്ചിലോ വെള്ളപ്പൊക്കമോ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനായുള്ള സംവിധാനങ്ങളും ഒരുക്കണം.

പശ്ചിമമഘട്ട മലനിരകളിലൂടെ കടന്നു പോകുന്ന പാതക്കിരുവശവും ജൈവവൈവിധ്യ സമ്പന്നമാണ്. സംരക്ഷണ പട്ടികയിലുള്ള ബാണാസുര ചിലപ്പൻ അടക്കമുള്ള പക്ഷികളുടെയും വന്യ മൃഗങ്ങളുടെയും സംരക്ഷണത്തിനാവശ്യമായ കാര്യങ്ങളും ചെയ്യണം. അപ്പൻകാപ്പ് ആന ഇടനാഴിയുടെ സംരക്ഷണം, നിർദ്ദിഷ്ട പദ്ധതി പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുന്നതിനാൽ സ്ഥിരമായ നിരീക്ഷണം, കളക്ടർ ശിപാർശ ചെയ്യുന്ന നാല് പേർ അടങ്ങുന്ന വിദഗ്ദ സമിതിരൂപീകരിക്കുക, നിർമാണത്തിൽ ഏർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഞ്ഞി പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമ്മാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളും ഉന്നയിച്ചിട്ടുണ്ട്.
ഏപ്രിൽ നാലിനുചേർന്ന സമിതിയോഗം സംസ്ഥാനത്തിന്റെ ഭൗമഘടന, മണ്ണിടിച്ചിൽ, ജലപ്രവാഹം എന്നിവയെ ക്കുറിച്ച് നടത്തിയ പഠനങ്ങളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണു ഈ നിർദ്ദേശങ്ങൾ നൽകിയത്.

പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ തൃകക്ഷി കരാറിലാണ് തുരങ്കപാത നിർമാണം നടക്കുക. ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതി ചെലവ്. ടെണ്ടർ നടപടികൾ നേരത്തെ പൂർത്തീകരിച്ചതാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.