11 January 2026, Sunday

Related news

October 11, 2025
September 24, 2025
May 31, 2025
May 3, 2025
March 10, 2025
March 8, 2025
December 5, 2024
July 15, 2024
July 9, 2024
May 20, 2024

കേരളത്തിന്റെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്ക്

സ്വന്തം ലേഖിക
തിരുവനന്തപുരം
October 15, 2023 9:01 am

വിഴിഞ്ഞം തുറമുഖമെന്ന കേരളത്തിന്റെ ദീർഘകാല സ്വപ്നം ഇന്ന് യാഥാർത്ഥ്യത്തിലേക്ക്. ബുധനാഴ്ച ക്രെയിനുകളുമായി തുറമുഖത്ത് എത്തിയ ആദ്യ കപ്പൽ ‘ഷെൻഹുവ 15’ നെ ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗികമായി സ്വീകരിക്കും. ഇതോടെ കേരളത്തിന്റെ വികസന കുതിപ്പിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കരുത്ത് പകരും.
വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ പതാക വീശി കപ്പലിനെ വരവേൽക്കും. തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. കേന്ദ്രമന്ത്രി വി മുരളീധരന്‍, സംസ്ഥാന മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ശശി തരൂര്‍ എംപി, എം വിന്‍സെന്റ് എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ.വി വേണു, തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, അഡാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ചെയര്‍മാന്‍ കരണ്‍ അഡാനി, സിഇഒ രാജേഷ് ഝാ, ഡോ. സൂസപാക്യം, ആർച്ച് ബിഷപ് തോമസ് നെറ്റോ, പാളയം ഇമാം വി പി ഷുഹൈബ് മൗലവി, ഗുരുരത്നം ജ്ഞാനതപസ്വി തുടങ്ങിയവർ പങ്കെടുക്കും.

കനത്ത സുരക്ഷാ വലയം ഒരുക്കിയിട്ടുള്ള പോര്‍ട്ടിലേക്ക് ഉച്ചക്ക് ഒന്നു മുതലാണ് പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം. സര്‍ക്കാരിന്റെ വികസന കുതിപ്പിന് കരുത്തേകുന്ന ഈ ചരിത്രമുഹൂർത്തത്തിന് അയ്യായിരത്തോളം പേർ സാക്ഷ്യം വഹിക്കും. വൈകിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ബർത്തിന് സമീപം ഒരുക്കിയിരിക്കുന്ന പന്തലിലെത്തും. തുറമുഖത്തിന്റെ ലോഗോ പതിപ്പിച്ച ബലൂണുകൾ പറത്തി കപ്പലിനെ വരവേൽക്കും. തുടര്‍ന്ന് ടഗ്ഗുകളിൽനിന്ന്‌ വാട്ടർ സല്യൂട്ട് നൽകി അലങ്കാരദീപങ്ങൾ തെളിക്കും. വിഴിഞ്ഞത്തെ പോർട്ട് ഓഫിസ് മന്ദിരത്തിന് സമീപം യാർഡിൽ അയ്യായിരത്തോളം പേർക്ക് ഇരിക്കാവുന്ന കൂറ്റൻ പന്തലാണ് ഒരുക്കിയിരിക്കുന്നത്. ഇരുവശത്തും സ്ക്രീനുകൾ സജ്ജമാക്കിയിട്ടുണ്ട്. കപ്പലിനെ സ്വീകരിക്കുന്നത് കാണാന്‍ രണ്ടുമുതൽ മൂന്നുവരെ തിരുവനന്തപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി ബസുകൾ സൗജന്യമായി സർവീസ് നടത്തും. തലസ്ഥാനത്തെ മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ ഇന്നലെ തുറമുഖത്തെത്തി ചടങ്ങിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. 

രാജ്യത്തെ ആദ്യ കണ്ടെയ്‌നർ ട്രാൻസ്ഷിപ്മെന്റ് പോർട്ട്, അന്താരാഷ്ട്ര കപ്പൽ ചാലിനോട് ഏറ്റവുമടുത്തു നിൽക്കുന്ന പോർട്ട് തുടങ്ങി നിരവധി സവിശേഷതകളാണ് വിഴിഞ്ഞം തുറമുഖത്തിനുള്ളത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചരക്കുഗതാഗത പാതയോട് ചേര്‍ന്നുള്ള വിഴിഞ്ഞത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം പൂർത്തിയാവുന്നതോടെ പ്രതിവർഷം 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യാനാവും. ഓപ്പറേഷണൽ ശേഷിയിൽ സിംഗപ്പൂർ തുറമുഖത്തേക്കാൾ വലുതാണ് വിഴിഞ്ഞം തുറമുഖം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപവും അനവധി തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടും. 

നാടിനാകെ അഭിമാനിക്കാം: മുഖ്യമന്ത്രി

തിരുവനന്തപുരം: നിരവധി പ്രതിസന്ധികൾ മറികടന്ന് സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞു എന്നതിൽ നാടിനാകെ അഭിമാനിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ നേട്ടത്തിൽ നിന്നും ഊർജമുൾക്കൊണ്ട് മുന്നോട്ടു പോകാനും കൂടുതൽ ഉയരങ്ങളിലേക്ക് കേരളത്തെ നയിക്കാനും നമുക്കൊരുമിച്ചു നിൽക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. 

Eng­lish Sum­ma­ry: vizhin­jam Project to reality

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.