9 January 2025, Thursday
KSFE Galaxy Chits Banner 2

കേരളത്തിന്റെ നിയമപ്പോരാട്ടം: വിധി എല്ലാ സംസ്ഥാനങ്ങൾക്കും ആശ്വാസം

എ ജി വെങ്കിടേഷ്
April 27, 2024 4:28 am

ഒരു സംസ്ഥാനത്തിന് തങ്ങളുടെ ആവശ്യത്തിന് കടമെടുക്കുന്നതിന് അനുവദനീയമായ അവകാശമുണ്ടോ എന്ന സുപ്രധാനമായ ചോദ്യമാണ് ഏതാനും നാള്‍ മുമ്പ് കേരളം സുപ്രീം കോടതിക്ക് മുന്നിൽ ഉന്നയിച്ചത്. യൂണിയൻ ഗവൺമെന്റിൽ നിന്നും മറ്റ് സ്രോതസുകളിൽ നിന്നും കടമെടുക്കൽ പരിധി ഉയർത്തുന്നതിന് അവകാശമുണ്ടോ എന്ന ചോദ്യം പരിശോധിക്കുന്നതിന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുന്നത് സുപ്രധാനമാണ്. സാമ്പത്തികമായി പ്രതിസന്ധിയിലായ സംസ്ഥാനത്തിന് മനോവീര്യം വർധിപ്പിക്കുന്നതാണ് സുപ്രീം കോടതിയുടെ നടപടി. സാമ്പത്തിക അടിയന്തരാവസ്ഥയുടെ വക്കിലാണെന്ന് ഭയപ്പാടുണ്ടാക്കുന്ന സാഹചര്യത്തിൽ ഏകപക്ഷീയമായി കേന്ദ്രം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്താണ് കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തത്. സാമ്പത്തിക അടിയന്തരാവസ്ഥയാണെന്നും നടപടി വേണ്ടിവരുമെന്നും കേന്ദ്രത്തിന്റെ പാവയായി രാജ്ഭവനിലുള്ള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്നെ ആവർത്തിച്ചുകൊണ്ടിരുന്ന പശ്ചാത്തലവുമുണ്ട്.
കേന്ദ്ര സർക്കാരിന്റെ നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജിയിൽ കടമെടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഫെഡറൽ അധികാരങ്ങൾക്കു നേരെയുള്ള അതിക്രമമാണെന്ന് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ ഭരണസംവിധാനത്തെ തന്നെ ഈ നിയന്ത്രണങ്ങൾ താറുമാറാക്കുന്നു. കടമെടുപ്പ് പരിധി നിർണയിക്കേണ്ടത് സംസ്ഥാനങ്ങൾ തന്നെയാകണമെന്ന നിലപാടാണ് ഹർജിയിൽ ആവർത്തിക്കുന്നത്.
കേരളം ചൂണ്ടിക്കാട്ടിയ, സംസ്ഥാനങ്ങളുടെ സാമ്പത്തിക വായ്പകൾ കൈകാര്യം ചെയ്യുന്ന ഭരണഘടനയുടെ അനുച്ഛേദം 293 സംബന്ധിച്ച് കൂടുതൽ പരിശോധനകളും വ്യാഖ്യാനങ്ങളും ആവശ്യമാണെന്നാണ് ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് നിലപാടെടുത്തിരിക്കുന്നത്. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ട്, പരിശോധിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യേണ്ട വിഷയങ്ങൾ ഡിവിഷൻ ബെഞ്ച് മുന്നോട്ടുവച്ചിട്ടുണ്ട്. അനുച്ഛേദം 293ലെ ഭാഗം മൂന്നിൽ പറയുന്ന, കേന്ദ്ര സർക്കാരോ നേരത്തെയുണ്ടായിരുന്ന സംസ്ഥാന സർക്കാരോ എടുത്ത വായ്പയുടെ ഏതെങ്കിലും ഭാഗം ഇപ്പോഴും കുടിശികയുണ്ടെങ്കിലോ ഏതെങ്കിലും വായ്പ ഏടുക്കുന്നതിന് കേന്ദ്ര സർക്കാരോ സംസ്ഥാനത്തെ മുൻ സർക്കാരോ ജാമ്യം നൽകിയിട്ടുണ്ടെങ്കിലോ കേന്ദ്രത്തിന്റെ അനുമതിയില്ലാതെ കൂടുതൽ വായ്പയെടുക്കുന്നതിന് സാധ്യമാകില്ലെന്ന ഭാഗം പരിശോധിക്കാനാണ് ഡിവിഷൻ ബെഞ്ച് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്.
ഭരണഘടനയുടെയും ധനകാര്യ കമ്മിഷന്റെയും ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് തന്നെ, സാമ്പത്തിക സഹായങ്ങളും ആനുകൂല്യങ്ങളും നൽകുന്നതിനുള്ള തങ്ങളുടെ ആവശ്യങ്ങൾ വളരെയധികമാണെന്നാണ് കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനം ഉന്നയിക്കുന്ന ഈ ആവശ്യത്തിന് പ്രത്യേകമായ വ്യാഖ്യാനം നൽകുകയും കുറ്റകൃത്യമെന്നതുപോലെ മുദ്രകുത്തുകയുമാണ് കേന്ദ്രം ചെയ്യുന്നതെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ധന ദുരുപയോഗമെന്ന കേന്ദ്ര നിലപാട് വസ്തുതാ വിരുദ്ധമാണെന്നും സിബൽ ചൂണ്ടിക്കാട്ടി. വരുമാന വർധനയുണ്ടാക്കുന്ന കേരളത്തിന്റെ പ്രകടനം മികച്ചതാണെന്നും അതിനെ നിതി ആയോഗ് പോലും പ്രശംസിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ കേരളത്തിന് ധനക്കമ്മിയുടെ നീണ്ടകാല ചരിത്രമുണ്ടെന്നും സാമ്പത്തികമായി തീരെ ആരോഗ്യമില്ലാത്ത സംസ്ഥാനമാണ് കേരളമെന്നുമായിരുന്നു കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എൻ വെങ്കിട്ടരാമന്റെ വാദം. കേരളത്തിന്റെ ധനകാര്യ ഘടനയിൽ നിരവധി വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് അറ്റോർണി ജനറൽ സമർപ്പിച്ച കുറിപ്പിലും ചൂണ്ടിക്കാട്ടിയിരിക്കുന്നു.
സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനം ചരിത്രപരമെന്നാണ് സംസ്ഥാനം അഭിപ്രായപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ ഉറച്ച നിലപാടിനുള്ള സുപ്രീം കോടതിയുടെ അംഗീകാരമാണ് ഇതിലൂടെ ഉണ്ടായതെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിക്കുകയുണ്ടായി. കേരളത്തിന്റെ അപേക്ഷ ഭരണഘടനാപരമായി പരിശോധിക്കേണ്ടതാണ് എന്നാണ് കോടതി വിലയിരുത്തിയത്. ആവശ്യത്തിൽ ന്യായമില്ലെന്ന് കേന്ദ്രം വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ഫെഡറലിസത്തെയും സംസ്ഥാനങ്ങളുടെ സാമ്പത്തിക വിഷയങ്ങളെയും സംബന്ധിച്ച കേരളത്തിന്റെ നിലപാടിൽ കഴമ്പുണ്ടെന്നാണ് വിധിയിലൂടെ പ്രാഥമികമായി ബോധ്യമാകുന്നത്. വിധി കേരളത്തിനാണ് തിരിച്ചടിയെന്നാണ് കേന്ദ്രം പറയുന്നത്. യഥാർത്ഥത്തിൽ ഹർജി തള്ളണമെന്നാണ് ഡിവിഷൻ ബെഞ്ചിൽ കേന്ദ്രം ആവശ്യപ്പെട്ടത്. അത് അംഗീകരിച്ചില്ല എന്നതുതന്നെ കേന്ദ്ര വാദം തള്ളിയെന്നതിന്റെ തെളിവാണ്. എന്നുമാത്രമല്ല കേരളത്തിന്റെ ആവശ്യം പരിഗണിക്കപ്പെടേണ്ടതാണെന്നാണ് ഭരണഘടനാ ബെഞ്ചിന് വിട്ട നടപടിയിലൂടെ വ്യക്തമാകുന്നത്. ഈ വിധി മറ്റ് സംസ്ഥാനങ്ങൾക്കും സഹായകമായിരിക്കും. അതിനപ്പുറം രാജ്യത്തിനാകെ ഗുണകരവുമായിരിക്കും. കാരണം ഇന്ത്യ അഥവാ ഭാരത് എന്നത് സംസ്ഥാനങ്ങളുടെ യൂണിയൻ ആണ്. മറിച്ച് യൂണിയൻ ഗവൺമെന്റും സംസ്ഥാനങ്ങളും അല്ല എന്ന് മന്ത്രി കൂട്ടിച്ചേർത്തു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഭരണഘടനാ ബെഞ്ചിന്റെ തീരുമാനം എളുപ്പത്തിൽ ഉണ്ടാകുമെന്ന പ്രതീക്ഷയും മന്ത്രി പങ്കുവച്ചു.
കേരളത്തിന്റെ ഹർജിയിൽ സുപ്രധാനമായ വിധിയുണ്ടായതിന്റെ പിന്നാലെയാണ് തങ്ങൾക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസത്തിന് ലഭിക്കാനുള്ള തുക നേടിയെടുക്കുന്നതിന് വേണ്ടി തമിഴ്‌നാട് സുപ്രീം കോടതിയിലെത്തിയത് എന്നതുതന്നെ ഈ വിധി മറ്റ് സംസ്ഥാനങ്ങൾക്ക് പ്രചോദനമാണെന്നതിന്റെ സൂചനയാണ്.
കേന്ദ്രത്തിന് മാത്രമല്ല കേരളത്തിലെ ഐക്യ ജനാധിപത്യ മുന്നണിക്കും ബിജെപിക്കും സുപ്രീം കോടതിയുടെ നിലപാട് തിരിച്ചടിയാണ്. തെറ്റായ വിവരങ്ങളും വസ്തുതാവിരുദ്ധവുമായ കണക്കുകളും ഉദ്ധരിച്ച് കുപ്രചരണങ്ങൾ നടത്തുന്ന യുഡിഎഫും ബിജെപിയും കേരള സർക്കാരിന്റെ ധനകാര്യ മാനേജ്മെന്റിലുള്ള കെടുകാര്യസ്ഥതയാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന നിലപാടാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. കുറേ കാലമായി പ്രതിപക്ഷം നടത്തിവരുന്ന ധനമാനേജ്മെന്റിലെ കെടുകാര്യസ്ഥതയെന്ന ആരോപണത്തിൽ നിന്ന് അവർക്ക് മുഖം രക്ഷിച്ചെടുക്കണമെങ്കിൽ കൂടുതൽ സമയമെടുക്കേണ്ടിവരും.
എന്നുമാത്രമല്ല അവരുടെ എല്ലാ എതിർപ്രചരണങ്ങളും പാളിയെന്നാണ് വർഷാന്ത്യ കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ച് മാസത്തിൽ 26,000 കോടി രൂപയാണ് ട്രഷറികളിലൂടെ വിതരണം ചെയ്തത്. ഓവർഡ്രാഫ്റ്റ്, ട്രഷറികൾ പൂട്ടേണ്ടിവരും തുടങ്ങിയ പ്രചരണങ്ങൾ പ്രതിപക്ഷം നടത്തിക്കൊണ്ടിരിക്കെയാണ് ഒരു പകൽ പോലും ട്രഷറി സ്തംഭനമില്ലെന്ന് തെളിയിച്ച് മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന് സാധിച്ചത്. ഇതെല്ലാംകൊണ്ടുതന്നെ സുപ്രീം കോടതിയുടെ വിധിയിലൂടെ കേരളത്തിന്റെ നിലപാടുകളാണ് കൂടുതൽ അംഗീകരിക്കപ്പെടുന്നത്. മാർച്ച് അവസാനത്തിലെ കണക്കുകളാകട്ടെ സംസ്ഥാന ധനകാര്യ മാനേജ്മെന്റിന്റെ മികവിനെ അടയാളപ്പെടുത്തുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.