6 December 2025, Saturday

Related news

November 5, 2025
October 26, 2025
October 11, 2025
September 29, 2025
September 22, 2025
September 13, 2025
August 24, 2025
August 17, 2025
July 31, 2025
July 29, 2025

രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്ക് കേരളത്തിന്റെ പങ്ക് നിർണായകം: മന്ത്രി വി ശിവൻ കുട്ടി

Janayugom Webdesk
കൊച്ചി
October 11, 2025 10:19 pm

നിക്ഷേപങ്ങൾക്ക് ഏറ്റവും യോജ്യ ഇടമായി കേരളം മാറിയെന്നും രാജ്യത്തിന്റെ വ്യാവസായിക പുരോഗതിക്ക് നിർണായക സംഭാവനകൾ നൽകാൻ കേരളത്തിന് സാധിക്കുന്നുവെന്നും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേരളത്തിലെ ഫാക്ടറി തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വിഷൻ 2031 ന്റെ ഭാഗമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ്, ജർമ്മൻ സോഷ്യൽ ആക്സിഡന്റ് ഇൻഷുറൻസ് ഏജൻസിയായ ഡിജിയുവി, ഇൻഡോ ജർമൻ കോ ഓപറേഷൻ ഫോർ സേഫ്റ്റി ഹെൽത്ത് ആന്റ് വെൽ ബീയിങ്, നാഷണൽ സേഫ്റ്റി കൗൺസിൽ ഓഫ് ഇന്ത്യ (കേരള ചാപ്റ്റർ ) എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്നാമത് രാജ്യാന്തര കോൺക്ലേവ് സുരക്ഷിതം 3.0 കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായങ്ങൾക്കും സംരംഭകർക്കും ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിന് ഈ സർക്കാർ പൂർണമായും പ്രതിജ്ഞാബദ്ധമാണ്. തൊഴിലാളികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്ന തൊഴിൽ സംസ്കാരം നിലനിൽക്കുന്നിടത്ത്, വ്യവസായം ഉയർന്ന കാര്യക്ഷമതയും ലാഭവും കൈവരിക്കും. ഇത് തിരിച്ചറിഞ്ഞുകൊണ്ട് തൊഴിലാളി ക്ഷേമത്തിന് മുൻഗണന നൽകുന്ന നയമാണ് സർക്കാരിനുള്ളത് എന്ന് മന്ത്രി പറഞ്ഞു. 2031-ഓടെ കേരളത്തിലെ ഫാക്ടറികളിൽ തൊഴിൽ അപകടങ്ങൾ പൂർണമായും ഇല്ലാതാക്കുക എന്നതാണ് കോൺക്ലേവിൻ്റെ ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. കേരളത്തെ ഒരു വിജ്ഞാന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നത്. സർക്കാരിന്റെ ‘വിഷൻ 2031’-ന്റെ ഭാഗമായി, അന്താരാഷ്ട്രതലത്തിലുള്ള വിദഗ്ധരുമായി നമ്മുടെ നാട്ടിലെ പ്രൊഫഷണലുകൾക്ക് അറിവും അനുഭവപരിചയവും പങ്കുവയ്ക്കാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ നിരവധി വൈജ്ഞാനിക കോൺക്ലേവുകൾ നാം സംഘടിപ്പിച്ചു വരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫാക്ടറികളിൽ നിന്നും അപകടകരമായ വിഷവാതക ചോർച്ച ഉണ്ടാകുന്ന സാഹചര്യത്തിൽ പ്രദേശവാസികളെ മുൻകൂട്ടി അറിയിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ സംവിധാനമായ റിമോട്ട് സെൻസിങ് എനേബിൾഡ് കെമിക്കൽ എമർജൻസി റെസ്പോൺസ് (റോസേഴ്സ് ) എന്ന ഗവേഷണ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
കോൺക്ലേവിന്റെ ഭാഗമായി തൊഴിൽ ആരോഗ്യ, തൊഴിൽ സുരക്ഷിതത്വ മേഖലയിലെ ജർമ്മനി, സ്വിറ്റ്സർലൻഡ്, നോർവേ, ഡെന്മാർക്ക്, ഫ്രാൻസ്, ഓസ്ട്രേലിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം അന്താരാഷ്ട്ര ഫാക്കൽറ്റികളും ഐഐടി റൂർക്കി, ഐഐടി ഖരഗ്പൂർ ഉൾപ്പെടെ പ്രമുഖ ഇടങ്ങളിൽ നിന്നുള്ള ഫാക്കൽറ്റികളും വിവിധ സെഷനുകൾ കൈകാര്യം ചെയ്തു. ചടങ്ങിൽ റോസേഴ്സ് വീഡിയോ റിലീസിങ്ങും നടന്നു. റോസേഴ്സ് പദ്ധതിക്ക് നേതൃത്വം നൽകിയവരെ ചടങ്ങിൽ ആദരിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനിഷ് ചടങ്ങിൽ അധ്യക്ഷനായി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.