21 December 2024, Saturday
KSFE Galaxy Chits Banner 2

ചരിത്ര നേട്ടവുമായി കെഎഫ്‌സി; കഴിഞ്ഞ വർഷം 74.04 കോടി ലാഭം

നിഷ്ക്രിയ ആസ്തി കുറഞ്ഞു
Janayugom Webdesk
തിരുവനന്തപുരം
June 25, 2024 8:30 pm

സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ സർക്കാർ ധനകാര്യ സ്ഥാപനം കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്‌സി) കഴിഞ്ഞ സാമ്പത്തിക വർഷം 74.04 കോടി രൂപ ലാഭം നേടി. സ്ഥാപനത്തിന്റെ ചരിത്രത്തിലെ മികച്ച പ്രകടനമാണിത്. 2022–23ൽ 50.18 കോടിയായിരുന്നു ലാഭം. കമ്പനിയുടെ നിഷ്ക്രിയ ആസ്തി 2.88 ശതമാനമായി കുറഞ്ഞു. ഏഴ് പതിറ്റാണ്ടിനിടയിലെ കെഎഫ്‌സിയുടെ ഏറ്റവും മികച്ച വാർഷിക പ്രവർത്തന ഫലങ്ങളാണിത്. 

കമ്പനിയുടെ വായ്പാ ആസ്തി 7,736.8 കോടിയായി ഉയർന്നു. കഴിഞ്ഞ വർഷം, എംഎസ്എംഇകൾക്കും സ്റ്റാർട്ടപ്പുകൾക്കും മറ്റുമായി 3,336.66 കോടി രൂപ വായ്പയായി നൽകി. ആകെ 4,068.85 കോടി രൂപയാണ് വിവിധ വായ്പകളായി നൽകിയത്. മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് (സിഎംഇഡിപി) കീഴിൽ 2,648 എംഎസ്എംഇകൾക്ക് 726.66 കോടി രൂപ വായ്പ നൽകി. അഞ്ച് ശതമാനമാണ് വാർഷിക പലിശ. മൂന്നു ശതമാനം പലിശ സർക്കാർ വഹിക്കുന്നു. രണ്ട് ശതമാനം കെഎഫ്‌സിയും.

‘സ്റ്റാർട്ടപ്പ് കേരള’ പദ്ധതി വഴി 68 സ്റ്റാർട്ടപ്പുകൾക്ക് 72.53 കോടി രൂപ ഈടില്ലാതെ വായ്പ നൽകി. ഈ പദ്ധതിക്കും സർക്കാരിന്റെ മൂന്നു ശതമാനം പലിശ സബ്സിഡിയുണ്ട്. കോർപറേഷന്റെ വായ്പാ ആസ്തി 10,000 കോടിയിലേക്ക് ഉയർത്താനും രാജ്യത്തെ മികച്ച ധനകാര്യ സ്ഥാപനങ്ങളിലൊന്നായി മാറ്റാനുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. ഈ സർക്കാർ ഇപ്പോൾ 100 കോടി രൂപ കൂടി ഓഹരി മൂലധനമായി അനുവദിച്ചതിലൂടെ കമ്പനിയുടെ മൂലധന പര്യാപ്തതാ അനുപാതം (സിആർഎആർ) 25.52 ശതമാനമായി നിലനിർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. എൻബിഎഫ്‌സികൾക്ക് ആർബിഐ നിർദേശിച്ചിട്ടുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 15 ശതമാനമാണ്. 

നേരത്തെ 300 കോടി രൂപ അനുവദിച്ചതിലൂടെ കമ്പനിയുടെ ഓഹരി മൂലധനം 500 കോടിയിൽ നിന്ന് 800 കോടിയായി വർധിപ്പിച്ചിരുന്നു. തുടർന്ന് ചെറുകിട, ഇടത്തരം വ്യവസായികൾക്കും സ്റ്റാർട്ടപ്പുകൾക്കും കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ വായ്പ നൽകുക എന്ന സർക്കാർ നയം കമ്പനി ഏറ്റെടുത്തു. കഴിഞ്ഞ ദിവസം ചേർന്ന കമ്പനി വാർഷിക പൊതുയോഗം സംസ്ഥാന സർക്കാരിന് 36 കോടി രൂപ ലാഭവിഹിതം നൽകാൻ തീരുമാനിച്ചു.

Eng­lish Sum­ma­ry: KFC with his­toric achieve­ment; 74.04 crore prof­it last year

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.