19 December 2024, Thursday
KSFE Galaxy Chits Banner 2

ഖാദി വസ്ത്രങ്ങൾ വിദേശവിപണിയിലേക്കും

Janayugom Webdesk
കൊച്ചി
November 30, 2023 11:31 pm

കേരള ഖാദിയുടെ വസ്ത്രങ്ങളുടെ വില്പനയ്ക്ക് വിദേശത്ത് വേദിയൊരുങ്ങുന്നു. ദുബായ് കേന്ദ്രീകരിച്ചുള്ള മലയാളി സംഘടനയുടെ നേതൃത്വത്തിൽ വില്പന നടത്താനാണ് തീരുമാനമെന്ന് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. ദുബായിലെ ദേശീയ ദിനത്തിന്റെ ഭാഗമായി യുഎഇയിലെ മലയാളി സാംസ്കാരിക കൂട്ടായ്മയായ ഓർമ്മ‑ഓവർസീസ് മലയാളി അസോസിയേഷൻ-എന്ന സംഘടന രണ്ട്, മൂന്ന് തീയതികളിൽ അൽ കിയാസിസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടത്തുന്ന കേരളോത്സവം സാംസ്കാരിക നഗരിയിലാണ് ഖാദി വസ്ത്രങ്ങൾ വിൽക്കുന്നത്.

തുടക്കം എന്ന നിലയിൽ ഡബിൾ മുണ്ടുകൾ, കുപ്പടം മുണ്ടുകൾ, ഒറ്റമുണ്ടുകൾ, തോർത്ത്, കുപ്പടം സാരികൾ, കോട്ടൺ സാരികൾ, കോട്ടൺ റെഡിമെയ്ഡ് ഷർട്ടുകൾ, സിൽക്ക് റെഡിമെയ്ഡ് ഷർട്ടുകൾ എന്നിവയാണ് ദുബായിലേക്ക് കയറ്റി അയച്ചത്. രണ്ടുദിവസത്തെ കേരളോത്സവത്തിൽ 20,000 ത്തിലധികം മലയാളികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നിന് സ്പീക്കർ എ എൻ ഷംസീർ കേരളോത്സവ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഖാദി ബോർഡിന്റെ നെറ്റ് വര്‍ക്ക് ശൃംഖലയായ ഖാദി ലവേഴ്സ് കൂട്ടായ്മയിൽ വിദേശ മലയാളികൾ കൂടി പങ്കെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓർമ്മ എന്ന സംഘടന ഖാദി വസ്ത്രങ്ങളുടെ വ്യാപാരത്തിന് താല്പര്യമെടുത്തത്.

ഖാദി മേഖല ഈ സാമ്പത്തിക വർഷം 150 കോടി രൂപയുടെ വില്പനയാണ് ലക്ഷ്യമിടുന്നത്. ഇതിനകം 40 കോടി രൂപയുടെ വില്പന നടന്നു കഴിഞ്ഞു. റിബേറ്റ് വില്പന 13 മുതൽ ജനുവരി ആറു വരെയാണ്. ഫെബ്രുവരിയിലും 30 ശതമാനം സബ്സിഡിയോടെ ഖാദി വസ്ത്രങ്ങൾ ലഭിക്കും. ഫ്ലിപ്കാര്‍ട്ടിലൂടെയും ഖാദി ലവേഴ്സ് നെറ്റ്‌വര്‍ക്ക് വഴിയും ഓണ്‍ലൈനിലൂടെയും ഖാദി വസ്ത്രങ്ങള്‍ ലഭ്യമാണ്.

Eng­lish Sum­ma­ry: Kha­di clothes to for­eign market
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.