17 February 2026, Tuesday

Related news

February 17, 2026
February 17, 2026
February 17, 2026
February 16, 2026
February 16, 2026
February 15, 2026
February 14, 2026
February 14, 2026
February 13, 2026
February 13, 2026

യുദ്ധക്കപ്പലുകള്‍ തകരും; യുഎസിന് ഖമനേയിയുടെ മുന്നറിയിപ്പ്

Janayugom Webdesk
ടെഹ്റാന്‍
February 17, 2026 9:54 pm

പശ്ചിമേഷ്യയില്‍ വിന്യസിച്ചിരിക്കുന്ന യുഎസ് യുദ്ധക്കപ്പലുകള്‍ മുങ്ങാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ജനീവയിൽ യുഎസ്- ഇറാന്‍ രണ്ടാം ഘട്ട ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘അമേരിക്കക്കാർ നിരന്തരം പറയുന്നത് അവർ ഇറാനിലേക്ക് യുദ്ധക്കപ്പലുകൾ അയച്ചു എന്നാണ്. ഒരു യുദ്ധക്കപ്പൽ തീർച്ചയായും അപകടകാരിയായ ആയുധമാണ്, എന്നാൽ ആ കപ്പലിനെ കടലിന്റെ അടിത്തട്ടിലേക്ക് അയക്കാൻ ശേഷിയുള്ള ആയുധം അതിലും അപകടകാരിയാണ്’ എന്നായിരുന്നു ഖമനേയിയുടെ മുന്നറിയിപ്പ്. യുഎസ്എസ് എബ്രഹാം ലിങ്കണ്‍, യുഎസ്എസ് ജെറാള്‍ഡ് ആര്‍ ഫോര്‍ഡ് എന്നീ അത്യാധുനിക വിമാനവാഹിനിക്കപ്പലാണ് പശ്ചിമേഷ്യയില്‍ വിന്യസിച്ചിട്ടുള്ളത്. 

ലോകത്തിലെ ഏറ്റവും ശക്തമായ സൈന്യത്തിന് പോലും തിരിച്ചുവരാൻ കഴിയാത്തവിധം കനത്ത പ്രഹരം ഏൽക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്ലാമിക് റിപ്പബ്ലിക്കിനെ നശിപ്പിക്കാൻ കഴിഞ്ഞ 47 വർഷമായി അമേരിക്ക ശ്രമിക്കുന്നുണ്ടെങ്കിലും വിജയിച്ചിട്ടില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെ സമ്മതിച്ചതായി ഖമനേയി ചൂണ്ടിക്കാട്ടി. അമേരിക്കയുമായുള്ള ചർച്ചകളുടെ സാധ്യതകളെക്കുറിച്ചും ഖമനേയി സംശയം പ്രകടിപ്പിച്ചു. ഒരു വശത്ത് ചർച്ചകൾക്ക് ക്ഷണിക്കുകയും മറുവശത്ത് ഭീഷണികൾ മുഴക്കുകയും ചെയ്യുന്ന അമേരിക്കൻ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ഖമനേയി ചർച്ചകൾക്കുള്ള ശരിയായ സാഹചര്യം എപ്പോഴും ഉണ്ടാകണമെന്നില്ലെന്നും ഓർമ്മിപ്പിച്ചു.

ഇറാനെതിരായ ഏതൊരു സൈനിക നീക്കവും അമേരിക്കൻ പ്രസിഡന്റിന് ഒരിക്കലും മറക്കാനാവാത്ത പാഠമായിരിക്കുമെന്ന് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് മേധാവി മേജർ ജനറൽ ഹുസൈൻ സലാമി മുന്നറിയിപ്പ് നല്‍കി. ഇറാന്റെ മിസൈൽ ശേഖരം അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താവളങ്ങളെ തകർക്കാൻ സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സൈനിക ജാഗ്രതയിൽ കുറവുണ്ടാകില്ലെന്നും ശത്രുക്കളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും സലാമി കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.