2 January 2026, Friday

Related news

January 2, 2026
November 1, 2025
October 16, 2025
July 30, 2025
June 2, 2025
May 31, 2025
May 12, 2025
August 24, 2024
August 23, 2024

വിവേചനത്തിന്റെ ഓര്‍മ്മകള്‍ ബാക്കിയാക്കി ഖവാജ പടിയിറങ്ങുന്നു

Janayugom Webdesk
സിഡ്നി
January 2, 2026 10:34 pm

ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഉസ്മാന്‍ ഖവാജ വിരമിക്കല്‍ പ്രഖ്യാപിച്ചു. ആഷസ് പരമ്പരയിലെ അവസാന മത്സരമാണ് തന്റെ കരിയറിലെ അവസാന മത്സരമെന്ന് ഖവാജ അറിയിച്ചു. വിരമിക്കലിനെ കുറിച്ച് മാസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമായത്. 2011 ൽ സിഡ്നിയിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ചു. കരിയറിലെ 88–ാമത്തെ ടെസ്റ്റ് മത്സരമാണ് 39കാരനായ ഖവാജ ഓസീസിനായി കളിക്കാനൊരുങ്ങുന്നത്. 

പാകിസ്ഥാനില്‍ ജനിച്ച ഖവാജ ഓ­സ്ട്രേലിയന്‍ ടീമില്‍ കളിക്കുന്ന ആദ്യ മു­സ്ലീം ആ­ണ്. ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഘട്ടങ്ങളില്‍ തിരിച്ചടികള്‍ നേരിടേണ്ടി വ­ന്നെങ്കിലും പിന്നീട് ഓസീസ് ടെസ്റ്റ് ടീമിലെ നിര്‍ണായക ഘടകമായി ഉസ്മാന്‍ ഖവാജ മാറി. ‘എനിക്കു നിയന്ത്രിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പുറം വേദനയാണ് അനുഭവപ്പെട്ടത്. എന്നാല്‍ എന്റെ പരിക്കിനെ മാധ്യമങ്ങളും മുന്‍ താരങ്ങളും പല വ്യാഖ്യാനങ്ങളും നല്‍കിയാണ് പ്രചരിപ്പിച്ചത്. പ്രകടനത്തിലെ കാര്യങ്ങളായിരുന്നില്ല അവര്‍ സംസാരിച്ചത്. എല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ചായിരുന്നു. പാകിസ്ഥാനിൽ നിന്നുള്ള കുട്ടിയായതിനാൽ, എനിക്ക് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിൽ കളിക്കാൻ സാധിക്കില്ലെന്നായിരുന്നു പറഞ്ഞിരുന്നത്. നിങ്ങൾ എന്നെ നോക്കൂ, നിങ്ങള്‍ക്കും അതു ചെയ്യാൻ സാധിക്കും’-ഖവാജ പറഞ്ഞു. വൈകാരികമായിട്ടായിരുന്നു ഖവാജ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോടു സംസാരിച്ചത്. 

87 ടെസ്റ്റില്‍ 16 സെഞ്ചുറി അടക്കം 6206 റണ്‍സ് നേടിയിട്ടുണ്ട്. 40 ഏകദിനങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചു. ശ്രീലങ്കയ്ക്കെതിരെ ഈ വര്‍ഷം ആദ്യം നേടിയ 232 റണ്‍സാണ് ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോര്‍. ഏകദിനത്തില്‍ 2 സെഞ്ചുറിയും 12 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടെ 1554 റണ്‍സ്. 104 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ടി20യില്‍ ഒരു അര്‍ധ സെഞ്ചുറി. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 241 റണ്‍സും നേടി. ആഷസിലെ ആദ്യ മത്സരത്തിന് തലേന്ന് ഗോള്‍ഫ് കളിക്കുന്നതിനിടെ പുറത്തിന് പരിക്കേറ്റ ഖവാജയോട് മുന്‍ താരങ്ങളുടെയടക്കം സമീപനം ക്രൂരമായിരുന്നു. മെല്‍ബണില്‍ സ്മിത്തിന്റെ സ്ഥാനത്താണ് ബാറ്റിങ്ങിനെത്തിയത്. പൊരുതി നിന്നു താരം 82 റണ്‍സ് നേടുകയും ചെയ്തു. ബ്രിസ്ബെയ്നില്‍ നടന്ന രണ്ടാം ടെസ്റ്റിലും താരം കളിച്ചിരുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.