
അനേക വർഷങ്ങൾ കൊണ്ട് നടപ്പിലാക്കേണ്ട വികസന മുന്നേറ്റങ്ങൾ ഒരു നിശ്ചിത സമയത്തിനുള്ളിൽ നടപ്പിലാക്കാൻ കഴിയുന്നു എന്നത് കിഫ്ബിയുടെ ഏറ്റവും വലിയ നേട്ടങ്ങളിലൊന്നാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. കാൽ നൂറ്റാണ്ട് കൊണ്ട് നടപ്പിലാക്കേണ്ട പദ്ധതികൾ കേരളത്തിൽ ഒന്നോ രണ്ടോ വർഷങ്ങൾ കൊണ്ട് പ്രാവർത്തികമാകുമ്പോൾ അത് സമ്മതിച്ച് കൊടുക്കേണ്ട ഒന്നാണെന്നും അദ്ദേഹം പറഞ്ഞു.
നാളെയുടെ വികസനം ഇന്ന് തന്നെ നടപ്പിലാക്കാൻ കഴിയുന്നു എന്നത് കിഫ്ബിയുടെ പ്രത്യേകതയാണ്. വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം നിരവധി വകുപ്പുകളിൽ കിഫ്ബി നൽകിയ സാമ്പത്തിക സഹായത്തിൻറെ അടിസ്ഥാനത്തിൽ വികസനത്തിൻറെ മുന്നേറ്റങ്ങൾ തീർക്കാനായി എന്നത് ചെറിയ കാര്യമല്ല എന്നും പി പ്രസാദ് പറഞ്ഞു.
ഇന്ത്യയിലെ മറ്റൊരു സംസ്ഥാനങ്ങൾക്കും അവകാശപ്പെടാൻ കഴിയാത്ത തരത്തിൽ അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിൻറെ പാതയിൽ കേരളം കടന്നുപോയത് കിഫ്ബിയിലൂടെയായിരുന്നു എന്നത് വിസ്മരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 8 വർഷങ്ങൾ കൊണ്ട് ഏകദേശം 80,000 രൂപയുടെ പദ്ധതികൾ കിഫ്ബിയിലൂടെ നടപ്പിലാക്കാൻ സാധിച്ചു.
കേരളം ഇന്ന് കാണുന്ന ഉജ്ജ്വല പദ്ധതികൾ, നമ്മുടെ ഹൈവേ പ്രോജക്ടുകൾ, സാധാരണക്കാരൻറെ ആശ്രയമായ സർക്കാർ ആശുപത്രികൾ എന്നിവ വമ്പൻ കെട്ടിടങ്ങളോട് കൂടി തല ഉയർത്തിപ്പിടിച്ച് നിൽക്കുന്നുണ്ടെങ്കിൽ അതെല്ലാം കിഫ്ബി പദ്ധതിയിലൂടെയാണ് സംഭവിച്ചതെന്നും പി പ്രസാദ് വ്യക്തമാക്കി. സാധാരണക്കാരുടെ കുട്ടികൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ ശോച്യാവസ്ഥയുടെ കേന്ദ്രങ്ങളായിരുന്നുവെങ്കിൽ മികവാർന്ന സ്മാർട്ട് ക്ലാസ് മുറികൾ, കെട്ടിടങ്ങൾ എന്നിവയെല്ലാം സംജാതമായത് കിഫ്ബിയുടെ പദ്ധതിയിലൂടെയാണ് എന്നത് എങ്ങനെയാണ് വിസ്മരിക്കാൻ കഴിയുക എന്നും മന്ത്രി ചോദിച്ചു.
കടൽ പ്രക്ഷുബ്ദമാകുമ്പോൾ കര അങ്ങേയറ്റം ദുരന്തത്തിലേക്ക് പോകുന്നത് ഒറ്റമശ്ശേരിയിലെ പതിവ് കാഴ്ചയായിരുന്നു. ഇത് ഒരുപാട് പേരുടെ ജീവിതത്തെ പ്രതിസന്ധിയിലാഴ്ത്തിയിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന ഒറ്റമശ്ശേരിയിൽ കടൽ ഭിത്തി ഇല്ലാത്തതിൻറെ പേരിൽ കടലൊന്ന് കലി തുള്ളിയാൽ തീരം അങ്ങേയറ്റത്തെ പ്രതിസന്ധിയിലേക്കും പ്രയാസത്തിലേക്കും നീങ്ങുന്നു എന്നതിന് പരിഹാരമുണ്ടാകേണ്ടത് അനിവാര്യമായ കാര്യമായിരുന്നു. കിഫ്ബിയിലൂടെ മാത്രമേ അത്തരമൊരു വലിയ പദ്ധതി നടപ്പിലാക്കാൻ കഴിയുകയുള്ളൂ എന്ന യാഥാർത്ഥ്യത്തിൽ നിന്ന് കൊണ്ട് അതിനുള്ള ശ്രമങ്ങൾ ആരംഭിക്കുകയായിരുന്നുവെന്നും പി പ്രസാദ് പറഞ്ഞു. 29 കോടി രൂപയാണ് ഇതിനായി കിഫ്ബി വഴി മുതൽ മുടക്കിയത്. ടെട്രാപോഡുകൾ നിരത്തി ആധുനിക രീതിയിലാണ് ഇവിടുത്തെ കടൽഭിത്തി നിർമ്മാണം. ഈ പദ്ധതി പൂർത്തിയാകുന്നതോട് കൂടി കടൽ കലി തുള്ളിയാലും ഒറ്റമശ്ശേരിയിലെ ജനങ്ങൾക്ക് ഭയമില്ലാതെ ഉറങ്ങാം.
പ്രതിസന്ധികൾ നേരിട്ടിരുന്ന മറ്റൊന്നായിരുന്നു ചേർത്തല താലൂക്ക് ആശുപത്രി. ആതുര ശുശ്രൂഷ രംഗത്തെ ഒരു വെല്ലുവിളിയായിരുന്നു ഇവിടുത്തെ സൌകര്യക്കുറവുകൾ. കിഫ്ബിയിലൂടെ അവിടേക്ക് പദ്ധതികൾ ഒഴുകിയെത്തിയതോടെയാണ് ഇവിടെ ശാപമോക്ഷം ലഭിച്ചത്. കിഫ്ബിയുടെ സഹായത്തോടെ ഇവിടെ 6 നിലകളുള്ള കെട്ടിടത്തിൻറെ പണി പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. 70 കോടി രൂപയാണ് കിഫ്ബി ഇതിനായി നീക്കി വച്ചിരിക്കുന്നത്. ഇതിൻറെ നിർമ്മാണം പൂർണതയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. വലിയ കെട്ടിടം യാഥാർത്ഥ്യമാകുകയും ആധുനിക സൌകര്യങ്ങൾ അവിടെയെത്തുകയും ചെയ്യുന്നതോടെ ചേർത്തലയിലെ സാധാരണ ആളുകളുടെ ആരോഗ്യ മേഖലയ്ക്ക് ഒരു ഉറപ്പ് ലഭിക്കുകയാണ്.
ചേർത്തലയിലെ പല പാലങ്ങളും കാലപ്പഴക്കത്താൽ പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. അത്കൊണ്ട് തന്നെ ഇവിടുത്തെ ആളുകൾ അപകട ഭീഷണി നേരിട്ടിരുന്നു. ഈ പാലങ്ങളെല്ലാം പുനർനിർമ്മിക്കുക എന്നത് ദുഷ്ക്കരമായിരുന്നു. ഇത് എളുപ്പമായിത്തീർന്നത് കിഫ്ബിയുടെ ഇടപെടലോട് കൂടിയാണ്. നെടുമ്പ്രക്കാട് വിളക്കുമരം പാലം ഇതിന് ഉദാഹരണമാണ്. 21 കോടി രൂപ മുടക്കിയാണ് ഈ പാലത്തിൻറെ പുനർനിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നത്. ഇതിലൂടെ ചേർത്തല അരൂർ മണ്ഡലത്തിലെ ആളുകളുടെ ദീർഘ കാലത്തെ ആഗ്രഹമാണ് നിറവേറുന്നത്. സെൻറ് മേരീസ് പാലവും ഇരുമ്പ് പാലവുമെല്ലാം ഈ പട്ടികയിലുള്ളതാണ്.
വിദ്യാഭ്യാസ മേഖലയിലെ വികസനങ്ങളിലും കിഫ്ബിയുടെ പങ്ക് വിലമതിക്കാനാകാത്തതാണ്. ചേർത്തല ഗവ.ഗേൾസ് ഹൈസ്ക്കൂൾ, ശ്രീനാരായണഗുരു മെമ്മോറിയൽ ബോയ്സ് ഹൈസ്ക്കൂൾ, ചേർത്തല സൌത്ത് ഗവ.ഹയർസെക്കണ്ടറി സ്ക്കൂൾ, ചാരമംഗലം ജി വി എച്ച്എസ്എസ്, എന്നിവിടങ്ങൾ ആധുനിക സൌകര്യങ്ങളോട് കൂടിയ വലിയ കെട്ടിടങ്ങളായി മാറിയതിൽ കിഫ്ബിയുടെ സാമ്പത്തിക സഹായം വലുതാണ്. ചേർത്തലയുടെ വിദ്യാഭ്യാസ മേഖലയുടെ മുഖഛായ തന്നെ മാറ്റുവാൻ കിഫ്ബിക്കായി.
കിഫ്ബി എന്നത് ജനപ്രതിനിധികളുടെ നേട്ടമല്ല, ജനങ്ങളുടെ നേട്ടമാണെന്നും മന്ത്രി പി പ്രസാദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.