കിഫ്ബിയിലൂടെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ എന്ന വാക്ക് എന്നന്നേക്കുമായി മറക്കുകയാണ് കേരളം. ഗ്രാമങ്ങളെയും നഗരപ്രദേശങ്ങളെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ട് ലോകോത്തര നിലവാരമുള്ള റോഡുകൾ നിർമ്മിച്ചത് വഴി യാത്ര ദുരിതം എന്നത് പഴങ്കഥയാക്കിയിരിക്കുകയാണ് കിഫ്ബി.
കേരളത്തിൻറെ മാറ്റത്തിന് വഴിയൊരുക്കാൻ കിഫ്ബിയെ ഉപയോഗിച്ചത് പിണറായി വിജയൻ സർക്കാരാണ്. 2016ൽ കേരളത്തിൻറെ മുഖ്യമന്ത്രിയായി അധികാരമേറ്റ പിണറായി വിജയൻ കഴിഞ്ഞ 9 വർഷം കൊണ്ട് കിഫ്ബി വഴി കേരളത്തിന് ഒരുക്കിയ വികസന പാതകൾ എണ്ണിയാൽ തീരാത്തതാണ്. ഇതിൽ എടുത്തുപറയേണ്ട വികസന പരമ്പരകൾ സൃഷ്ടിച്ചത് കേരളത്തിൻറെ പൊതുമരാമത്ത് വകുപ്പിലാണ്. ഒരു കാലത്ത് പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കേരളത്തിന് ഒരു ശാപമായിരുന്നു. ഇത് മൂലമുണ്ടാകുന്ന അപകടങ്ങൾക്കും കണക്കില്ലായിരുന്നു. സുഗമമായ ഗതാഗത സൌകര്യം എന്നത് അത്യന്താപേക്ഷിതമായ ഒരു ഘടകമാണ്. അതിൻറെ അഭാവം ജനങ്ങൾക്കുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ആ ശാപത്തിൽ നിന്ന് കേരളത്തെ മോചിപ്പിച്ചത് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടത് മന്ത്രിസഭയാണ്.
അടുത്തതായി കിഫ്ബിയുടെ നേട്ടങ്ങളിൽ എടുത്ത് പറയേണ്ട ഒന്ന് ഗതാഗത സംവിധാനങ്ങളാണ്. കിഫ്ബി വഴി കേരളത്തിൽ 57 റയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണം പൂർത്തിയായി. റയിൽവേ ക്രോസുകളിലെ ഗതാഗതക്കുരുക്കിന് അന്ത്യം കുറിച്ച ഒരു പദ്ധതിയായിരുന്നു ഇത്. ട്രയിൻ പോകുന്നത് വരെ കാത്ത് നിൽക്കേണ്ടി വന്ന ജനങ്ങൾക്ക് മുന്നിലെ വലിയൊരു ആശ്വാസമായിരുന്നു പ്രസ്തുത പദ്ധതി.
ഭൂകമ്പവും പ്രളയവും പോലും അതിജീവിക്കാൻ കഴിയുന്ന കെട്ടിടങ്ങൾ നിർമ്മിക്കുന്നതിലും കിഫ്ബിയുടെ സാമ്പത്തിക സഹായം വലുതായിരുന്നു. 2011ൽ മുടങ്ങിപ്പോയ കേരളത്തിൻറെ സ്വപ്ന പദ്ധതി യാത്ഥാർത്ഥ്യമായതും കിഫ്ബിയിലൂടെ തന്നെ. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന ആറ് വരി ദേശീയപാത എന്ന പദ്ധതി പൂർത്തിയാക്കാൻ വിലങ്ങുതടി ആയി നിന്നത് കേന്ദ്ര സർക്കാർ നിലപാടായിരുന്നു. ഭൂമി ഏറ്റെടുക്കാൻ പണം മുടക്കാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിൻറെ ദാർഷ്ട്യത്തിന് മുന്നിൽ മുട്ടുമടക്കാതെ പിടിച്ചു നിൽക്കാൻ എൽഡിഎഫ് സർക്കാരിനെ പ്രാപ്തമാക്കിയതും കിഫ്ബി തന്നെയായിരുന്നു.മൊത്തം 5580 കോടി രൂപയാണ് ഇതിന് ചെലവായത്.
മലയോര സുന്ദരി എന്നറിയപ്പെടുന്ന കേരളത്തിൽ മലയോര പ്രദേശങ്ങൾ ധാരാളമാണ്. ഇവിടെ താമസിക്കുന്ന ആളുകൾക്ക് സുഗമമായ യാത്രാ സൌകര്യം എന്നത് പലപ്പോഴും നടക്കാത്ത
സ്വപ്നമായിരുന്നു. ഈ സർക്കാരിൻറെ കാലത്ത് അതിനും പരിഹാരമായി. സംസ്ഥാനത്തിൻറെ ഒരറ്റം മുതൽ മറ്റേ അറ്റം വരെയുള്ള മലയോര മേഖലകളിൽ ഒരു പാത എന്നത് യാത്ഥാർത്ഥ്യമായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ 13 ജില്ലകളിലൂടയാണ് ഈ പാത കടന്നുപോകുന്നത്. ഈ സ്വപ്ന പദ്ധതിക്കും കൈത്താങ്ങായി നിന്നത് കിഫ്ബി തന്നെ.
കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൂടെ കടന്നുപോകുന്ന തീരദേശ ഹൈവേയുടെ നിർമ്മാണവും കിഫ്ബിയുടെ സഹായത്താലാണ് പൂർത്തീകരിക്കാൻ സാധിച്ചത്. 2018ൽ കേരളത്തെ തകർത്ത പ്രളയത്തിൽ നശിച്ചുപോയ റോഡുകളെ അതിവേഗം പുനർ നിർമ്മിക്കാൻ കിഫ്ബി വഹിച്ച പങ്ക് പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്.
അന്യസംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന വികസന പദ്ധതികൾക്ക് കേരളം സാക്ഷ്യം വഹിച്ചത് കിഫ്ബിയിലൂടെയായിരുന്നു. കാലത്തിന് മുന്നേ സഞ്ചരിക്കുന്ന അതിനൂതന സാങ്കേതിക വിദ്യകൾ കേരളത്തിൻറെ ഭാഗമായതും കിഫ്ബിയുടെ കൈത്താങ്ങാേടെ. കേരളത്തിൻറെ വികസനത്തിന് വേഗത നൽകുന്ന ഒരു അവിഭാജ്യ ഘടകമായി കിഫ്ബി മാറി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.