24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 23, 2026
January 21, 2026
January 19, 2026
January 19, 2026

ധർമ്മടം മണ്ഡലത്തിൻറെ മുഖച്ഛായ മാറ്റി കിഫ്ബിയുടെ വികസന പ്രവർത്തനങ്ങൾ

Janayugom Webdesk
തിരുവനന്തപുരം
April 23, 2025 9:09 pm

കിഫ്ബിയുടെ വികസന പ്രവർത്തനങ്ങൾ ഏറ്റവുമധികം പ്രതിഫലിച്ച ജില്ലകളിലൊന്നാണ് കണ്ണൂർ. മുഖ്യമന്ത്രി പിണറായി വിജയൻറെ മണ്ഡലം കൂടി ഉൾപ്പെടുന്ന കണ്ണൂർ ജില്ലയിൽ വികസനത്തിൻറെ തേരോട്ടമാണ് കഴിഞ്ഞ 9 വർഷം കൊണ്ട് ഉണ്ടായത്. ഇതിൽ എടുത്തു പറയേണ്ട ഒന്നാണ് കണ്ണൂർ ഐടി പാർക്ക്. കണ്ണൂർ വിമാനത്താവളത്തിന് സമീപം പണിനടന്നുകൊണ്ടിരിക്കുന്ന ഐടി പാർക്കിന് 293.22 കോടി രൂപയുടെ ധനസഹായമാണ് കിഫ്ബി അനുവദിച്ചത്.

Pinarayi Vijayan KIIFB

പഴയ ഇടക്കാട് മണ്ഡലവും തലശ്ശേരി മണ്ഡലത്തിൻറെ ചില ഭാഗങ്ങളും കൂട്ടിച്ചേർത്ത ധർമ്മടം മണ്ഡലമാണ് മുഖ്യമന്ത്രി പ്രതിനിധാനം ചെയ്യുന്നത്. വികസനത്തിൻറെ പുതിയ മുഖം തന്നെയാണ് മണ്ഡലത്തിന് കൈവന്നിരിക്കുന്നത്. കിഫ്ബിയിലൂടെ മാത്രം മൊത്തം 500 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ നടക്കുന്നത്. അടിസ്ഥാന സൌകര്യ വികസനത്തിനൊപ്പം ആരോഗ്യമേഖലയിലെ മുന്നേറ്റത്തിനും കായികക്കുതിപ്പിനുള്ള ഊർജം പകരുന്ന പദ്ധതികളും നടപ്പാക്കിക്കഴിഞ്ഞു.

ധർമ്മടം സ്റ്റേഡിയത്തിൽ സ്വാഭാവിക പുൽത്തകിടിയോട് കൂടിയ ഫുട്ബോൾ മൈതാനത്തിന് പുറമേ വോളിബോൾ, ക്രിക്കറ്റ്, ബാഡ്മിൻറൺ, എന്നിവയ്ക്കും സൌകര്യമൊരുക്കിയിട്ടുണ്ട്. പാറപ്പുറം റഗുലേറ്റർ പദ്ധതി, ആണ്ടല്ലൂർകാവ് പൈതൃക ടൂറിസം പദ്ധതി എന്നിവയാണ് മറ്റ് പ്രധാന പദ്ധതികൾ. മുഴുപ്പിലങ്ങാട് ധർമ്മടം ബീച്ച് ടൂറിസത്തിനായി 240 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കിയത്. ധർമ്മടം മുഴുപ്പിലങ്ങാട് കടൽത്തീരങ്ങളെ ബന്ധിപ്പിക്കുന്ന പാലം, അക്വേറിയം, ധർമ്മടം തുരുത്തിലേക്കുള്ള പാലം, ബീച്ചുകളുടെ നവീകരണം, നടപ്പാത, ജൈൻറ് വീൽ തുടങ്ങിയവയും സ്ഥാപിക്കും.

ആണ്ടല്ലൂർക്കാവ് പൈതൃക ടൂറിസം, മക്രേരി ക്ഷേത്രത്തിലെ പൈതൃക ടൂറിസം എന്നിവയും കിഫ്ബിയുടെ അംഗീകാരത്തോടെ നടപ്പിലാക്കിയ പദ്ധതികളാണ്. മലബാർ ക്രൂയിസ് ടൂറിസത്തിൻറെ ഭാഗമായി അഞ്ചരക്കണ്ടി പുഴ, ധർമ്മടം, പാറപ്രം, ചേരിക്കൽ, ധർമ്മടം, മമ്പറം, എന്നിവിടങ്ങളിൽ ബോട്ട് ടെർമിനലുകൾ സ്ഥാപിച്ചു. ചേക്ക്പാലം റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി വികസന പ്രവർത്തനങ്ങളിൽ എടുത്ത് പറയേണ്ട മറ്റൊന്നാണ്. 36 കോടി രൂപയാണ് കിഫ്ബി ഇതിനായി വകയിരുത്തിയത്.

വികസനക്കുതിപ്പിൻറ അടയാളമായ മറ്റൊരു പദ്ധതിയാണ് പിണറായി എജ്യുക്കേഷൻ ഹബ്. 50 കോടി രൂപയാണ് കിഫ്ബി ഇതിനായ് അനുവദിച്ചത്. ഇതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ബയോഡൈവേഴ്സിറ്റി പാർക്ക്, താമസ സൌകര്യങ്ങളോട് കൂടിയ ഐഎഎസ് അക്കാദമി, ഹോട്ടൽ മാനേജ്മെൻറ് കോളജ്, അന്താരാഷ്ട്ര നിലവാരമുള്ള ഐടിഐ എന്നിവയാണ് എജ്യുക്കേഷൻ ഹബ്ബിൻറെ ഭാഗമായി ആദ്യ ഘട്ടങ്ങളിൽ സ്ഥാപിക്കുക. ചാല, പെരിളിശ്ശേരി, മുഴപ്പിലങ്ങാട്, വേങ്ങാട്, പിണറായി, പാലയാട്, എന്നിവിടങ്ങളിലെ സ്ക്കൂളുകളെ അത്യാധുനിക സൌകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ച് നവീകരിച്ചു. ബ്രണ്ണൻ കോളജിൻറെ വികസന പ്രവർത്തനങ്ങൾക്ക് 97 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബി വഴി ആവിഷ്ക്കരിച്ചത്.

ധർമ്മടം പഞ്ചാത്തിലെ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ പതിനാറരക്കാേടി രൂപയാണ് കിഫ്ബി അനുവദിച്ചത്. കൊടുവള്ളിയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വരെയുള്ള നാല് വരി പാതകളുടെ പ്രവർത്തനം പുരോഗമിക്കുകയാണ്.

ധർമ്മടം മണ്ഡലത്തിൻറെ മുഖഛായ തന്നെ മാറ്റാനുതകുന്ന പദ്ധതികളാണ് കിഫ്ബി വഴി നടപ്പിലാക്കിയതും ഇനി നടപ്പിലാക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.