
ഇന്ത്യയിലെ ജനാധിപത്യവിശ്വാസികളും മതേതര ആശയത്തിൽ വിശ്വസിക്കുന്നവരും ഫാസിസത്തിന്റെ കരാളഹസ്തങ്ങളിൽ ഈ രാജ്യം ചെന്നുപെടരുത് എന്ന് ആഗ്രഹിക്കുന്നവരും മനുഷ്യസ്നേഹികളും ആവർത്തിച്ചാവർത്തിച്ച് ഓർമ്മിക്കേണ്ട കാര്യമാണ് രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് മതഭ്രാന്ത് മൂത്ത ആളുകളാണെന്നത്. കാലമെത്ര മുന്നോട്ടുപോയാലും, തലമുറകൾ മാറിയാലും ഈ സത്യത്തെ, ചരിത്രവസ്തുതയെ കൊച്ചുകുഞ്ഞുങ്ങളിലേക്ക് അടക്കം പകർന്നുനൽകുക തന്നെ വേണം. ചരിത്രത്തെ തമസ്കരിക്കാനും വളച്ചൊടിക്കാനും തങ്ങളുടെ വ്യാഖ്യാനങ്ങൾ തിരുകിക്കയറ്റാനും വലിയ ശ്രമങ്ങളാണ് വർത്തമാനകാലത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇത് തുടങ്ങിയിട്ട് കാലങ്ങളേറെയായി. മഹാത്മജിയുടെ ഘാതകരെയും അതിന് പിന്തുണ കൊടുത്തവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരികയും കടുത്ത നടപടികൾ സ്വീകരിക്കുകയും ചെയ്ത ധീരദേശാഭിമാനികളെ വരെ ചരിത്രം വളച്ചൊടിച്ച് സ്വന്തമാക്കാനും തങ്ങളുടെ താല്പര്യങ്ങൾക്കായി ഉപയോഗിക്കാനും ശ്രമിക്കുന്നത് കണ്ടവരാണ് നാം. അതിനാൽത്തന്നെ മതത്തെയും വിശ്വാസത്തെയും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായും അധികാരം കൈപ്പിടിയിൽ ഒതുക്കുന്നതിനായും കച്ചകെട്ടിയിറങ്ങിയിരിക്കുന്നവർ അധികം വൈകാതെ മഹാത്മജിയെയും അവരുടെ ആശയധാരയിലേക്ക് നിഷ്പ്രയാസം കുടിയിരുത്തുമെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. അതിന്റെ തുടക്കമാണ് ഈ ഗാന്ധിജയന്തി ദിനത്തിൽ കാണാൻ കഴിഞ്ഞത്.
സ്വാതന്ത്ര്യാനന്തരം മതവർഗീയ ഭ്രാന്തന്മാരുടെ ആക്രമണം ഏറ്റവുമധികം നേരിട്ടത് രാഷ്ട്രപിതാവായ മഹാത്മജിയാണ്. അദ്ദേഹത്തെ അപമാനിക്കാനും അവഹേളിക്കാനും കിണഞ്ഞുപരിശ്രമിച്ചവർ സാമൂഹ്യമാധ്യമങ്ങളിലൂടെ കള്ളപ്രചാരണങ്ങൾ മലവെള്ളപ്പാച്ചിൽ പോലെ നടത്തിയിരുന്നു. അതിപ്പോഴും തുടരുന്നുണ്ട്. ഗാന്ധിയൻ ആശയങ്ങളെ, സമരപരിപാടികളെ, സത്യാന്വേഷണ പരീക്ഷണങ്ങളെ എല്ലാം കാലങ്ങളായി അപമാനിക്കാനും വളച്ചൊടിക്കാനും വികൃതമാക്കി പ്രചരിപ്പിക്കാനും സകലശക്തിയും പ്രയോഗിച്ചവർ ഇപ്പോൾ ആവനാഴിയിലെ ആയുധങ്ങളെല്ലാം എടുത്തുപ്രയോഗിച്ച് കഴിഞ്ഞപ്പോൾ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പ്രകീർത്തിക്കാനും പുകഴ്ത്താനും തുടങ്ങിയിരിക്കുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഇതിനെ ജനാധിപത്യവിശ്വാസികൾ എതിർക്കുകയും പ്രതിരോധിക്കുകയും വേണം. അല്ലാത്തപക്ഷം ഇവർ പറയുന്ന, പ്രചരിപ്പിക്കുന്ന ഗാന്ധിയെ വരുംതലമുറയിലുള്ളവർ അറിയുകയും മനസിലാക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. അതിന് നാം അനുവദിച്ചുകൂട. എന്തായിരിന്നു ഗാന്ധിയെന്നും, എന്തിനുവേണ്ടിയായിരുന്നു അദ്ദേഹം നിലകൊണ്ടതെന്നും അറിയുകയും പഠിക്കുകയും ചെയ്യേണ്ട കാലമാണിത്. സമാധാനത്തിന്റെ പ്രവാചകനായി ലോകം ഗാന്ധിയെ ആരാധിക്കുമ്പോൾ ഗാന്ധി ജനിച്ചുമരിച്ച ദേശത്ത് അദ്ദേഹത്തിന്റെ ജീവിതാദർശങ്ങളിലും ചിന്തകളിലും പ്രവൃത്തികളിലും വിഷംചേർക്കാൻ നടക്കുന്ന ശ്രമങ്ങളെ കൂടുതൽ ജാഗ്രതയോടെ എതിർക്കേണ്ടതുണ്ട്. ഇന്ന് ഗാന്ധിസ്തുതി നടത്തുന്നവർക്ക് ഇന്നലെവരെ എന്തായിരുന്നു ഗാന്ധിയെന്ന വസ്തുത യഥാർത്ഥ രാജ്യസ്നേഹികളും ജനാധിപത്യ‑മതേതര വിശ്വാസികളും ആവർത്തിച്ച് ലോകത്തോട് പറയേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്.
ഗാന്ധിജി നൽകിയ സംഭാവനകൾ വലുതാണെന്നും അദ്ദേഹം രാജ്യത്തെ അനീതിയിൽ നിന്ന് സംരക്ഷിച്ചുവെന്നുമൊക്കെ പറയുന്നവർ ഇത്രയും നാൾ എന്താണ് ഗാന്ധിയെക്കുറിച്ച് പറഞ്ഞതെന്നുകൂടി തിരിഞ്ഞുനോക്കുന്നത് നന്നായിരിക്കും. ഗാന്ധി ഘാതകർക്ക് പ്രതിഷ്ഠയൊരുക്കുകയും ഗാന്ധിയെ അപമാനിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ഗാന്ധിപ്രതിമകൾ തകർക്കുകയും ഗാന്ധിയൻ ഓർമ്മകളെയും ചിഹ്നങ്ങളെയും നിരന്തരം അപമാനിക്കുകയും ചെയ്തവർ ഗാന്ധിജി ഭാരതത്തിന്റെ സ്വത്വത്തിൽ അധിഷ്ഠിതമായ രാഷ്ട്രം വിഭാവനം ചെയ്തുവെന്നൊക്കെ നടത്തുന്ന പരാമർശങ്ങൾ നടത്തുമ്പോൾ ഇവർ ഉദ്ദേശിക്കുന്ന ഗാന്ധി മോഹൻദാസ് കരംചന്ദ് ഗാന്ധി എന്ന മഹാത്മജി തന്നെയാണോ എന്ന് സംശയിക്കേണ്ട സാഹചര്യമാണ്.
സർദാർ വല്ലഭ്ഭായി പട്ടേലിനെ എങ്ങനെയാണ് ഭൂരിപക്ഷ വർഗീയതയുടെ പ്രചാരകർ കഴിഞ്ഞ കുറെക്കാലമായി അവരുടെ ആവശ്യങ്ങൾക്കും താല്പര്യങ്ങളും വേണ്ടി ഉപയോഗിച്ചതെന്നതിന്റെ നാൾവഴികൾ നമ്മുടെ മുന്നിലുണ്ട്. പടുകൂറ്റൻ പ്രതിമയുയർത്തി പട്ടേലിന്റെ പാരമ്പര്യം തങ്ങൾക്കാണെന്ന് അവർ പറയുമ്പോൾ അതിനെ പ്രതിരോധിക്കാനോ എതിർക്കാനോ ദേശീയപ്രസ്ഥാനത്തിന്റെ പിന്തുടർച്ചക്കാരും മതേതരത്തിന്റെ കാവലാളുകളും എന്ന് അവകാശപ്പെട്ടവർ വേണ്ടരീതിയിൽ ശ്രമിക്കാതിരുന്നതിന്റെ അനന്തരഫലമാണ് ഇപ്പോൾ മഹാത്മജിയുടെയും ലാൽബഹദൂർ ശാസ്ത്രിയുടെയുമൊക്കെ പേരുകൾ ഉച്ചരിക്കാൻ പോലും ഇവർക്ക് ധൈര്യം നൽകുന്നത്.
സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിമാത്രമല്ല വർഗീയവിഷം വ്യാപിപ്പിക്കുന്നവർക്കെതിരെയും നിലകൊണ്ട മഹാത്മാവാണ് ഗാന്ധിജി. ഇപ്പോൾ ഗാന്ധിയെ പുകഴ്ത്താൻ തയ്യാറായവർ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തെയല്ല അദ്ദേഹം പ്രതിനിധാനം ചെയ്തതെന്നും ഗാന്ധിജി മുന്നോട്ടുവച്ച മാനവികതയുടെ കൊടുംശത്രുക്കളാണ് ഇവരെന്നും അവരോട് തന്നെ പറഞ്ഞുകൊടുക്കാൻ നമ്മുടെ രാജ്യത്തെ ജനാധിപത്യവിശ്വാസികൾ മുന്നിട്ടിറങ്ങണം. ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിവധത്തിൽ ഏറ്റവുമധികം ആരോപണങ്ങൾ നേരിട്ടവർ തന്നെ ഗാന്ധി പ്രകീർത്തനവുമായി ഇറങ്ങുന്നത് ദുഷ്ടലാക്കോടെ തന്നെയാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. വർഗീയതയോടും മനുഷ്യവിരുദ്ധതയോടും വിട്ടുവീഴ്ചയില്ലാതെ നിലകൊണ്ടതിനാലാണ് മതഭ്രാന്തന്മാരുടെ വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ജീവനെടുത്തത്. അദ്ദേഹത്തിന്റെ ഘാതകരെയും അതിന് ഗൂഢാലോചന നടത്തിയവരെയും തള്ളിപ്പറയാത്ത കാലത്തോളം ഇവർ നടത്തിയ ഗാന്ധിസ്തുതികൾ അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യം തന്നെയാണ്. വിഭജനങ്ങൾക്കും വിഭാഗീയതകൾക്കും വർഗീയചിന്തകൾക്കും തന്റെ ജീവിതത്തിന്റെ അവസാന നിമിഷം വരെ എതിരുനിന്നയാളാണ് അദ്ദേഹം. എന്നാൽ വിഭജനത്തിനും വിഭാഗീയതയ്ക്കും വർഗീയതയ്ക്കും വിത്തിട്ടുമുളപ്പിച്ചവർ ഗാന്ധിജിയുടെ സംഭാവനകളെ പ്രകീർത്തിക്കുന്നതിന് പിന്നിൽ ഗൂഢമായ ലക്ഷ്യങ്ങളുണ്ട് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഗാന്ധിജി ഇന്ത്യയുടേതാണ്, ഒരു മതഭ്രാന്തന്മാരുടെയും ജല്പനങ്ങൾക്ക് ഗാന്ധിയുടെ ഓർമ്മകളെപ്പോലും വിട്ടുകൊടുക്കാനാവില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.