
ഉത്തരകൊറിയൻ ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി കിം ജോങ് ഉന്നിനെ വീണ്ടും തെരഞ്ഞെടുത്തു. പ്യോങ്യാങ്ങിൽ നടന്ന ഒൻപതാമത് പാർട്ടി കോൺഗ്രസിലാണ് ഔദ്യോഗിക പ്രഖ്യാപനമുണ്ടായത്. 1940കൾ മുതൽ കിം കുടുംബം ഭരണം നടത്തുന്ന രാജ്യത്ത് ഈ തീരുമാനം തികച്ചും പ്രതീക്ഷിക്കപ്പെട്ടതായിരുന്നു. ആണവായുധങ്ങൾ കേന്ദ്രീകരിച്ചുള്ള സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിൽ കിമ്മിന്റെ നേതൃത്വം വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി ഔദ്യോഗിക മാധ്യമമായ കെ സി എൻ എ റിപ്പോർട്ട് ചെയ്തു.
അന്താരാഷ്ട്ര ഉപരോധങ്ങൾ നിലനിൽക്കുമ്പോഴും ആണവ പരീക്ഷണങ്ങളും നിരോധിത മിസൈൽ പരീക്ഷണങ്ങളും ഉത്തരകൊറിയ തുടരുകയാണ്. ഫെബ്രുവരി 19ന് തുടങ്ങിയ ഒൻപതാമത് പാർട്ടി കോൺഗ്രസിന്റെ നാലാം ദിവസമാണ് കിമ്മിന്റെ പുനർനിയമനം നടന്നത്. വരാനിരിക്കുന്ന ആയുധ പദ്ധതികളുടെ അടുത്ത ഘട്ടം കിം ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. സമ്മേളനത്തിന് മുന്നോടിയായി ആണവ വാഹക ശേഷിയുള്ള റോക്കറ്റ് ലോഞ്ചറുകൾ ഉത്തരകൊറിയ പ്രദർശിപ്പിച്ചിരുന്നു.
അയ്യായിരത്തോളം പാർട്ടി പ്രതിനിധികളാണ് ഇത്തവണ സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ഉത്തരകൊറിയയുടെ വിദേശനയവും ആണവ ലക്ഷ്യങ്ങളും സംബന്ധിച്ച പ്രധാന തീരുമാനങ്ങൾ ഈ സമ്മേളനത്തിലാണ് കൈക്കൊള്ളുന്നത്. 2021ലെ സമ്മേളനത്തിന് ശേഷം പാർട്ടിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏകദേശം പകുതിയിലധികം അംഗങ്ങളെയും പുതുതായി നിയമിച്ചു.
ഈ സമ്മേളനത്തിൽ കിമ്മിന്റെ മകൾ ജൂ എ പ്രത്യക്ഷപ്പെടുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. ജൂ എയെ കിം തന്റെ പിൻഗാമിയായി തിരഞ്ഞെടുത്തതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ഏകദേശം 13 വയസ്സുകാരിയായ ജൂ എ അടുത്തകാലത്തായി ഔദ്യോഗിക ചടങ്ങുകളിൽ സജീവമാണ്. അതേസമയം, വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കിമ്മിനെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അഭിനന്ദിച്ചു. ചൈന ഉത്തരകൊറിയയുടെ പ്രധാന സഖ്യകക്ഷിയാണെങ്കിലും, പ്യോങ്യാങ്ങിന്റെ ആണവ മോഹങ്ങളിലും റഷ്യയുമായുള്ള വർദ്ധിച്ചുവരുന്ന അടുപ്പത്തിലും ചൈനയ്ക്ക് ആശങ്കയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.