
ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ പിൻഗാമിയായി മകൾ കിം ജൂ ഏ തിരഞ്ഞെടുക്കപ്പെട്ടതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസിയായ നാഷണൽ ഇന്റലിജൻസ് സർവീസ്. നിലവിൽ 13 വയസ്സ് പ്രായം കണക്കാക്കുന്ന ജൂ ഏ ഭരണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്യപ്പെട്ടതായാണ് ഏജൻസിയുടെ വിലയിരുത്തൽ. കഴിഞ്ഞ കുറച്ചു മാസങ്ങളായി കിം ജോങ് ഉന്നിനൊപ്പം പ്രധാനപ്പെട്ട ഔദ്യോഗിക ചടങ്ങുകളിൽ ജൂ ഏ സാന്നിധ്യമറിയിക്കുന്നുണ്ട്. സെപ്റ്റംബറിൽ ബീജിംഗിൽ നടന്ന സൈനിക പരേഡിൽ പിതാവിനൊപ്പം പങ്കെടുത്തതാണ് ആദ്യ വിദേശ സന്ദർശനം. കൊറിയൻ പീപ്പിൾസ് ആർമിയുടെ വാർഷികം, കുംസുസൻ കൊട്ടാരം സന്ദർശനം തുടങ്ങിയ വേദികളിൽ പിതാവിനൊപ്പം തുല്യ പ്രാധാന്യത്തോടെയാണ് അവൾ പ്രത്യക്ഷപ്പെട്ടത്. ചില ഭരണപരമായ നയങ്ങളിൽ ജു ഏ അഭിപ്രായം രേഖപ്പെടുത്തുന്നതായും സൂചനകളുണ്ട്. നിലവിൽ ഉത്തരകൊറിയയിലെ രണ്ടാമത്തെ വലിയ അധികാര കേന്ദ്രമായാണ് ജു ഏയെ കണക്കാക്കുന്നത്.
ഉത്തരകൊറിയൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിത്രങ്ങളിൽ കിം ജോങ് ഉന്നിന് ഒപ്പമോ അല്ലെങ്കിൽ അദ്ദേഹത്തിന് മുന്നിലോ നടന്നുനീങ്ങുന്ന ജു ഏയെയെയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. പരമ്പരാഗതമായ പുരുഷാധിപത്യം നിലനിൽക്കുന്ന ഉത്തരകൊറിയയിൽ ഒരു പെൺകുട്ടി പിൻഗാമിയായി വരുന്നത് വലിയ മാറ്റമായാണ് നിരീക്ഷകർ കാണുന്നത്. കിം ജോങ് ഉന്നിന് മൂത്ത മകൻ ഉണ്ടെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും, അദ്ദേഹത്തെക്കുറിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ല. ഈ മാസം അവസാനം നടക്കാനിരിക്കുന്ന പാർട്ടിയുടെ പത്താം കോൺഗ്രസിൽ ജു ഏ പങ്കെടുക്കുമോ എന്ന് രഹസ്യാന്വേഷണ വിഭാഗം സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. രാജ്യത്തിന്റെ അടുത്ത അഞ്ച് വർഷത്തേക്കുള്ള ആണവ പദ്ധതികളും വിദേശ നയങ്ങളും തീരുമാനിക്കുന്ന ഈ സുപ്രധാന വേദിയിൽ ജു ഏയുടെ സാന്നിധ്യമുണ്ടായാൽ അത് ഔദ്യോഗിക സ്ഥാനാരോഹണത്തിന്റെ ശക്തമായ സൂചനയാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.