21 November 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2023
September 23, 2023
September 23, 2023
February 18, 2022
February 13, 2022
February 4, 2022
February 2, 2022
January 30, 2022
January 29, 2022

ഇപ്റ്റയുടെ സ്നേഹാഭിവാദ്യം

ടി വി ബാലൻ
(ഇപ്റ്റ ദേശീയ വൈസ് പ്രസിഡന്റ് )
September 23, 2023 6:19 am

ലയാളികൾക്ക് കൈവന്ന സൗഭാഗ്യവും അഭിമാനവുമാണ് ഇപ്റ്റയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയായ മധു എന്ന മഹാനടൻ. ഭാവാഭിനയ ചക്രവർത്തി എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കന്നത്.
മിഴികളുടെ നേർത്ത ചലനങ്ങളിൽ ഭാവനാമുദ്രകൾ ഒളിപ്പിച്ച പ്രതിഭാശാലി. ചലച്ചിത നാടകകലയെ ഏഴുപതിറ്റാണ്ടോളംആശ്ലേഷിച്ച മധുവിന് മറ്റൊരു ജീവിതം ഉണ്ടായിരുന്നില്ല. കേരളീയർക്ക് സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മധു എന്ന സർഗാത്മക വ്യക്തിത്വം. പ്രണയവും പട്ടിണിയും കലഹവും കണ്ണീരും സ്വപ്നവും കൂടി കലർന്നതാണ് മധുവിന്റെ അവിസ്മരണീയ വേഷങ്ങൾ. അവയിൽ മലയാളി ദർശിച്ചത് തന്റെ തന്നെ വൈകാരിക മുഖങ്ങളാണ്.
നവതിയിൽ എത്തിയ മധു നാടക ചലച്ചിത്ര കലയിൽ ഒരു പ്രകാശഗോപുരമായി ഉയർന്നുനില്ക്കുകയാണ്. ബാല്യകാലത്തു തന്നെ നടനം ശരീരത്തിൽ അലിഞ്ഞുചേർന്നതുകൊണ്ടാണ് കോളജ് അ­ധ്യാ­­പക ജോലി രാജിവച്ച് നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ അഭിനയം പഠിക്കാൻ ചേരുന്നത്. പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയ അന്തരീക്ഷമായിരുന്നു അന്ന് ഇന്ത്യയിൽ. അത് കണ്ടും കേട്ടും അനുഭവിച്ചുമായിരുന്നു മധുവിന്റെ അഭിനയ പഠനകാലം.
ബംഗാളിലെ ചമൽ ലാൽ, ഡൽഹിയിലെ ഖേൽകപൂർ, ബിഹാറിലെ പ്യാരിലാൽ എന്നിവരായിരുന്നു മധുവിന്റെ സഹപാഠികൾ. വ്യത്യസ്തങ്ങളായ സാഹചര്യവും ഭാഷയും സംസ്കാരവും ഭക്ഷണവുമുള്ള സഹപാഠികളോടൊപ്പം ലോകത്തെ ഗ്രസിക്കുന്ന വിഷയങ്ങളിൽ മധുവിന്റെ നേതൃത്വത്തിൽ നാടകങ്ങൾ അവിടെ ചെയ്തു. അത് വഴി മഹത്തായ ഒരു കാര്യം ബോധ്യപ്പെട്ടു. നാടകത്തിന് ഒറ്റ ഭാഷയേയുള്ളൂ. അത് രംഗഭാഷയാണെന്ന്.
സഹപാഠികളെല്ലാം പിന്നീട്, മധുവിനെ പോലെ അറിയപ്പെടുന്ന കലാകാരൻമാരായി ഉയർന്നുവന്നു. നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയിലെ പ്രധാന അധ്യാപകരെല്ലാം ഇപ്റ്റയുടെ രൂപീകരണത്തിന് പ്രധാനപങ്കുവഹിച്ചവരാണ്. ബംഗാൾ ക്ഷാമകാലത്ത് ലക്ഷക്കണക്കിന് മനുഷ്യർ തെരുവിൽ മരിച്ചുവീണപ്പോൾ ഇപ്റ്റയാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കിയത്.

അവരുടെ സമർപ്പിത സാമൂഹ്യബോധമാണ് മധുവിന്റെ മനസ്സിൽ ഇപ്റ്റ ചിരപ്രതിഷ്ഠയാകുന്നത്. ഇപ്റ്റയുടെ ദേശീയ നേതാവായ ശുംഭമിത്രയുമായി നല്ല സൗഹൃദത്തിലായിരുന്നു. അദ്ദേഹവും ഗിരീഷ് കർണാടും ഗസ്റ്റ് അധ്യാപകരായി ഇൻസ്റ്റിറ്റ്യൂട്ടിൽ സന്ദർശിക്കാറുണ്ടായിരുന്നു.
ബൽരാജ് സാഹ്നി, എ കെ ഹംഗൽ, സലിൽ ചൗധരി, പണ്ഡിറ്റ് രവിശങ്കർ, ബിനോയ് റോയ്, ഹബീബ് തൻവീർ എന്നിവരെല്ലാം മധുവിന്റെ കലയുടെയും സാഹിത്യത്തിന്റേയും രാഷ്ട്രീയ കാഴ്ചപ്പാടിന് ദിശാബോധം നല്കിയ സൗഹൃദങ്ങളായിരുന്നു.
കേരള നവോത്ഥാനത്തിന് ചരിത്രപരമായ സംഭാവനല്കിയ കെപിഎസിക്കു വേണ്ടിയും മധു സിനിമ സംവിധാനം ചെയ്തു. നീലക്കണ്ണുകള്‍ എന്ന ചിത്രമായിരുന്നു അത്.
നിരവധി പുരസ്കാരങ്ങൾ സിനിമയിൽ മധുവിനെ തേടിവന്നെങ്കിലും അതിലൊന്നും അദ്ദേഹം അഭിരമിച്ചിരുന്നില്ല. അതിനുകാരണം നാടകമായിരുന്നു മധുവിന്റെ കലാജീവിതത്തിന്റെ അടിസ്ഥാന ഊർജം. കമ്മ്യൂണിസ്റ്റ് പാർട്ടിനേതാക്കളും മുഖ്യമന്ത്രിമാരുമായിരുന്ന സി അച്യുതമേനോനോടും പി കെ വാസുദേവൻ നായരോടും സ്നേഹാദരവോടെയുള്ള അടുപ്പമായിരുന്നു മധുവിന്.

” മധു നാട്യകലയുടെ അഭിമാനമാണ്, താരത്തിളക്കത്തിൽ നില്ക്കുമ്പോഴും താരമാകാനാഗ്രഹിക്കാത്ത അഭിനേതാവാണ്. താരപരിവേഷങ്ങൾ താനേ വന്നുചേരുകയല്ലാതെ, ആരാധകരുടെ പ്രചാരണങ്ങളിലൂടെയോ, വൈതാളികരുടെ തിരുവാഴ്ത്തുകളിലൂടെയോ വരുത്തേണ്ടതല്ലെന്ന് വിശ്വസിക്കുന്ന ആത്മവിശ്വാസമുള്ള കലാകാരനാണ് മധുവെന്ന് ഇപ്റ്റയുടെ സംസ്ഥാന പ്രസിഡണ്ടുകൂടിയായിരുന്ന പ്രിയകവി ഒഎൻവിയുടെ നിരീക്ഷണം എത്ര പ്രസക്തമാണ്. കേരളത്തിലെ ഇപ്റ്റയുടെ ദൈനദിന പ്രവർത്തനങ്ങൾക്ക് ശാരീരിക പ്രയാസങ്ങളാൽ സാന്നിധ്യം അപൂർവമാണ്. എന്നാൽ മുൻകാലങ്ങളിൽ പങ്കെടുക്കുന്ന സംസ്ഥാന കമ്മിറ്റി യോഗങ്ങളിലെല്ലാം പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്കും വിപുലീകരണത്തിനും പ്രസിഡന്റ് എന്ന നിലയിൽ വയ്ക്കുന്ന നിർദേശങ്ങളും അഭിപ്രായങ്ങളും ആവേശകരമായിരുന്നു.
ആലപ്പുഴയിൽ നടന്ന ലിറ്റിൽ ഇപ്റ്റ ക്യാമ്പിൽ ഒരു പകൽ മുഴുവൻ മധു കുട്ടികളോടൊപ്പം കളിയും ചിരിയും വർത്തമാനവുമായി ചെലവഴിച്ചത് ഓർക്കുകയാണ്. ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ എൺപതാം വാർഷികാഘോഷവും ഇപ്റ്റയുടെ ദേശീയ സാംസ്കാരിക ജാഥയും ഇന്ത്യയിലുടനീളം വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്ന വേളയിലാണ് കേരളം ഘടകം. അദ്ധ്യക്ഷൻ കൂടിയായ മഹാനടന്റെ നവതി എന്നത് എത്രയോ ആഹ്ലാദകരമാണ്.

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.