ആധികാരിക ജയത്തോടെ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 109 റണ്‍സ് വിജയലക്ഷ്യം 20.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു. 51 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഇന്നിങ്സാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഓപ്പണിങ് വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലിനൊപ്പം 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും രോഹിത്തിനായി. വിരാട് കോലി 11 റണ്‍സെടുത്ത് പുറത്തായി. ശുഭ്മാന്‍ ഗില്ലും(40*) ഇഷാന്‍ കിഷനും(8*) ഇന്ത്യന്‍ ജയം പൂര്‍ത്തിയാക്കി.
നേരത്തെ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യ ന്യൂസിലാന്‍ഡിനെ 34.3 ഓവറില്‍ 108 റണ്‍സിന് എറിഞ്ഞിട്ടിരുന്നു. ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തിലെ പിച്ചില്‍ കൃത്യമായ ലെങ്ത് കാത്തുസൂക്ഷിച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കിവീസ് മുന്‍നിര ചീട്ടുകൊട്ടാരമായി. ഒരു ഘട്ടത്തില്‍ 10.3 ഓവറില്‍ വെറും 15 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായ സന്ദര്‍ശകരെ ഗ്ലെന്‍ ഫിലിപ്സ്, മൈക്കല്‍ ബ്രേസ്വെല്‍, മിച്ചെല്‍ സാന്റ്നര്‍ എന്നിവരുടെ ഇന്നിങ്സുകളാണ് 100 കടത്തിയത്. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ഫിന്‍ അലനെ(0) ബൗള്‍ഡാക്കി ഷമിയാണ് കിവീസിന്റെ തകര്‍ച്ച തുടങ്ങിവച്ചത്. ആറാം ഓവറില്‍ ഹെന്‍റി നിക്കോള്‍സിനെ(2) വീഴ്ത്തി സിറാജ് കിവീസിനെ സമ്മര്‍ദത്തിലാക്കി. ഡാരില്‍ മിച്ചലിനെ(1) നിലയുറപ്പിക്കും മുമ്പെ ഷമി മടക്കിയതോടെ ടീം സ്കോര്‍ രണ്ടക്കം കടക്കും മുമ്പെ കിവീസിന് മൂന്ന് വിക്കറ്റ് നഷ്ടമായി.
പിടിച്ചു നില്‍ക്കുമെന്ന് കരുതിയ ഡെവോണ്‍ കോണ്‍വെയെ(7) വീഴ്ത്തി ഹാര്‍ദ്ദിക്കും വിക്കറ്റ് വേട്ടയ്ക്കെത്തിയതോടെ കിവീസ് പകച്ചു. ക്യാപ്റ്റന്‍ ടോം ലാഥമിന്റെ ഊഴമായിരുന്നു പിന്നീട്. ഷര്‍ദ്ദുല്‍ താക്കൂറാണ് ലാഥമിനെ(1) മടക്കിയത്. 17 പന്ത് നേരിട്ടാണ് ലാഥം ഒരു റണ്ണെടുത്ത് മടങ്ങിയത്. ഇതോടെ ന്യൂസിലാന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന ദയനീയ സ്ഥിതിയില്‍. എന്നാല്‍ ആറാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഗ്ലെന്‍ ഫിലിപ്സ് — ബ്രേസ്വെല്‍ സഖ്യമാണ് കിവീസിനെ 50 കടത്തിയത്. ബ്രേസ്വെല്‍ പുറത്തായ ശേഷം സാന്റ്നറെ കൂട്ടുപിടിച്ച് ഫിലിപ്സ് 47 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ലോക്കി ഫെര്‍ഗൂസന്‍ (1), ബ്ലെയര്‍ ടിക്നെര്‍ (2) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും രണ്ട് വീതം വിക്കറ്റുകള്‍ നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് കിവീസിനെ തകര്‍ത്തത്. സിറാജ്, താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
English Summary:Kiwi’s defeated; India won the series in the second ODI
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.