വിജിലൻസ് പിടിച്ചെടുത്ത പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി നല്‍കിയ ഹര്‍ജി കോടതി തള്ളി. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നിന്നും വിജിലൻസ് പിടിച്ചെടുത്ത 47.35 ലക്ഷം രൂപതിരികെ വേണമെന്ന ഹര്‍ജിയാണ് കോഴിക്കോട് വിജിലൻസ് കോടതി തള്ളിയത്. കെ എം ഷാജിക്ക് പണം തിരികെ നൽകാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വീട്ടിൽ സൂക്ഷിച്ചത് തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന മുൻ എംഎൽഎയുടെ വാദവും തള്ളിക്കളഞ്ഞു. ഈ പണം വിട്ട് നൽകുന്നത് അന്വേഷണത്തെ കാര്യമായി ബാധിക്കുമെന്നായിരുന്നു വിജിലൻസ് കോടതിയിൽ വാദിച്ചത്. പിടിച്ചെടുത്ത പണം ഒരു കാരണവശാലം തിരികെ നൽകാൻ സാധിക്കില്ല. ഇത് തിരികെ നൽകിയാൽ അനധികൃത സ്വത്ത് സമ്പാദന കേസിനേയടക്കം ബാധിക്കുമെന്നും വിജിലൻസ് കോടതിയിൽ വാദിച്ചു.
എന്നാൽ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് സമയത്ത് പ്രവർത്തകരിൽ നിന്നും സമാഹരിച്ച പണമാണ് ഇതെന്നായിരുന്നു കെഎം ഷാജിയുടെ വാദം. ചില രസീതുകളും ഷാജി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഈ രസീതുകളിൽ പലതും ഇരുപതിനായിരത്തിന്റേയും പതിനായിരത്തിന് മുകളിലുള്ള തുകയുടേതുമായിരുന്നു. ഇത് കൃത്രിമായി ഉണ്ടാക്കിയ തെറ്റായ രേഖകളാണെന്നുള്ള വാദവും പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചു. പണം തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് തെളിയിക്കുന്നതിനായി കെഎം ഷാജി ഹാജരാക്കിയ രേഖകളിൽ കോടതിയും കഴിഞ്ഞ ദിവസം സംശയം പ്രകടിപ്പിച്ചിരുന്നു. ഇരുപതിനായിരം രൂപയുടെ രസീതിൽ പണം പിരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻറെ അനുമതിയുണ്ടോ എന്ന് കോടതി ആരായുകയും ചെയ്തിരുന്നു.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണവും നടക്കുന്നുണ്ട്. 2020 ജനുവരിയിലാണ് ഷാജിയെ പ്രതി ചേർത്ത് വിജിലൻസ് കോഴക്കേസ് രജിസ്റ്റർ ചെയ്തത്. അഴീക്കോട് ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു കോഴ്സ് അനുവദിക്കാനായി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ എം ഷാജിക്കെതിരായ കേസ്. സിപിഐഎം നേതാവായ കുടുവൻ പത്മനാഭൻ നൽകിയ പരാതിയിലായിരുന്നു കേസ്. മുസ്ലീം ലീഗിന്റെ പ്രാദേശിക നേതാവായിരുന്നു ഷാജി കോഴി വാങ്ങിയെന്ന ആരോപണം ആദ്യം ഉന്നയിച്ചത്. സ്കൂളിലെ ഒരു അധ്യാപകനിൽ നിന്ന് കോഴ വാങ്ങിയെന്നും ഈ അധ്യാപകന് പിന്നീട് ഇതേ സ്കൂളിൽ സ്ഥിര നിയമനം ലഭിച്ചെന്നും ഇ ഡി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ കോഴപ്പണം ഉപയോഗിച്ച് ഷാജി ഭാര്യ ആശയുടെ പേരിൽ കോഴിക്കോട് വേങ്ങേരി വില്ലേജിൽ വീട് പണിതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വീടടക്കം 25 ലക്ഷം രൂപയുടെ സ്വത്തുവകകൾ പിന്നീട് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം ഇഡി കണ്ടുകെട്ടിയിരുന്നു.
അതേസമയം വിജിലൻസ് കോടതിയുടെ ഉത്തരവിനെതിരായി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് കെ എം ഷാജിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഹർജി കോടതി ശരിയായി പരിഗണിച്ചിട്ടില്ലെന്നും ശരിയായ രേഖകളാണ് കോടതിയിൽ ഹാജരാക്കിയതെന്നും രേഖകൾ ശരിയല്ല എന്നുള്ളത് പ്രോസിക്യൂഷൻ വാദം മാത്രമാണെന്നും അഭിഭാഷകൻ അഭിപ്രായപ്പെട്ടു.
English Summary: km shaji s plea for return of money rejected by court
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.