
തിന്നാൻ വേണ്ടിയാണോ ജീവിക്കുന്നത് അതോ ജീവിക്കാൻ വേണ്ടിയാണോ തിന്നുന്നത് എന്ന ചോദ്യത്തിനുളള ഉത്തരം പലരീതിയിലും നമുക്ക് പറയാവുന്നതാണ്. ദൈനംദിന ജീവിതത്തിൽ വ്യത്യസ്തമാർന്ന ഭക്ഷണങ്ങൾ കഴിക്കുവാൻ ആഗ്രഹിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ കാണുന്നതും പലരും നിര്‍ദേശിക്കുന്നതുമായ ഭക്ഷണങ്ങൾ വാങ്ങാനും ഉണ്ടാക്കാനും നമ്മൾ ശ്രമിക്കാറുണ്ട്. നമ്മളിൽ മിക്കവരും മികച്ച ഭക്ഷണത്തിനായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നതിനേക്കാൾ കൂടുതൽ തുക നൽകുവാൻ തയ്യാറായേക്കുമെന്നതാണ് സത്യം. അത്തരം ചില വിലകൂടിയ ഭക്ഷണ സാധനങ്ങൾ ഏതാണെന്ന് നമുക്ക് നോക്കാം.

ഒരു കിലോക്ക് 25 ലക്ഷം രൂപയിലധികം വിലവരുന്ന ഒരു ഭക്ഷ്യ വസ്തുവാണ് മത്സ്യ മൊട്ടയായ അല്‍മാസ് കാവിയര്‍.
ഇറാനില്‍ കാണപ്പെടുന്ന ഒരു അപൂര്‍വ്വയിനം മത്സ്യമായ ആല്‍ബിനോ സ്റ്റര്‍ജനുകളില്‍ നിന്ന് ലഭിക്കുന്ന സ്വര്‍ണ നിറത്തിലുള്ള മുട്ടകളാണ് ഇത്. ഇത് കുറുകിയ ഘടനയുള്ളതും രുചികരവുമാണ്. ആഡംബര ഭക്ഷണം എന്ന നിലയില്‍ പേരുകേട്ടവയാണ് അല്‍മാസ് കാവിയര്‍. ഇത് തണുപ്പിച്ചാണ് വിളമ്പുന്നത്. ഏകദേശം 60നും 100നും ഇടയിൽ പ്രായമുളള പെൺ ആൽബിനോ സ്റ്റർജന്റെ മുട്ടകളിൽ നിന്നുമാണ് അൽമാസ് നിർമ്മിക്കുന്നത്. ഈ മത്സ്യം പ്രധാനമായും ഇറാനിലെ തെക്കൻ കാസ്പിയൻ കടലിലാണ് കാണപ്പെടുന്നത്. ഒരു കിലോ അൽമാസിന് ഏകദേശം 25 ലക്ഷത്തിലധികം രൂപയാണ് വില. എന്നാൽ ആൽബിനോ സ്റ്റർജൻ ഇന്ന് വംശനാശ ഭീഷണി നേരിട്ടുക്കൊണ്ടിരിക്കുകയാണ്. അതിനാൽ അൽമാസിന്റെ വില ഇനിയും ഉയരും. കാഴ്ചയിൽ അതിഭംഗി തോന്നിപ്പിക്കുന്ന ഈ വിഭവത്തിന് മൽസ്യത്തിന്റെ രുചിയാണ്.

ഒരു കാപ്പി കുടിക്കണമെങ്കിൽ 2000 രൂപയിലേറെ കൊടുക്കണം എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. ഇന്തൊനീഷ്യയിലെ കാപ്പിത്തോട്ടങ്ങളിൽ ഉല്പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം കാപ്പിപ്പൊടി കൊണ്ടുണ്ടാക്കുന്ന കോപി ലുവാക് ആണ് കോഫികളിലെ രാജാവ്. ഈ കാപ്പിയുടെ വിലയും നിർമാണ രീതിയും തന്നെയാണ് ഇതിനെ വ്യത്യസ്‌തമാക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന മരപ്പട്ടിക്ക് സമാനമായ സിവറ്റ് കാറ്റ് എന്ന ജീവിയാണ് ഈ കാപ്പി ഉണ്ടാക്കാനുളള കാപ്പിക്കുരു വിഴുങ്ങി വിസർജിക്കുന്നത്. ഇതിൽ നിന്നാണ് പിന്നീട് കാപ്പി ഉണ്ടാക്കുന്നത്. കോപി ലുവാക് എന്നറിയപ്പെടുന്ന കാപ്പിപൊടി ഒരു കിലോയ്‌ക്ക് 13,600 രൂപ മുതലാണ് വില. സിവറ്റ് കോഫി എന്നും അറിയപ്പെടുന്ന ഈ കാപ്പിപ്പൊടി ഇന്ന് ലോകത്ത് പല ഭാഗത്തും ഉല്പാദിപ്പിക്കുന്നുണ്ട്. ഇന്തൊനീഷ്യ ദ്വീപസമൂഹത്തിലെ സുമാത്ര, ജാവ, സുലാമെസി എന്നിവിടങ്ങളിലും ഫിലിപ്പീൻസിലും കിഴക്കൻ തിമൂറിലും ഇത് കൂടുതലായി ഉള്ളത്.

ഇറ്റലിയില്‍ കാണപ്പെടുന്ന അപൂര്‍വ്വയിനം കൂണുകളില്‍ ഒന്നാണ് വൈറ്റ് ട്രഫിള്‍. ഒരു കിലോഗ്രാമിന് മൂന്നര ലക്ഷം രൂപക്ക് മുകളിലാണ് ഇന്ത്യയിൽ ഇതിന്റെ വില. കറുത്തതും വെളുത്തതുമായി രണ്ട് തരത്തിലാണ് ഇത് കാണപ്പെടുന്നത്. കറുത്ത ട്രഫിളുകളില്‍ നിന്ന് വ്യത്യസ്തമായി വെളുത്ത ട്രഫിളുകള്‍ കൃഷി ചെയ്യാന്‍ കഴിയില്ല. ഓക്ക്, ഹേസല്‍നട്ട് പോലെയുള്ള പ്രത്യേക മരങ്ങള്‍ക്കിടയിലാണ് ഇവ വളരുന്നത്. ഇറ്റലിയിലെ ആൽബയിലെ കാടുകളിൽ വളരുന്ന വെളുത്ത ട്രഫിളുകളെ വളർത്താറില്ല, മറിച്ച് അവയെ തീറ്റയായി ശേഖരിക്കാറുണ്ട്. അതുകൊണ്ടാണ് അവ വളരെ വിലയേറിയത്. വെള്ള ട്രഫിളുകൾ മണ്ണിനടിയിൽ ആണ് വളരുന്നത്. പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളുടെ സഹായത്തോടെ ഒരു ചെറിയ സീസണിൽ മാത്രമേ ഇവയെ കണ്ടെത്താൻ കഴിയൂ. ദഹനത്തെ സഹായിക്കാനും ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്താനും ട്രഫിളുകൾ സഹായിക്കുമെന്ന് വിശ്വാസം.

ലോകത്ത് കാണപ്പെടുന്ന മറ്റൊരു വിലകൂടിയ ഭക്ഷ്യവസ്തുക്കളില്‍ ഒന്നാണ് കുങ്കുമപ്പൂവ്. ക്രോക്കസ് പൂക്കളുടെ സ്റ്റിഗ്മകളില്‍ നിന്ന് വേര്‍തിരിക്കുന്ന ഭാഗമാണ് ഈ വിലകൂടിയ പദാര്‍ഥം. കുങ്കുപ്പൂവിനെ ഇത്രയും വിലകൂടിയതാകുന്നതെന്നതിന് പല കാരണങ്ങളുണ്ട്. ഇവ ശരീരത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ്. സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സഹായിക്കുകയും കോശങ്ങളെ സംരക്ഷിക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത.
ബിരിയാണിയിലോ, മധുരപലഹാരങ്ങളിലോ, പാലിലോ ചേർത്ത് കുങ്കുമപ്പൂവ് ഉപയോഗിക്കാറുണ്ട്. കശ്മീരിൽ നിന്നോ ഇറാനിൽ നിന്നോ ഉള്ള യഥാർത്ഥ കുങ്കുമപ്പൂവ് വളരെ വിലയേറിയതാണ്. ചെറിയ പൂക്കളിൽ നിന്ന് ഓരോ ഇഴയും കൈകൊണ്ട് പറിച്ചാണ് എടുക്കുന്നത്. ചെറിയ അളവിൽ പോലും ശേഖരിക്കാൻ ആയിരക്കണക്കിന് പൂക്കൾ ആവശ്യമാണ്. സ്വർണ്ണത്തിനെ പോലെ അതിന്റെ വില ഉയരുവാൻ കാരണവും അതാണ്. മാനസികാവസ്ഥ, ഓർമ്മശക്തി, ആർത്തവ വേദന എന്നിവയ്ക്ക് പോലും ഇത് കാലങ്ങളായി ഉപയോഗിച്ചുവരുന്നു,
ബ്ലൂഫിൻ ട്യൂണ
23 കോടി രൂപ വരെയൊക്കെയാണ് വിലവരുന്ന ചൂര ഇനത്തിൽപെട്ട അറ്റ്ലാന്റിക് ബ്ലൂഫിൻ ട്യൂണ എന്ന മത്സ്യത്തിനും ഡിമാൻഡ് ഏറെയാണ്. വ്യത്യസ്തമായ ഘടനയുള്ള ഈ മത്സ്യത്തിന് വളരെ വേഗത്തിൽ കടലിലൂടെ പോകാൻ ഇവയ്ക്കു കഴിയും. 3 മീറ്റർ നീളം വയ്ക്കുന്ന ഈ മീനിന് 250 കിലോ വരെ ഭാരവും വരും. ചെറിയ മത്സ്യങ്ങളാണ് ഇവയുടെ ആഹാരം. ഇവ മനുഷ്യനെ ആക്രമിക്കില്ല. ജപ്പാനിലാണ് ഇവയ്ക്ക് ഡിമാൻഡ് കൂടുതൽ. അനധികൃത മത്സ്യവേട്ടയ്ക്കും ഇവ ഇരയാകാറുണ്ട്. ഇവ അപൂർവമായതിനാലും ഇവയുടെ മാംസം അതീവരുചികരമായതിനാലുമാണ് ഇത്ര വില.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.