22 January 2026, Thursday

Related news

October 18, 2025
September 16, 2025
August 4, 2025
July 18, 2025
July 12, 2025
July 11, 2025
July 8, 2025
July 7, 2025
July 5, 2025
July 3, 2025

കേരളത്തില്‍ വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കും: മന്ത്രി ആര്‍ ബിന്ദു

Janayugom Webdesk
തിരൂര്‍
February 15, 2025 8:53 am

കേരളത്തില്‍ വൈജ്ഞാനിക സമ്പദ്ഘടന കെട്ടിപ്പടുക്കുമെന്നും സമൂഹത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കാണാനുള്ള ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉത്തരവാദിത്വം നിറവേറ്റുമെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ സ്മാരക ഗവ. കോളേജില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് പ്രത്യേകമായി വകുപ്പുണ്ടാക്കി കേരളത്തെ ഉന്നത വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാന്‍ പ്രയത്‌നിക്കുന്ന സര്‍ക്കാറാണ് നിലവിലുള്ളതെന്നും വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്മുഖമായ വികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ 6000 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത്. അക്കാദമികവും ഭൗതികവുമായ മാറ്റങ്ങള്‍ ഈ മേഖലയുടെ മാറുന്ന മുഖമാണ് കാണിക്കുന്നത്. കേരളത്തിലെ സര്‍വ്വകലാശാലകളും പുതുകലാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവയും ദേശീയ അംഗീകാരത്തില്‍ മുന്നിലാണ്. നാക് എ, എ പ്ലസ് ഗ്രേഡുകളുള്ള 116 കോളേജുകളാണ് നമുക്കുള്ളത്. എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ രാജ്യത്തെ ആദ്യ 100 കോളേജുകളില്‍ 42 കോളേജുകളും കേരളത്തില്‍ നിന്നാണ്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നൈപുണ്യ വികസനത്തിനും ഗവേഷണത്തിനും ഊന്നല്‍ നല്‍കുന്ന രീതിയില്‍ കരിക്കുലം പരിഷ്‌കരിച്ച് വിജയകരമായ രീതിയില്‍ മുന്നോട്ടു പോകുന്നു. വിദ്യാര്‍ഥികളുടെ നൂതന ആശയങ്ങള്‍ക്ക് അഞ്ചു മുതല്‍ 25 ലക്ഷം വരെയും സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന മിടുക്കരായ 1000 വിദ്യാര്‍ത്ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ സ്‌കോളര്‍ഷിപ്പും നല്‍കിവരുന്നു. ഇവയെല്ലാം ഉന്നത വിദ്യാഭ്യാസ മേഖലയെ ശാക്തീകരിക്കുന്നതായി മന്ത്രി പറഞ്ഞു. തിരൂര്‍ തുഞ്ചന്‍ കോളെജില്‍ ലിഫ്റ്റ്, ലോബി, പടിപ്പുര, എഴുത്തച്ഛന്‍ സ്മാരകം, പാര്‍ക്കിംഗ് സ്‌പേസ്, സെമിനാര്‍ ഹാള്‍, ടെലസ്‌കോപ്പ് റൂം എന്നിവയുള്‍പ്പെടെ 2.95 കോടി രൂപയുടെ 40 വികസന പദ്ധതികളാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്. ചടങ്ങില്‍ കുറുക്കോളി മൊയ്തീന്‍ എം എല്‍ എ അധ്യക്ഷനായി. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഡോ. എം എസ് അജിത്ത്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു സൈനുദ്ദീന്‍, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നെല്ലാഞ്ചേരി നൗഷാദ്, പഞ്ചായത്തംഗം റിയാസ് ബാബു, പിടിഎ വൈസ് പ്രസിഡന്റ് എ പി മുജീബ്, അലുംനി പ്രസിഡന്റ് മെഹര്‍ഷാ കളരിക്കല്‍, സീനിയര്‍ സൂപ്രണ്ട് കെ എസ് ജഗദീപ്, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മുഹമ്മദ് സനൂഹ്, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം പി അനില്‍കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഭിന്നശേഷിക്കാരിയായ രണ്ടാം വര്‍ഷ എം എ മലയാളം വിദ്യാര്‍ത്ഥി ഷംല രചിച്ച പ്യൂപ്പ നിന്നും ചിത്രശലഭത്തിലേക്കുള്ള ദൂരം എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ് മന്ത്രി ഏറ്റുവാങ്ങി. കോളേജിന്റെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തികളെ ചടങ്ങില്‍ ആദരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.