
പ്രകൃതിസൗഹൃദവും സുസ്ഥിരവുമായ പൊതുഗതാഗത സംവിധാനത്തിലൂടെ ചരിത്രം കുറിച്ച വാട്ടർ മെട്രോ നഗര ഗതാഗതത്തിൽ മറ്റൊരു പുതിയ മാതൃകയ്ക്കു കൂടി തുടക്കം കുറിക്കുന്നു. ടൂറിസം വികസനത്തിനുള്ള വിവിധ പദ്ധതികൾ ഉടന്‍ ആവിഷ്കരിക്കും.
കൊച്ചിയുടെ മാലിന്യ പ്രശ്നം പരിഹരിക്കാൻ 3716.10 കോടിയുടെ ‘ഇന്റഗ്രേറ്റഡ് അർബൻ റീജനറേഷൻ ആന്റ് വാട്ടർ ട്രാൻസ്പോർട്ട് സിസ്റ്റം’ എന്ന ബൃഹദ് പദ്ധതിക്ക് സംസ്ഥാന സർക്കാർ അഗീകാരം നൽകിയ സാഹചര്യത്തില്‍ നവീകരണം നടക്കുന്ന കനാലുകളിലൂടെയുള്ള ഗതാഗതത്തിനും കനാൽ തീരങ്ങളിൽ വാട്ടർ സ്പോർട്സ് ഉൾപ്പെടയുള്ളവ ഏർപ്പെടുത്തുന്നതിനുമാണ് കൊച്ചി മെട്രോ തയ്യാറെടുക്കുന്നത്. മഴക്കാലത്ത് നഗരത്തെയും ജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടിന് പരിഹാരം കാണാനും ഇതിലൂടെ കഴിയും.
കൊച്ചിയിലെ കനാൽ കാഴ്ചകൾക്ക് പുത്തൻ സൗന്ദര്യം ഒരുക്കാനാണ് കൊച്ചി മെട്രോ ലക്ഷ്യമിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ലോക്‌നാഥ് ബഹ്റ പറഞ്ഞു, പേരണ്ടൂർ, ചിലവന്നൂർ, ഇടപ്പള്ളി, തേവര, കോന്തുരുത്തി, മാർക്കറ്റ് കനാൽ തുടങ്ങിയ നഗരത്തിലെ ആറു കനാലുകളാണ് ആഴം കൂട്ടി സൗന്ദര്യവൽക്കരിക്കുന്നത്. എല്ലാ കനാലുകളും ആഴം കൂട്ടി ചുരുങ്ങിയത് 16.5 മീറ്റർ വീതി ഉറപ്പാക്കും. ഇടപ്പള്ളി, ചിലവന്നൂർ കനാലുകളിൽ ബോട്ട് സർവീസ് ആരംഭിക്കും. ഇടപ്പള്ളി കനാൽ ഗതാഗതയോഗ്യമാക്കുന്നതോടെ മുട്ടാർ മുതൽ ചിത്രപ്പുഴവരെയുള്ള 11.50 കിലോമീറ്റർ ദൂരത്ത് അരമണിക്കൂർ ഇടവിട്ട് ബോട്ട് സർവീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.
ഇതിനായി 3.5 മീറ്റർ ഉയരമുള്ള 10 ബോട്ടുകൾ വാങ്ങാനാണ് കൊച്ചി മെട്രോ ഉദ്ദേശിച്ചിട്ടുള്ളത്. വൈറ്റില‑തേവര റൂട്ടിൽ വാട്ടർ മെട്രോ സർവീസ് തുടങ്ങുമ്പോൾ ഗതാഗതയോഗ്യമായ ചിലവന്നൂർ കനാലിലൂടെ കടവന്ത്ര മെട്രോയുമായും ബന്ധിപ്പിക്കാനാകും. ഈ കനാൽ തീരത്ത് 2.5 ഏക്കർ സ്ഥലം ഇപ്പോൾ പുറമ്പോക്ക് ഉണ്ട്. ഇവിടം സൗന്ദര്യവൽക്കരിച്ച് വാട്ടർസ്പോട്സ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്താനും പദ്ധതിയുണ്ട്. കൊച്ചിക്ക് മറ്റൊരു മറൈൻഡ്രൈവ് കൂടി കിട്ടാനുള്ള സാഹചര്യമാണ് ഉയർന്നുവരുന്നത്.
ചിലവന്നൂർ കനാൽ പരിസരത്ത് മനോഹരമായ നടപ്പാതകൾ പണിയും. വിനോദത്തിനുള്ള ഉപാധികളും ഏർപ്പെടുത്തും. ഇവിടെ താമസിക്കുന്നവർക്ക് ആരോഗ്യകരമായ ജീവിത ശൈലി പിന്തുടരുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കാനാണ് കൊച്ചി മെട്രോ ഉദ്ദേശിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.