കൊച്ചി കപ്പൽശാലയ്ക്ക് പുതിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കാൻ അവസരമൊരുങ്ങുന്നു. വിക്രാന്തിന് പുറമേ ഒരു വിമാന വാഹിനിക്കപ്പൽ കൂടി തദ്ദേശീയമായി നിർമ്മിക്കാൻ നേരത്തെ തീരുമാനം എടുത്തിരുന്നു. ഇതു സംബന്ധിച്ച നാവികസേനാ മേധാവി അഡ‌്മിറൽ ആർ ഹരികുമാറിന്റെ നിർദേശത്തിന് അടുത്ത ഡിഫൻസ് അക്വിസിഷൻ മീറ്റിങ് അനുമതി നല്കും. 50, 000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന കപ്പൽ ഐഎൻഎസ് വിക്രാന്തിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെയായിരിക്കും നിർമ്മിക്കുക. ‘റിപ്പീറ്റ് ഓഫ് വിക്രാന്ത്’ എന്നാണ് നാവികസേന ഈ പദ്ധതിയെ വിശേഷിപ്പിക്കുന്നത്. 21,000 കോടിയായിരുന്നു വിക്രാന്തിന്റെ നിർമ്മാണച്ചെലവ്.
വിക്രാന്തിൽ നിന്നു വ്യത്യസ്തമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടക്കമുള്ള എല്ലാ വിവര സാങ്കേതിക സംവിധാനങ്ങളും ഇതിലുണ്ട്. ‘തികച്ചും ഡിജിറ്റലാകും അടുത്ത വിമാന വാഹിനി’ എന്നാണ് നാവികസേനയുടെ കണക്കുകൂട്ടൽ. വരുംതലമുറ ഡിജിറ്റൽ യുദ്ധങ്ങൾക്കു വേണ്ട സന്നാഹങ്ങൾ വരെ ഇതിലുണ്ടാകും. ഭാരത് ഇലക്ട്രോണിക്സ്, ഭെൽ, ടാറ്റ, മഹീന്ദ്ര, എൽ ആൻഡ് ടി, കല്യാണി എന്നീ കമ്പനികൾ നിർമ്മാണത്തിൽ പങ്കാളികളാവും.
കൊച്ചിൻ കപ്പൽശാലയിൽ 1800 കോടി ചെലവിൽ പണിയുന്ന രാജ്യത്തെ ഏറ്റവും വലിയ ഡ്രൈ ഡോക്കിലാണ് പുതിയ വിമാന വാഹിനിയുടെ നിർമ്മാണം. അടുത്ത മേയിൽ പണി തുടങ്ങാൻ കഴിയുംവിധമുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്. ഉയർന്ന ഭാരവാഹക ശേഷിയുള്ള പ്ലാറ്റ്ഫോമാണ് തീർക്കുക. ചതുരശ്ര മീറ്ററിൽ 700 ടണ്ണാണ് ശേഷി. വിമാന വാഹിനി ഒഴികെയുള്ള കപ്പലുകൾ നിർമ്മിക്കാൻ 250 ടൺ ശേഷി മതി. ഹ്യൂണ്ടായി സാംഹോ നിർമ്മിച്ച 600 ടൺ ഗാൻട്രി ക്രെയിൻ കഴിഞ്ഞ ദിവസം ദക്ഷിണ കൊറിയയിൽ നിന്നെത്തിച്ചു. 85 ടണ്ണിന്റെ രണ്ടു ജിബ് ക്രെയിനുകൾ കൂടിയെത്തും.
ഇന്ത്യൻ നാവികസേനയ്ക്കു നിലവിൽ രണ്ടു വിമാന വാഹിനികളാണുള്ളത്. ഐഎൻഎസ് വിക്രാന്ത് ബംഗാൾ ഉൾക്കടലിലും ഐഎൻഎസ് വിക്രമാദിത്യ അറബിക്കടലിലും. ഇവയുടെ അറ്റകുറ്റപ്പണി സമയത്തെ സുരക്ഷാ വീഴ്ച ഒഴിവാക്കാനും യുദ്ധസമയത്ത് അധിക സുരക്ഷയൊരുക്കാനുമാണ് നാവിക മേധാവി മൂന്നാമതൊരു വിമാന വാഹിനി വേണമെന്ന ആവശ്യം മുന്നോട്ടുവച്ചത്.
English Summary: Kochi Shipyard will once again build an aircraft carrier
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.