കൊടകര കുഴൽപ്പണ കേസിന്റെ തുടരന്വേഷണത്തിന് പുതിയ സംഘത്തെ ഡിജിപി നിയോഗിച്ചു. കൊച്ചി ഡിസിപി കെ സുദർശന്റെ നേതൃത്വത്തിലുള്ള എട്ട് അംഗ സംഘമാണ് കേസ് അന്വേഷിക്കുക. നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്‌പി വി കെ രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും. ബിജെപി മുൻ ഓഫിസ് സെക്രട്ടറി തിരൂർ സതീശിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്. തുടരന്വേഷണം നടത്താമെന്ന് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി പൊലീസിന് നിയമോപദേശവും നല്‍കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ആറ് ചാക്കുകളിലായി തൃശൂരിലെ ബിജെപി ഓഫിസിൽ കുഴൽപ്പണം എത്തിച്ചെന്നായിരുന്നു സതീശിന്റെ വെളിപ്പെടുത്തൽ. കോടതിയുടെ അനുമതിയോടെയാകും അന്വേഷണത്തിലേക്ക് കടക്കുക. നേരത്തെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് സർക്കാരിന് റിപ്പോർട്ട് നല്‍കിയിരുന്നു.
പുനരന്വേഷണത്തിന് ഇരിങ്ങാലക്കുട കോടതിയിൽ സർക്കാർ അനുമതി ഹര്‍ജി ഫയല്‍ ചെയ്തു. അനുമതി ലഭിച്ചാൽ ഉടൻ തന്നെ അന്വേഷണം ആരംഭിക്കും. തിരൂർ സതീശിന്റെ മൊഴിയും രേഖപ്പെടുത്തും. തൃശൂരിലേക്കുള്ള പണം ഇറക്കിയശേഷം ആലപ്പുഴയിലേക്ക് പോകുമ്പോഴാണ് കൊടകരയിൽ മൂന്നരക്കോടി രൂപ കൊള്ളയടിച്ചതെന്ന് സതീശ് തുറന്നുപറഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.