23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 5, 2024
September 28, 2024
September 28, 2024
October 6, 2023
July 20, 2023
June 6, 2023
April 26, 2023
March 27, 2023
March 27, 2023
October 3, 2022

കോടിയേരിയുടെ സംസ്കാരം നാളെ പയ്യാമ്പലത്ത് : പൂർണ ഔദ്യോഗിക ബഹുമതികളോടെ

Janayugom Webdesk
തലശേരി
October 2, 2022 9:27 pm

അന്തരിച്ച സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം നാളെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പയ്യാമ്പലത്ത് സംസ്കരിക്കും. ചെന്നൈയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ ഇന്ന് ഉച്ചയോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. അവിടെനിന്ന് വിലാപയാത്രയായി തലശേരിയിലേക്ക് കൊണ്ടുവന്നു. ആയിരങ്ങളാണ് ജനനായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ രാത്രിയിലും എത്തിക്കൊണ്ടിരിക്കുന്നത്.
മട്ടന്നൂരില്‍ നിന്ന് തലശേരിയിലേക്കുള്ള വിലാപയാത്രക്കിടെ ടൗണിലും നെല്ലൂന്നി, ഉരുവച്ചാല്‍, നീര്‍വേലി, മൂന്നാംപീടിക, തൊക്കിലങ്ങാടി, കൂത്തുപറമ്പ്, പൂക്കോട്, കോട്ടയംപൊയില്‍ ആറാംമൈല്‍, വേറ്റുമ്മല്‍, കതിരൂര്‍, പൊന്ന്യം സ്രാമ്പി, ചുങ്കം എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് അന്ത്യാഭിവാദ്യം അര്‍പ്പിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു. വൈകീട്ട് മൂന്നരയോടെയാണ് തലശേരി ടൗണ്‍ഹാളില്‍ എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍, വിവിധ കക്ഷിനേതാക്കള്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ആയിരക്കണക്കിനാളുകളും തങ്ങളുടെ പ്രിയസഖാവിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു.
നാളെ രാവിലെ 10 മുതല്‍ മാടപ്പീടികയിലെ കോടിയേരിയുടെ വസതിയിലും 11 മുതല്‍ സിപിഐ (എം) കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകീട്ട് മൂന്നിനാണ് പയ്യാമ്പലത്ത് സംസ്കാരച്ചടങ്ങുകള്‍ നടക്കുക. പയ്യാമ്പലം കടപ്പുറത്തും പരിസരങ്ങളിലും സുരക്ഷാ സജീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ജില്ലാ ഭരണകൂടത്തിനും പൊലീസ് മേധാവിക്കും സംസ്ഥാന പൊതുഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ബിനോയ് വിശ്വം എം പി പങ്കെടുക്കും

വെളിയം ഭാര്‍ഗവന്‍ നഗര്‍(തിരുവനന്തപുരം): കഴിഞ്ഞ ദിവസം അന്തരിച്ച സിപിഐ(എം) മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സംസ്കാരച്ചടങ്ങില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി പങ്കെടുക്കും.
സംസ്ഥാന സമ്മേളനം നടക്കുന്നതിനാല്‍ ദേശീയ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് സംസ്കാരച്ചടങ്ങിനെത്താവാത്ത അവസ്ഥയുണ്ടായതോടെയാണ് സംസ്ഥാന സമ്മേളനത്തിന്റെ തീരുമാനപ്രകാരം ബിനോയ് വിശ്വം എംപിയെ നിയോഗിച്ചത്. സംസ്ഥാന സമ്മേളന പ്രതിനിധികളെ അഭിവാദ്യം ചെയ്തശേഷം പുറപ്പെട്ട ബിനോയ് വിശ്വം ഇന്ന് വൈകുന്നേരത്തോടെ തലശേരിയില്‍ എത്തി അന്ത്യോപചാരമര്‍പ്പിച്ചു. നാളെ സംസ്കാരച്ചടങ്ങില്‍ അദ്ദേഹം പൂര്‍ണസമയവും പങ്കെടുക്കും. വടക്കന്‍ ജില്ലകളിലെ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കോടിയേരിയുടെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുശോചനം അറിയിക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ്ബാബുവും സത്യന്‍ മൊകേരിയും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായ കെ പി രാജേന്ദ്രനും അറിയിച്ചു.
കോടിയേരിയോടുള്ള ആദരസൂചകമായി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്താനിരുന്ന ‘ഗാന്ധിജിയും ഇന്നത്തെ ഇന്ത്യയും‘എന്ന സെമിനാറും കെപിഎസിയുടെ നാടകവും ഒഴിവാക്കിയിരുന്നു.
സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ ഉള്‍പ്പെടെയുള്ള നേതാക്കള്‍ എകെജി സെന്ററിലെത്തി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു. കോടിയേരിയുടെ ഛായാചിത്രത്തിന് മുന്നില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി.
മന്ത്രിമാരായ ജി ആര്‍ അനില്‍, പി പ്രസാദ്, കെ രാജന്‍, ജെ ചിഞ്ചുറാണി എന്നിവരും അനുശോചനമറിയിച്ച് എകെജി സെന്ററിലേക്കെത്തി. രാവിലെ മുതല്‍ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളുമുള്‍പ്പെടെ നിരവധി പേരാണ് കോടിയേരിക്ക് ആദരാ‍ഞ്ജലികള്‍ അര്‍പ്പിക്കാനായി സിപിഐ(എം) സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ചേര്‍ന്നത്.

Eng­lish sum­ma­ry; Kodiy­er­i’s cre­ma­tion tomor­row at Payyambalam

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.