
കൊൽക്കത്തയിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്ന് പ്രതികളുടെ കസ്റ്റഡി കാലാവധി ജൂലൈ 8 വരെ നീട്ടി. ജില്ലാ കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടിയത്. കോളജിലെ പൂർവ വിദ്യാർത്ഥി മോണോജിത് മിശ്ര, നിലവിലെ രണ്ട് വിദ്യാർത്ഥികളായ സൈബ് അഹമ്മദ്, പ്രമിത് മുഖർജി എന്നിവരാണ് പ്രതികൾ.
മൂവരെയും കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയും അടുത്ത ദിവസം തന്നെ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു. കോടതി നാല് ദിവസത്തേക്കാണ് ഇവരെ കസ്റ്റഡിയിൽ വിട്ടിരുന്നത്. എന്നാൽ തിങ്കളാഴ്ച അലിപൂർ കോടതിയിൽ ഹാജരാക്കിയ ഇവരുടെ കസ്റ്റഡി കാലാവധി ജൂലൈ 8 വരെ നീട്ടുകയായിരുന്നു.
കോളജിലെ സുരക്ഷാ ജീവനക്കാരൻ പിനാകി മുഖർജിയെയും കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റ് ചെയ്യുകയും ചൊവ്വാഴ്ച വരെ പൊലീസ് കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. ഇയാളുടെ കസ്റ്റഡി കാലാവധി ജൂലൈ നാല് വരെ നീട്ടിയിട്ടുണ്ട്.
പ്രതിഭാഗം അഭിഭാഷകർ, മൂന്ന് പ്രതികളും ജാമ്യത്തിന് അപേക്ഷിച്ചിട്ടില്ലെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുന്നുണ്ടെന്നും കോടതിയിൽ പറഞ്ഞു. കുറ്റം തെളിയിക്കപ്പെടുന്നതിന് മുൻപ് ഒരു മാധ്യമ വിചാരണയും ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും അഭിഭാഷകർ കോടതിയോട് അഭ്യർത്ഥിച്ചു.
പ്രതികളെ ചോദ്യം ചെയ്യാൻ കൂടുതൽ സമയം വേണമെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെയും അന്വേഷണ ഉദ്യോഗസ്ഥൻറെയും അഭ്യർത്ഥന പ്രകാരമാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
അതേസമയം സെക്യൂരിറ്റി ജീവനക്കാരൻറെ അഭിഭാഷകൻ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷിച്ചു. പ്രതിക്ക് മുൻകാല ക്രിമിനൽ റെക്കോഡുകളില്ലെന്നും കുറ്റകൃത്യം നടന്ന ദിവസം അയാൾ ജോലിസ്ഥലത്ത് നിന്നും പോയിട്ടില്ലെന്നും വാദിച്ചു.
സെക്യൂരിറ്റി ഗാർഡിന് തുച്ഛമായ വരുമാനം മാത്രമാണുള്ളതെന്നും ബലാത്സംഗത്തിൽ യാതൊരു പങ്കുമില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
എന്നാൽ കോടതി ഹർജി തള്ളിയ കോടതി സെക്യൂരിറ്റി ഗാർഡിൻറെ കസ്റ്റഡി കാലാവധി നീട്ടുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.