
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതിയുടെയും ‘കില’യുടെയും സഹകരണത്തോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ നടപ്പാക്കിയ ‘ദി സിറ്റിസൺ ക്യാമ്പയിൻ’ വിജയത്തിലേക്ക്. സമ്പൂർണ ഭരണഘടനാ സാക്ഷരത ജില്ലയാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുസമൂഹം ഉൾപ്പെടെയുള്ളവർ ഒത്തൊരുമിച്ച് പ്രവർത്തിച്ചപ്പോൾ കൊല്ലത്തിന് സ്വന്തമായത് ഇന്ത്യയിലെ തന്നെ ആദ്യ സ്ഥാനം. ജില്ലയിലെ 90 ശതമാനം പേരും ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെക്കുറിച്ചും പൗരന്റെ അവകാശങ്ങളെക്കുറിച്ചും ചുമതലകളെക്കുറിച്ചും അറിവ് നേടിയതിലൂടെ രാജ്യത്തെ ആദ്യ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി മാറുകയാണ് കൊല്ലം.
ജില്ലാ പഞ്ചായത്ത് ഇത്തരമൊരു ആശയം മുന്നോട്ട് വച്ചപ്പോൾ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ ക്യാമ്പയിൻ ഏറ്റെടുക്കുകയായിരുന്നു. 2022 ഏപ്രിൽ 26ന് മന്ത്രി കെ എൻ ബാലഗോപാലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തെരഞ്ഞെടുത്ത 2000 ത്തോളം സെനറ്റർമാർക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും അവർ ജില്ലയിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും നേരിട്ടെത്തി പൊതുജനങ്ങൾക്ക് ക്ലാസുകൾ നൽകുകയും ചെയ്തു.
ആശാ പ്രവർത്തകർ, സാക്ഷരതാ പ്രേരക്‌മാർ, നിയമവിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, സാമൂഹിക സാംസ്കാരിക സംഘടനകൾ തുടങ്ങിയവയും ക്യാമ്പയിനിൽ പങ്കാളികളായി. വീടുകള്‍, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്യുകയും കില തയാറാക്കിയ ഭരണഘടന കൈപ്പുസ്തകം വിതരണം ചെയ്യുകയും എല്ലാ സ്കൂളുകളിലും ഭരണഘടനയുടെ ആർട്ടിക്കിൾ 14 പഠിപ്പിക്കുകയും ചെയ്തു.
എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും പദ്ധതി പൂർത്തീകരിച്ച ശേഷം മോണിറ്ററിങ് സെൽ നടത്തുന്ന ഭൗതിക പരിശോധനയുടെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ, ജില്ലാ ആസൂത്രണ സമിതി അധ്യക്ഷൻ, കില ഡയറക്ടർ ജനറൽ എന്നിവർ ഒപ്പുവച്ച പൂർത്തീകരണ സാക്ഷ്യപത്രം ലഭ്യമാക്കിയ ശേഷം എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളും ഭരണഘടനാ സാക്ഷരത കൈവരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.
സെനറ്റർമാർ നൽകിയ ക്ലാസുകളുടെ അടിസ്ഥാനത്തിൽ ഭരണഘടന സംബന്ധിച്ച പ്രത്യേക ചോദ്യാവലി തയ്യാറാക്കി ഉത്തരങ്ങൾ പൂരിപ്പിച്ചു വാങ്ങുകയും ഇത്തരത്തിൽ വ്യക്തികൾ ഭരണഘടന സാക്ഷരത കൈവരിച്ചുവെന്ന് ഉറപ്പുവരുത്തിയുമാണ് ദി സിറ്റിസൺ ക്യാമ്പയിൻ പൂർത്തിയാവുന്നത്. ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, നഗരസഭകൾ എന്നിവരുടെ നേതൃത്വത്തിൽ ഏകദേശം എട്ടു ലക്ഷത്തോളം ഭരണഘടനാ കൈപുസ്തകങ്ങളാണ് പ്രസിദ്ധീകരിച്ച് വിതരണം ചെയ്തത്. ഇത്തരത്തിൽ കൊല്ലത്തിനെ മാതൃകയാക്കി വയനാട് ജില്ലാ പഞ്ചായത്തും പത്തനംതിട്ട നഗരസഭയും ഭരണഘടനാ സാക്ഷരതാ യജ്ഞത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
ഇവർ മുന്നിൽ
ദി സിറ്റിസൺ ക്യാമ്പയിന്റെ ഭാഗമായി തെന്മല ഗ്രാമപഞ്ചായത്തിലെ ഒറ്റക്കൽ വാർഡാണ് ആദ്യം ഭരണഘടനാ സാക്ഷരത നേടിയത്. നഗരസഭാതലത്തിൽ കൊട്ടാരക്കര മുനിസിപ്പാലിറ്റിയിലെ പടിഞ്ഞാറ്റിൻകര ഡിവിഷനും കോർപറേഷൻ തലത്തിൽ കുരീപ്പുഴ ആറാം ഡിവിഷനും ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ ചവറ ബ്ലോക്കും ഭരണഘടനാ സാക്ഷരതയിൽ ആദ്യസ്ഥാനത്തെത്തി. മാതൃകാപരമായ പ്രവർത്തനം നടത്തിയതിൽ ചിതറ പഞ്ചായത്താണ് മുന്നിൽ.
ഭരണഘടനാ കൈപുസ്തകം നൽകിയ ശേഷം സെനറ്റർമാർ ക്ലാസുകൾ നൽകി ഭരണഘടന സംബന്ധിച്ച ചോദ്യാവലി തയ്യാറാക്കി 12,000 കുടുംബങ്ങളിൽ നിന്നും ആദ്യഘട്ട പരീക്ഷ നടത്തി. തുടർന്ന് തെരഞ്ഞെടുത്ത 1000 പേർക്ക് രണ്ടാംഘട്ട പരീക്ഷ നടത്തുകയും അതിൽ നിന്നും വിജയിച്ച 100 പേർക്ക് ചിതറ പഞ്ചായത്ത് പുരസ്കാരങ്ങൾ നൽകുകയും ചെയ്താണ് മാതൃക കാട്ടിയത്.
പ്രഖ്യാപനം 14ന്
14ന് രാവിലെ 10ന് സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലത്തിനെ സമ്പൂർണ ഭരണഘടനാ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കും. ജില്ലയിലെ മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, നിയമവിദഗ്ദ്ധർ, സന്നദ്ധ പ്രവർത്തകർ, രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകർ, സെനറ്റർമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയേൽ, വൈസ് പ്രസിഡന്റ് അഡ്വ. സുമലാൽ, സെക്രട്ടറി ബിനുൻ വാഹിദ്, ജില്ലാ പ്ലാനിങ് ഓഫീസർ പി ജെ ആമിന എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
English Summary; Kollam as an example for the country; Complete constitutional literacy
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.